ADVERTISEMENT

ന്യൂഡൽഹി ∙ പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്ങിന്റെ ഭാര്യയും പട്യാലയിൽനിന്നുള്ള കോൺഗ്രസ് എംപിയുമായ പ്രണീത് കൗർ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. 2022ൽ അമരിന്ദർ സിങ് ബിജെപിയിൽ ചേർന്നിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രണീത് കൗറിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇത്തവണ പട്യാലയിൽനിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്നാണു വിവരം. പാർട്ടി അംഗത്വം സീകരിച്ചതിനു പിന്നാലെ, പൊതുപ്രവർത്തന രംഗത്ത് താൻ സജീവമായി തുടരുമെന്ന് അവർ വ്യക്തമാക്കി.

Read Also: സുഖ്ബിർ സന്ധുവും ഗ്യാനേഷ് കുമാറും പുതിയ തിര‍ഞ്ഞെടുപ്പ് കമ്മിഷണർമാരായേക്കും

‘‘ഇന്ന് ഞാൻ ബിജെപിയിൽ ചേർന്നു. കഴിഞ്ഞ 25 വർഷമായി ലോക്സഭയിലും നിയമസഭയിലും പഞ്ചാബിനും രാജ്യത്തിനുമായി പ്രവർത്തിച്ചു. ബിജെപിക്കൊപ്പം കൂടുതൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി മോദിക്കും പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കും നന്ദി അറിയിക്കുന്നു’’ – പ്രണീത് കൗർ പറഞ്ഞു. സ്ഥാനാർഥിത്വം സംബന്ധിച്ച വിഷയത്തിൽ പാർട്ടി അന്തിമ തീരുമാനം സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, പഞ്ചാബിൽ ‘ഇന്ത്യ’ മുന്നണിയിലെ കക്ഷികളായ കോൺഗ്രസും എഎപിയും നേർക്കുനേർ ഏറ്റുമുട്ടും. സംസ്ഥാനത്ത് ആകെയുള്ള 13 മണ്ഡലങ്ങളിൽ ഏഴിടത്താണ് കോൺഗ്രസ് എംപിമാരുള്ളത്. മൂന്നിടത്ത് അകാലിദളും രണ്ടു സീറ്റുകളിൽ ബിജെപി എംപിമാരുമാണുള്ളത്. ഒരിടത്തു മാത്രമാണ് എഎപിക്ക് സിറ്റിങ് എംപിയുള്ളത്. ബിജെപി – അകാലിദൾ സഖ്യ ചർച്ചകൾ സജീവമായി തുടരുകയാണ്. പ്രണീത് കൗർ മറുകണ്ടം ചാടിയതോടെ പട്യാലയിലെ പോരാട്ടം കോൺഗ്രസിന് കടുപ്പമേറിയതാകും.

English Summary:

Former Punjab CM's Wife, Suspended Congress MP Preneet Kaur Joins BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com