ADVERTISEMENT

തിരുവനന്തപുരം∙ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്നു വിജിലൻസ്. അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുന്ന ആരോപണങ്ങളല്ല പരാതിയിലുള്ളതെന്നും കേസിന്റെ വിശദാംശങ്ങൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. 

Read Also: ഇനി സിപിഎമ്മിലേക്കില്ല, ആ വാതിൽ അടഞ്ഞു കിടക്കട്ടെ; ഉപദ്രവിച്ചാൽ മറ്റു വഴി തേടേണ്ടി വരും: എസ്.രാജേന്ദ്രൻ

‘‘ അഴിമതി നിരോധന നിയമത്തിലെ ഒരു വകുപ്പുപോലും നിലനിൽക്കുവാൻ പ്രാപ്തമായ ഒരു തെളിവ് പോലും ഹർജിയിൽ ഇല്ല. സമാനരീതിയിലുള്ള പരാതി ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്’’– വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഹർജിയിൽ കോടതി വിശദമായ വാദം മാർച്ച് 27 ന് കേൾക്കും. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഫെബ്രുവരി 29 നാണു മാത്യു കുഴൽനാടൻ എംഎൽഎ ഹർജി സമർപ്പിച്ചത്. കേസെടുക്കാൻ വിജിലൻസ് തയാറാകുന്നില്ല, കോടതി ഇടപെട്ട് കേസ് എടുപ്പിക്കണം എന്നാവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിജിലൻസിനോട് വിഷയത്തിൽ വിശദമായ റിപ്പോർട്ട് തേടിയിരുന്നു. അതിന്റെ അിടസ്ഥാനത്തിലാണ് വിജിലൻസ് ഇന്ന് റിപ്പോർട്ട് സമർപ്പിച്ചത്. പിണറായി വിജയനും മകള്‍ വീണയും അടക്കം ഏഴു പേരാണ് കേസിലെ എതിർകക്ഷികൾ.

തൃക്കുന്നപുഴയിലും ആറാട്ടുപുഴയിലും ധാതുമണല്‍ ഖനനത്തിനായി സിഎംആർഎൽ എം‍ഡി ശശിധരൻ കര്‍ത്ത സ്ഥലം വാങ്ങിയെങ്കിലും 2004 ലെ സംസ്ഥാന ഉത്തരവും കേന്ദ്രനിയമങ്ങളും എതിരായതിനാല്‍ ഖനനാനുമതി ലഭിച്ചില്ല. കേരള ഭൂവിനിമയ ചട്ട പ്രകാരം പ്രസ്തുത ഭൂമിക്ക് ഇളവ് ലഭ്യമാക്കാനുളള കര്‍ത്തയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ സിഎംആര്‍എല്ലുമായി കരാറില്‍ ഏര്‍പ്പെടുന്നത്. ഇതിനുശേഷം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു റവന്യു വകുപ്പിനോട് കര്‍ത്തയുടെ അപേക്ഷയില്‍ പുനപരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചതായി ഹര്‍ജിക്കാരന്‍ ആരോപിച്ചു.

2018 ലെ വെളളപ്പൊക്കത്തിന്റെ കാലത്ത് കുട്ടനാട്ടിലെ ജനങ്ങളെ സംരക്ഷിക്കാന്‍ എന്ന പേരില്‍ തോട്ടപ്പളളി സ്പില്‍വേയുടെ അഴിമുഖത്ത് നിന്ന് ഏകദേശം 2000 കോടി രൂപ വിലയുളള ദശലക്ഷക്കണക്കിന് ഇല്‍മനൈറ്റും, 85,000 ടണ്‍ റൂട്ടൈലും ഖനനം ചെയ്തു. സര്‍ക്കാര്‍ അധീനതയിലുളള കെഎംഎംഎല്ലിനാണ് ഖനനാനുമതി എങ്കിലും കെഎംഎംഎല്ലില്‍ നിന്നു ക്യൂബിക്കിന് വെറും 464 രൂപ നിരക്കില്‍ സിഎംആര്‍എല്‍ ഇവ സംഭരിക്കുന്നെന്നാണു ഹര്‍ജിയിലെ ആരോപണം. 

English Summary:

Vigilance says that case cannot be registered in the petition of Mathew Kuzhalnadan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com