ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിനു കളമൊരുങ്ങിക്കഴിഞ്ഞു. രാഷ്ട്രീയ പാർ‌ട്ടികളുടെ സ്ഥാനാർഥിപ്പട്ടികയിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യമില്ലെന്ന പരാതി ഇത്തവണയും ഉയരുന്നുണ്ട്. യുവാക്കൾ അവഗണിക്കപ്പെടുന്നുവെന്നു പരാതിയുയരുമ്പോൾത്തന്നെ, അനുഭവപരിചയമുള്ള മുതിർന്ന നേതാക്കളെ മാറ്റാനാവില്ലെന്ന് എതിർവാദവുമുയരുന്നുണ്ട്. സ്ഥാനാർഥിപ്പട്ടികയിലെ യുവപ്രാതിനിധ്യത്തെപ്പറ്റി ‘യുവത്വത്തിന് ഇതു പോരാ’ എന്ന പേരിൽ‌ മനോരമ ഓൺലൈൻ പ്രസിദ്ധീകരിക്കുന്ന പരമ്പരയിൽ ഇത്തവണ ചലച്ചിത്ര താരം അനുമോൾ, പ്രമുഖ സംരംഭകനും ഐഡി ഫ്രഷ് ഫുഡ് സിഇഒയുമായ പി.സി.മുസ്തഫ എന്നിവരുടെ പ്രതികരണം.

യുവനേതാക്കൾ തിരിച്ചറിയണം; ടിവി ചർച്ചയല്ല രാഷ്ട്രീയ പ്രവർത്തനം∙ അനുമോൾ (ചലച്ചിത്ര താരം) 

ഈ തിരഞ്ഞെടുപ്പിലെ യുവപ്രാതിനിധ്യം സംബന്ധിച്ച ചർച്ചകളെ രണ്ടു രീതിയിൽ വിലയിരുത്തേണ്ടതുണ്ട്. ആദ്യത്തേത്, പുതിയ തലമുറയെ വളർത്തിക്കൊണ്ടു വരികയെന്നത് വളരെ അത്യാവശ്യമാണെന്നു മാത്രമല്ല അതൊരു ഉത്തരവാദിത്തവും കൂടിയാണെന്ന പൊതുവായ കാര്യം. അങ്ങനെയുണ്ടാവുന്നില്ലെങ്കിൽ ഭാവിയിൽ നയിക്കാൻ നല്ലൊരു നേതാവോ അപ്‌ഡേറ്റഡും ഊർജസ്വലരുമായ നേതൃനിരയോ നമുക്കില്ലാതെയാകും. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോൾ, വിജയിക്കുകയെന്നത് എല്ലാ രാഷ്ട്രീയപാർട്ടികൾക്കും ഒരുപോലെ നിർണായകമാണ്. അതുകൊണ്ടുതന്നെ അവരവരുടെ കൂട്ടത്തില്‍ വിജയസാധ്യതയും ജനപിന്തുണയും ഏറ്റവും കൂടുതലുള്ള, ജനങ്ങൾക്കു പരിചയമുള്ള വ്യക്തികളെയാണ് എല്ലാ പാർട്ടികളും തിരഞ്ഞെടുത്തിട്ടുള്ളതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ യുവാക്കളുടെ പ്രാതിനിധ്യം ഈ തിരഞ്ഞെടുപ്പിൽ കുറഞ്ഞുപോയിട്ടുണ്ടാകാം.

Read Also: യുവാക്കൾക്ക് മാത്രം സീറ്റു നൽകിയാൽ പോരാ; കഴിവില്ലെങ്കിൽ സ്ഥാനത്തേക്ക് കൊണ്ടുവരരുത്: ഷമാ മുഹമ്മദ്

പുതിയ തലമുറയെ മുന്നോട്ടുകൊണ്ടുവരുന്നതു മുതിർന്ന നേതാക്കളുടെ ഉത്തരവാദിത്തമാണെങ്കിലും യുവാക്കളുടെ ഭാഗത്തുനിന്നും അതിനുവേണ്ടിയുള്ള ശ്രമങ്ങളുണ്ടാകണം. എല്ലാവരെയും അടച്ചാക്ഷേപിക്കുന്നതല്ല, എന്നാലും ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കുന്നതാണു രാഷ്ട്രീയപ്രവർത്തനം എന്ന് ചെറിയൊരു ശതമാനം യുവനേതാക്കളെങ്കിലും കരുതുന്നുണ്ട്. അതൊരു ട്രെൻഡായി വരുന്നുണ്ടോയെന്ന് പലപ്പോഴും എനിക്ക് തോന്നാറുണ്ട്. യുവാക്കൾ ജനങ്ങൾക്കൊപ്പം പ്രവർത്തിച്ച് അവരുടെ പൾസ് മനസ്സിലാക്കി വേണം വളരാൻ. അപ്പോഴാണ് വിനയവും ജനങ്ങൾക്കു വേണ്ടതെന്താണെന്നു മനസിലാക്കാൻ പ്രാപ്തിയുമുള്ള നേതാക്കളായി മാറാനാകുക. ചർച്ചകളിൽ പങ്കെടുത്തതുകൊണ്ടു മാത്രം നേതാവാകില്ല.

മുതിർന്ന നേതാവായാലും യുവാക്കളായാലും ‘ജനങ്ങൾക്കു വേണ്ടി’ എന്നതാകണം അവരുടെ ആത്യന്തിക ലക്ഷ്യം. മുതിർന്ന നേതാക്കളാണെങ്കിൽ പ്രവർത്തനപരിചയം കൊണ്ട് എല്ലാ കാര്യങ്ങളിലും വ്യക്തത വന്നിട്ടുണ്ടാകും. അത്തരമൊരു വ്യക്തത ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജനങ്ങളോട് കൂടുതൽ ഇടപഴകാനും പുതിയ കാര്യങ്ങളിൽ അപ്ഡേറ്റഡായിരിക്കാനും യുവാക്കൾ ശ്രദ്ധിക്കുമെന്നാണ് ഞാൻ കരുതുന്നത്. 

യുവാക്കളുടെ കാര്യത്തിലെന്ന പോലെ, സ്ത്രീപ്രാതിനിധ്യവും വളരെ കുറവാണെന്നതും എടുത്തുപറയണം. സ്ത്രീകൾക്കു സ്ഥാനങ്ങൾ കൊടുത്താൽ അവരതിന് പ്രാപ്തയല്ല എന്നൊരു ധാരണ നമ്മുടെ സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അവസരം നൽകിയാലും ജയസാധ്യത തീരെയില്ലാത്ത സീറ്റുകളിലേക്കാകും സ്ത്രീകളെ പരിഗണിക്കുക. അതല്ലെങ്കിൽ പിന്നെ കെ.കെ.ശൈലജയെയോ പി.കെ.ശ്രീമതിയെയോ പോലുള്ള ശക്തരായ നേതാക്കളായിരിക്കണം. നേരത്തേ രമ്യാ ഹരിദാസിന് ഒരു അവസരം കൊടുത്തപ്പോൾ ജയിച്ചുവന്ന് താൻ പ്രാപ്തയാണെന്ന് അവർ തെളിയിച്ചില്ലേ. അത്തരത്തിൽ സ്വയം തെളിയിക്കാനും മുന്നോട്ടുവരാനും യുവാക്കൾക്കും സ്ത്രീകൾക്കും അവസരങ്ങളുണ്ടാകണം. എങ്കിൽ മാത്രമേ അടുത്ത തലമുറയിൽ പ്രാപ്തിയുള്ള നേതാക്കളുണ്ടാകൂ.

രാജ്യം ഭരിക്കേണ്ടത് യുവാക്കൾ
∙ പി.സി.മുസ്തഫ (സിഇഒ, ഐഡി ഫ്രഷ് ഫുഡ്)

സ്വീഡൻ, സിംഗപ്പൂർ മുതലായ രാജ്യങ്ങളെ നോക്കിയാൽ, യുവാക്കളാണ് അവിടെയെല്ലാം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അതുകൊണ്ടാണ് ആ രാജ്യങ്ങൾക്കു ദീർഘകാലാടിസ്ഥാനത്തിൽ മികച്ച വളർച്ച സാധ്യമാകുന്നത്. കോർപറേറ്റ് മേഖല ഉദാഹരണമായെടുത്താൽ, ഒരു പ്രായം കഴിയുമ്പോഴേക്കും നമ്മുടെ ഉൽപാദനക്ഷമത കുറയും. എന്നാൽ രാഷ്ട്രീയത്തിലാണെങ്കിലോ, ഉൽപാദനക്ഷമത കുറയാൻ തുടങ്ങുന്ന, മറ്റ് ജോലികളിൽനിന്നാണെങ്കിൽ ആളുകൾ വിരമിക്കുന്ന പ്രായത്തിലാണ് പലരും ഗൗരവമായി രാഷ്ട്രീയത്തിലിറങ്ങാൻ വരുന്നത്. പുതിയ തലമുറയാണു രാഷ്ട്രീയത്തെ നയിക്കേണ്ടതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. രണ്ടു ഗുണങ്ങളാണ് അതുകൊണ്ടുള്ളത്. ഉൽപാദനക്ഷമത കൂടുമെന്നതാണ് ആദ്യത്തേത്. സുസ്ഥിരമായ വളർച്ച രണ്ടാമത്തേത്.

മുപ്പതോ മുപ്പത്തഞ്ചോ വയസ്സിൽ താഴെയുള്ള ഒരാൾ ജനപ്രതിനിധിയായാൽ, കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള ആദ്യത്തെ ഏതാനും വർഷങ്ങൾ കഴിഞ്ഞ് നാൽപതു വയസ്സ് ആകുന്നതിനു മുൻപേ തന്നെ അയാളുടെ ഏറ്റവും മെച്ചപ്പെട്ട പ്രകടനം രാജ്യത്തിനായി നൽകാനാകും. രാജ്യം ഭരിക്കുന്നതും നമ്മളെ നയിക്കുന്നതും ഏറ്റവും ഊർജസ്വലരായി നിൽക്കുന്ന യുവാക്കളായിരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ കമ്പനിയിലാണെങ്കിലും ഞങ്ങളെപ്പോഴും മുൻതൂക്കം നൽകുന്നത് യുവാക്കൾക്കാണ്. എന്നേക്കാൾ ചെറുപ്പമായ, എന്നേക്കാൾ നന്നായി ജോലി ചെയ്യാനാകുന്ന കുട്ടികളെയാണ് ഞങ്ങൾ തിരഞ്ഞെടുക്കുക. രാഷ്ട്രീയത്തിലും അങ്ങനെ തന്നെയാകണം. എന്നേക്കാൾ നന്നായി ജോലി ചെയ്യുന്ന വ്യക്തിയെ തിരഞ്ഞെടുത്തില്ലെങ്കിൽ ഞാനെങ്ങനെയാണ് പഠിക്കുക?

വ്യവസായസൗഹൃദമല്ല എന്നൊരു ചീത്തപ്പേര് നമ്മുടെ നാടിനുണ്ട്. അതിൽ കുറേയൊക്കെ ശരിയുണ്ട് താനും. പല കമ്പനികളും അത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പുതിയ മാറ്റങ്ങളെക്കുറിച്ച് അവഗാഹമുള്ള, അപ്ഡേറ്റഡായ യുവാക്കളുടെ പ്രാതിനിധ്യം നമ്മുടെ നിയമനിർമാണ സഭകളിൽ വർധിച്ചാൽ ഇതിനെല്ലാം പരിഹാരം കാണാനാകും.

English Summary:

Anumol and P C Mustafa speak about their views

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com