ADVERTISEMENT

പാറശാല∙ വഴിയരികിൽ ഗുരുതര പരുക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. വള്ളവിള പുതുവൽ പുത്തൻവീട്ടിൽ ഹനീഫയുടെ മകൻ അസീം (27) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലങ്കോട് മേടവിളാകം സ്വദേശി ഷമീർ (34), ഭാര്യ അടയ്ക്കാക്കുഴി മാങ്കുഴി ചെറുകോട് വീട്ടിൽ ജെനീഫ ആൽബർട്ട് (26) എന്നിവരെ പൊഴിയൂർ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. അസീമിനെ കൊലപ്പെടുത്തിയ ശേഷം അപകട മരണമാണെന്നു വരുത്തിത്തീർക്കാനായിരുന്നു ഇവരുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.

Read also: സുഹൃത്ത് ജെസ്‌നയെ ചതിച്ച് ദുരുപയോഗം ചെയ്തെന്ന് സംശയം; അമിതരക്തസ്രാവം ഉണ്ടായിരുന്നു: ഹർജിയിൽ പിതാവ്

ചെങ്കവിള ഒറ്റപ്പാവിള റോഡിൽ പനങ്കാലയ്ക്കു സമീപം വ്യാഴാഴ്ച രാത്രി 12.45നാണ് തലയ്ക്കു സാരമായി പരുക്കേറ്റ യുവാവിനെ വഴിയാത്രക്കാർ കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് പൊലീസ് ആശുപത്രിയിൽ എത്തിച്ചു. ആദ്യം പാറശാല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ അസീമിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റി. ഇന്നു രാവിലെ 11 മണിയോടെ അസിം മരണത്തിനു കീഴടങ്ങി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

മാങ്കുഴിയിലുള്ള സ്വന്തം വീട്ടിൽ താമസിക്കുന്ന ജെനീഫയും കൊല്ലങ്കോടുള്ള ഇറച്ചിക്കോഴി വിൽപന കേന്ദ്രത്തിൽ ജോലി ചെയ്യുന്ന അസീമും തമ്മിൽ ബന്ധം ഉണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി അവിചാരിതമായി ഭാര്യവീട്ടിൽ എത്തിയ ഷമീർ, അസീമിനെ കാണുകയും ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ചെയ്തു.

ഇതിനിടെ ഷമീർ അസീമിനെ പട്ടികകൊണ്ട് തലയ്ക്കടിച്ചു. അസീം മരിച്ചെന്ന് സംശയിച്ച് ജെനീഫയും ഷമീറും ചേർന്ന് സ്കൂട്ടറിന്റെ നടുക്ക് ഇരുത്തി ഇയാളെ പനങ്കാലയിലെ ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിച്ചു. യുവാവ് മരിച്ചതോടെ പൊഴിയൂർ പൊലീസ് തമിഴ്നാട് അതിർത്തിയിലുള്ള അസീമിന്റെ സുഹൃത്തുക്കളെ കണ്ടെത്തി ചോദ്യം ചെയ്തു.

ഇതോടെ അസീം ഇന്നലെ രാത്രി ജെനീഫയുടെ വീട്ടിൽ എത്തിയിരുന്നതായി വിവരം ലഭിച്ചു. ജെനീഫയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തെങ്കിലും ആദ്യം കുറ്റം നിഷേധിച്ചു. പിന്നീട് ഇവർ കുറ്റമേറ്റതായാണ് വിവരം. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷമീറിനെ പിടികൂടിയത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അസീമിന്റെ മാതാവ് ലത്തീഫ.

പൊഴിയൂർ എസ്എച്ച്ഒ ദീപു, ഗ്രേഡ് എസ്ഐമാരായ പ്രേം, ദീപക്, എഎസ്ഐ ജയലക്ഷ്മി, സിപിഒമാരായ ഷിബു, ദിപിൻ, ജിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടിയത്.

English Summary:

Parashala Couple Arrested for Alleged Murder of 27-Year-Old Aseem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com