ADVERTISEMENT

എംപിയും എംഎൽഎയുമായുള്ള പോരാട്ടത്തിനു കളമൊരുങ്ങുകയാണ് കൊല്ലത്ത്. ഹാട്രിക് വിജയം തേടിയിറങ്ങുന്ന എൻ.കെ.പ്രേമചന്ദ്രൻ എംപിയും താരപ്പൊലിമയോടെ ലോക്‌സഭയിലെ കന്നിപ്പോരാട്ടത്തിനിറങ്ങുന്ന നടനും എംഎൽഎയുമായ എം.മുകേഷുമായുള്ള വാശിയേറിയ മൽസരമാണ് കൊല്ലം മണ്ഡലം കാത്തിരിക്കുന്നത്. മുഖവുരകൾ ആവശ്യമില്ലാത്ത മുകേഷ് ഇടതു കോട്ടയുടെ പ്രതീക്ഷ കാക്കുമോ? മനോരമ ഓൺലൈനോട് തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് എം.മുകേഷ്.

∙ വികസനത്തെപ്പറ്റിയുള്ള ചർച്ച തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ?

വികസന പ്രവർത്തനങ്ങൾ ഒരു സർക്കാരിന്റെ മുഖമുദ്രയാണ്. ഏതു സർക്കാർ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കിയാലും ജനങ്ങൾ അതിന്റെ സ്നേഹവും സന്തോഷവും മറുപടിയായി നൽകും. മുൻകാലങ്ങളെക്കാൾ ഇക്കാര്യങ്ങൾ ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. എന്തു നടന്നു? ഇനിയെന്ത് നടക്കും? ഇക്കാര്യങ്ങളെല്ലാം വളരെ കൃത്യമായി ചിന്തിച്ച് മനസ്സിലാക്കി മുന്നോട്ടു പോകുന്നവരാണ് കേരളത്തിലെ ജനങ്ങൾ.

∙ സിപിഎമ്മിന്റെ കോട്ടയായാണ് കൊല്ലം അറിയപ്പെടുന്നത്. അത് കൊല്ലത്തെ മത്സരത്തിൽ ഗുണകരമാകുമോ?

കൊല്ലം ജില്ലയിലാകമാനം ഏറെ വേരോട്ടമുള്ള പാർട്ടിയാണ് സിപിഎം. ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിൽ ഒമ്പതിടത്തും എൽഡിഎഫ് തന്നെയാണ്. ജില്ലയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ മുൻനിർത്തി, തിരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് അനുകൂലമായിത്തന്നെ വരുമെന്നാണ് പ്രതീക്ഷ.

∙ കൊല്ലം പോർട്ട് നോൺ മേജർ തുറമുഖമാക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. തീരദേശ വോട്ടുകളെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്താണ്?

തീരദേശ വോട്ടുകൾ സ്വാധീനം ചെലുത്തുന്ന മണ്ഡലമാണ് കൊല്ലം. ഇവിടെ കുറെ ഭാഗങ്ങൾ എൽഡിഎഫിന് കഴിഞ്ഞ തവണ അനുകൂലമായിരുന്നു. മറ്റു ചില ഭാഗങ്ങൾ പ്രതികൂലവും. ആരെങ്കിലും പറയുന്നതെല്ലാം വിശ്വസിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു തീരദേശത്തിന്. ആദ്യം വന്ന് ആരു പറയുന്നു, അവരുടെ കൂടെയുള്ളവർ എന്തു പറയുന്നു, അത്തരക്കാരെ വിശ്വസിക്കുന്ന ഒരു കാലം. ഇപ്പോൾ അതൊക്കെ മാറി. ഇന്ന് തീരദേശ ജനതയും കാര്യങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു അവരുടെ ഒപ്പം നിന്ന്, അവർക്ക് ആവശ്യമുള്ള വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതാരെന്ന ധാരണ അവർക്കുണ്ട്.

Read Also: ‘വിശ്വാസത്തെ ചോദ്യം ചെയ്യില്ല; സുരേഷ് ഗോപിയുടെ കിരീട സമര്‍പ്പണത്തെ രാഷ്ട്രീയമായി കാണുന്നില്ല’

തൊഴിൽപരമായും വിദ്യാഭ്യാസപരമായും സ്വയം പര്യാപ്തത ആർജ്ജിച്ച ഒരു സമൂഹമാണ് ഇന്ന് തീരദേശങ്ങളിൽ ഉള്ളത്. 541 പട്ടയങ്ങളാണ് തീരദേശത്ത് വിതരണം ചെയ്തത്. തലമുറകളായി, സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാതെ പ്രതീക്ഷയറ്റ തീരദേശത്തെ ജനങ്ങൾക്കാണ് സർക്കാരിന്റെ ഇച്ഛാശക്തിയിലും എന്റെ പരിശ്രമത്തിലും പട്ടയങ്ങൾ ലഭ്യമാക്കിയത്. ഇത്തരത്തിൽ ജില്ലയിൽത്തന്നെ മൂന്നു തവണ പട്ടയ മേള നടന്നു. സ്വന്തമായി ഭൂമി ലഭിച്ചവരുടെ മുഖങ്ങളിൽ കണ്ട സന്തോഷമാണ് ഞങ്ങളുടെ പ്രതീക്ഷ.



ഇടതുമുന്നണി സ്ഥാനാർഥി എം.മുകേഷ് ഉമയനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സന്ദർശിച്ചപ്പോൾ
ഇടതുമുന്നണി സ്ഥാനാർഥി എം.മുകേഷ് ഉമയനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സന്ദർശിച്ചപ്പോൾ

∙ കശുവണ്ടി മേഖലയിലേതടക്കം തൊഴിലാളി വിഭാഗം ഏറെയുള്ള മണ്ഡലമാണ് കൊല്ലം. ജയപരാജയങ്ങൾ തീരുമാനിക്കുന്നതിൽ ഏറെ സ്വാധീനം ചെലുത്തുന്ന ഈ വോട്ടുകൾ എൽഡിഎഫിന് അനുകൂലമാകുമോ?

ജില്ലയിൽ നടപ്പിലാക്കിയ വികസനത്തിന്റെ നേർക്കാഴ്ചകൾ അവർക്കു മുന്നിലുണ്ട്. തൊഴിലാളി വിഭാഗത്തിന്റെ ഉന്നമനത്തിന് ഇടത് സർക്കാർ നടപ്പിലാക്കിയ പദ്ധതികളുടെ ഗുണഭോക്താക്കളാണ് ജില്ലയിലെ തൊഴിലാളി സമൂഹം. സാധാരണക്കാരുടെ, വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കിയ സർക്കാരാണ് നമ്മുടേത്.  ഒരു തുണ്ട് ഭൂമിയെന്ന, കാലങ്ങളായുള്ള പ്രതീക്ഷ പൂർത്തിയാക്കി പട്ടയം നൽകിയവരാണ് ഞങ്ങൾ. വീട് കിട്ടുമ്പോഴും പട്ടയം കിട്ടുമ്പോഴുമാണ് മലയാളിയുടെ മുഖം വികസിക്കുന്നതും കണ്ണ് തിളങ്ങുന്നതും. വികസന സ്വപ്നങ്ങൾക്കൊപ്പം നിൽക്കുന്ന  സാധാരണ ജനങ്ങളിലാണ് ഞങ്ങളുടെ പ്രതീക്ഷ.

എൻ.കെ. പ്രേമചന്ദ്രൻ, എം.മുകേഷ്
എൻ.കെ. പ്രേമചന്ദ്രൻ, എം.മുകേഷ്

∙ ലോക്‌സഭയിലെ കന്നിയങ്കമാണ്. പ്രതീക്ഷകൾ എന്തെല്ലാമാണ്?

അത് ചെയ്യും, ഇത് ചെയ്യും എന്നൊക്കെയുള്ളത് ഏറ്റവും ക്ലീഷേ ആയിട്ടുള്ള മറുപടിയാണ്. കൊല്ലത്തിന് എന്താണ് വേണ്ടത്? മുൻഗണന എന്തിനാണ്? അത് ആദ്യം ചെയ്യുമെന്നാണ് എന്റെ വാക്ക്. എംഎൽഎ ആയപ്പോൾ, സിനിമാനടനായ ഇയാൾ എന്തു ചെയ്യും എന്ന് ചോദിച്ചവരുണ്ട്. ഇപ്പോൾ ആർക്കും അതിനെക്കുറിച്ച് ഒന്നും പറയാനില്ല. 1748 കോടി രൂപ കൊല്ലം മണ്ഡലത്തിലേക്ക് മാത്രം കൊണ്ടുവന്നത് തൊട്ടു കാണിക്കാമെന്ന് ഞാൻ വെല്ലുവിളിച്ചപ്പോൾ ആരും വന്നില്ല. തിരഞ്ഞെടുക്കപ്പെട്ടാൽ നമുക്ക് ആവശ്യമുള്ളത് ചോദിച്ചു നേടിയെടുക്കാൻ തന്നെയാണ് നമ്മളും പോകുന്നത്.

ഇപ്പോഴുള്ള പലരുടെയും ചോദ്യം, ഇയാൾ ഡൽഹിയിൽ പോയി എന്ത് കാണിക്കാനാണെന്നാണ്. അതിനു മറുപടി ഒന്നേയുള്ളൂ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും പോയിട്ടുള്ള ആളാണ് ഞാൻ. എന്റെ വാക്ചാതുര്യത്തിലൂടെ അവിടെയുള്ളവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിട്ടുള്ള വ്യക്തിയാണ് ഞാൻ. ഡൽഹിയിൽനിന്ന് എനിക്കു കാര്യങ്ങൾ സാധിക്കാൻ പറ്റും എന്നാണ് എന്റെ കോൺഫിഡൻസ്.

∙ കേരളത്തിൽ ബിജെപി രണ്ടക്ക സീറ്റ് നേടുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

മത്സരിക്കുന്നവർക്കെല്ലാം വിജയപ്രതീക്ഷ 100% ആണ്. പ്രധാനമന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ പ്രതീക്ഷയാണ്. ഇങ്ങനെയൊരു തിരഞ്ഞെടുപ്പു പരീക്ഷണം വേണമായിരുന്നോ എന്ന് പലരും എന്നോട് ചോദിച്ചിരുന്നു. നാടിന് നൽകിയ നേട്ടങ്ങളിൽ വിശ്വാസമർപ്പിച്ചാണ് മത്സരത്തിനിറങ്ങിയത്. ജനങ്ങൾ ഒപ്പമുണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com