ADVERTISEMENT

കോഴിക്കോട്∙ വയനാട് ലോക്സഭ സീറ്റില്‍ നുസ്റത്ത് ജഹാനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(എ). രാഹുല്‍ ഗാന്ധിക്കെതിരെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാന്‍ നാളിതുവരെ ബിജെപിക്ക് കഴിയാതെ വന്ന സാഹചര്യത്തിലാണ് ആര്‍പിഐ ദേശീയ നേതൃത്വം വയനാട്ടില്‍ നുസ്‍റത്ത് ജഹാനെ പ്രഖ്യാപിച്ചതെന്ന് ആര്‍പിഐ കേരള ഘടകം സംസ്ഥാന പ്രസിഡന്റ് പി.ആര്‍.സോംദേവ് പറഞ്ഞു.

Read also: വിശ്രമമില്ലാതെ മോദി, മാരത്തൺ പ്രചാരണം; ദക്ഷിണേന്ത്യയിൽ വോട്ടുറപ്പിക്കാൻ ബിജെപി

കഴിഞ്ഞ തവണ എന്‍ഡിഎ ഘടകകക്ഷിയാണ് വയനാട്ടില്‍ മത്സരിച്ചത്. എന്നാല്‍, ഇക്കുറി തുഷാര്‍ വെള്ളാപ്പള്ളി രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ തയാറായിരുന്നില്ല. ഇടത്, വലത് മുന്നണികള്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം കഴിഞ്ഞിട്ടും കേരളത്തിലെ ബിജെപി നേതൃത്വത്തിനു സ്വന്തം സ്ഥാനാർഥികളുടെ കാര്യത്തിലും ഘടകകക്ഷികളുടെ കാര്യത്തിലും തീരുമാനം വൈകുന്നത് ഖേദകരമാണന്നും പി.ആര്‍.സോംദേവ് വ്യക്തമാക്കി.

ദേശീയ തലത്തില്‍ എന്‍ഡിഎയെ സഖ്യത്തിലാണ് ആര്‍പിഐ. ഈ സാഹചര്യത്തിലാണു വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്ഥാനാർഥിയെ നിര്‍ത്തുന്നത്. ബിജെപി സ്ഥാപക നേതാവ് മുരളി മനോഹര്‍ ജോഷിയുടെ അനുഗ്രഹവും ആശീര്‍വാദവും സ്വീകരിച്ചാണ് ആര്‍പിഐ സ്ഥാനാർഥി നുസ്‌റത്ത് ജഹാന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനു തുടക്കം കുറിച്ചത്.

രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാകും നുസ്‌റത്ത് ജഹാന്റെ പോരാട്ടമെന്നും പി.ആര്‍.സോംദേവ് പറഞ്ഞു. കോഴിക്കോട് സ്വദേശിയും ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയയായ വനിതാ നേതാവുമായ നുസ്‌റത്ത് ജഹാനെ വയനാട്ടിലെ ജനങ്ങള്‍ പുന്തുണക്കുമെന്ന് പൂർണവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകത്തിന്റ സംസ്ഥാന പ്രസിഡന്റ് പി.ആര്‍.സോംദേവ് നേതൃത്വം നല്‍കും. ഇതിനായി 501 അംഗ കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്. രാഹുലിനെ അമേഠിയില്‍ സ്മൃതി ഇറാനി തോൽപിച്ചതു പോലെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ നുസ്റത്ത് ജഹാന്‍ പരാജയപ്പെടുത്തുമെന്നാണ് കേന്ദ്രമന്ത്രി കൂടിയായ ആര്‍പിഐ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ രാംദാസ് അഠാവ്‌ല വയനാട് പാര്‍ലമെന്റ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു കൊണ്ട് വിശദീകരിച്ചത്.

English Summary:

Republican Party of India (RPI) announced Nusrat Jahan as its candidate for the Wayanad Lok Sabha constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com