ADVERTISEMENT

കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യം കാണുന്ന രാഷ്ട്രീയ നാടകങ്ങൾ ഇന്ന്, ക്ലൈമാക്സിലേക്കു കടക്കുകയാണ്. ഇനി ഇന്ത്യയുടെ രാഷ്ട്രീയ പടനിലം ഒരുങ്ങുന്നത് വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടത്തിനാണ്. അഞ്ചു വർഷങ്ങൾക്കിപ്പുറം വീണ്ടും  രാജ്യം പോളിങ് ബൂത്തിലേക്ക് പോകാൻ തയാറെടുക്കുമ്പോൾ രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം ഏറെ മാറിയിരിക്കുന്നു. പത്തു വർഷമായി ഇന്ത്യയുടെ അധികാരകേന്ദ്രത്തിൽ ഇരിപ്പുറപ്പിച്ച ‘നരേന്ദ്ര മോദിയുടെ എൻഡിഎ’യെ നേരിടാൻ ഇത്തവണ കോൺഗ്രസ് പാർട്ടി ഒറ്റയ്ക്കല്ല. ബിജെപി വിരുദ്ധത ഉയർത്തി ഒരു ‘ഇന്ത്യ’ മുന്നണിതന്നെ രൂപപ്പെട്ടിരിക്കുന്നു. തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, എസ്പി, സിപിഎം,സിപിഐ തുടങ്ങിയ പ്രതിപക്ഷ നിരയിലെ പ്രമുഖ പാർട്ടികളെല്ലാം ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. സീറ്റ് വിഷയത്തിൽ ബംഗാളിലും പഞ്ചാബിലും അടക്കം തർക്കം നേരിട്ടപ്പോഴും, മുന്നണി രൂപീകരിക്കാൻ മുന്നിട്ടിറങ്ങിയ നിതീഷ് കുമാർ എതിർചേരിലിയേക്ക് ചേക്കേറിയപ്പോഴും,  രാജ്യത്തെ പത്തു വർഷത്തെ എൻഡിഎ ഭരണം അവസാനിപ്പിക്കണമെന്ന ചിന്തയിൽ ഒറ്റക്കെട്ടായാണ് മുന്നണി മുന്നോട്ടു പോകുന്നത്. ജി20 ഉച്ചകോടി, രാമക്ഷേത്രം, ഇലക്ടറൽ ബോണ്ട്, പുതിയ പാർലമെന്റ് മന്ദിരം, ഭാരത് ജോഡോ യാത്ര, നിയമസഭാ തിരഞ്ഞെടുപ്പുകൾ, വനിതാ സംവരണം, പൗരത്വ ഭേദഗതി, കർഷകസമരം... തിരഞ്ഞെടുപ്പിനെ ചൂടു പിടിപ്പിക്കാൻ സംഭവങ്ങൾ ഏറെയാണ്. രാജ്യം ആരു ഭരിക്കുമെന്ന് തീരുമാനിക്കാൻ 543 ലോക്സഭ മണ്ഡലങ്ങളിലേക്ക് ഏപ്രിൽ 19 മുതൽ ജൂൺ ഒന്നും വരെ ഏഴു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിലിലെ വേനൽച്ചൂടിൽ തുടങ്ങി ജൂണിൽ കാലവർഷാരംഭത്തിൽ അവസാനിക്കുന്ന മഹാമാമാങ്കം. 

∙ 2019ൽ സംഭവിച്ചത്...

2019 ൽ, ആകെയുള്ള 543 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 303 സീറ്റുകളും നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് ബിജെപി അധികാരത്തിലേറിയത്. 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കോൺഗ്രസിന് നേടാനായത് 52 സീറ്റുകൾ മാത്രം. എൻസിപി–5, തൃണമൂൽ കോൺഗ്രസ്–22, ബിജെഡി–12, ഡിഎംകെ–24, ജെഡി(യു)– 16, ബിഎസ്‌പി–10, സിപിഐ– 2, സിപിഎം– 3, എൽജെപി–6, ശിവസേന–18, എസ്‌പി–5, ടിഡിപി–3, ടിആർഎസ്–9, വൈഎസ്‌ആർസിപി–22, മറ്റുള്ളവർ–31 എന്നിങ്ങനെയായിരുന്നു മറ്റു പാർട്ടികളുടെ സീറ്റുനില. 

2014 ൽ 282 സീറ്റുകൾ നേടിയ ബിജെപി 2019 ൽ 21 സീറ്റുകളാണ് അധികം നേടിയത്. 2014 ൽ 336 സീറ്റുകളുമായാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സഖ്യം അധികാരത്തിൽ എത്തിയതെങ്കിൽ 2019ൽ അത് 354 ആയി ഉയർന്നു. യുപിഎ മുന്നണിക്ക് 2014ൽ 59 സീറ്റുകളാണ് ലഭിച്ചതെങ്കിൽ 2019 ൽ അത് 93 ആയി ഉയർന്നു. ഇത്തവണ ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകളും എൻഡിഎ സഖ്യം 400 സീറ്റുകളും നേടുമെന്നാണ് നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. 

∙ 7.2 കോടി വോട്ടർമാർ കൂടുതൽ

ഇക്കുറി 96.88 കോടി വോട്ടർമാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കാൻ തയാറെടുക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ 7.2 കോടി വോട്ടര്‍മാരാണു കൂടുതലുള്ളത്. 18-29 പ്രായപരിധിയിലുള്ള രണ്ടു കോടിയിലധികം പേരാണു പുതുതായി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആകെയുള്ള 96.88 കോടി വോട്ടര്‍മാരില്‍ കൂടുതല്‍ പുരുഷ വോട്ടര്‍മാരാണ്. 49.72 കോടി പുരുഷന്മാരും 47.15 കോടി വനിതാ വോട്ടര്‍മാരുമാണുള്ളത്. 18-19 വയസ്സിലുള്ള 1,84,81,610 വോട്ടര്‍മാരും 20-29 വയസ്സിലുള്ള 19,74,37,160 വോട്ടര്‍മാരുമുണ്ട്.

∙ അന്ന് കോൺഗ്രസിന് 400, ബിജെപിക്ക് 2

ഇന്ദിര ഗാന്ധിയുടെ മരണശേഷം 1984 ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 404 സീറ്റുകൾ നേടിയാണ് കോൺഗ്രസിന്റെ രാജീവ് ഗാന്ധി സർക്കാർ അധികാരത്തിലേറിയത്. 2014 തിരഞ്ഞെടുപ്പു വരെ അവസാനമായി ഒരു പാർട്ടി ഒറ്റയ്ക്ക്  ഭൂരിപക്ഷം നേടുന്നത് അന്നാണ്. കൂടാതെ, ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിൽ മുന്നണി കൂട്ടുകെട്ടുകൾ ഇല്ലാതെ ഒരു പാർട്ടി 400 ൽ അധികം സീറ്റുകൾ‌ നേടിയതും അന്നുമാത്രമാണ്. 1984ൽ 514 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 404 സീറ്റിലും തൊട്ടടുത്ത വർഷം പഞ്ചാബ്, അസം സംസ്ഥാനങ്ങളിലെ 27 മണ്ഡലങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ 10 സീറ്റുകളിലുമാണ് കോൺഗ്രസ് വിജയിച്ചത്. അന്ന് ബിജെപിക്ക് ലഭിച്ചതാകട്ടെ വെറും രണ്ടു സീറ്റുകളും. 

രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ 1989ൽ പോരിനിറങ്ങിയ കോൺഗ്രസിന് ഏറ്റവും വലിയ ഒറ്റകക്ഷി (197 സീറ്റ്) ആകാൻ സാധിച്ചെങ്കിലും ഭരണം പിടിക്കാനായില്ല. രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ജനതാദൾ (143 സീറ്റ്) ബിജെപിയുടെയും സിപിഎമ്മിന്റെയും സഹായത്തോടെ ഭരണത്തിലേറി. 1984 ൽ രണ്ടു സീറ്റുകളിൽ ഒതുങ്ങിയ ബിജെപി ’89ൽ നേടിയത് 85 സീറ്റുകളാണ്. സിപിഎം നേടിയതാകട്ടെ 33 സീറ്റുകളും. അവിടുന്നങ്ങോട്ട് ബിജെപിയുടെ ഗ്രാഫ് പതിയെപ്പതിയെ ഉയരുകയായിരുന്നു. 

16 മാസം മാത്രം ആയുസ്സുണ്ടായിരുന്ന വി.പി.സിങ് സർക്കാർ താഴെവീണതോടെ രാജ്യം വീണ്ടും പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചു. ആദ്യ ഘട്ട പോളിങ് നടന്ന 1991 മേയ് 20 ന്റെ പിറ്റേന്ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സ്ഥിതിഗതികൾ വീണ്ടു കലുഷിതമായി. അന്നത്തെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 244 സീറ്റുകൾ നേടി അധികാരത്തിലേറി. ബിജെപിക്ക് 120 സീറ്റുകളാണ് ലഭിച്ചത്. 1996ൽ നടന്ന തിരഞ്ഞെടുപ്പിൽ 161 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. കോൺഗ്രസിന് അന്നു ലഭിച്ചത് 140 സീറ്റുകളാണ്. 13 ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന സർക്കാരിനെ നയിച്ച അടൽ ബിഹാരി വാജ്പേയി ഇന്ത്യയിലെ ആദ്യ ബിജെപി പ്രധാനമന്ത്രിയുമായി. വാജ്പേയിക്കു ശേഷം ദേവെഗൗഡയും ഐ.കെ.ഗുജ്‌റാളും പ്രധാനമന്ത്രിമാരായി. 

1998 ൽ നടന്ന തിരഞ്ഞെടുപ്പിൽ 182 സീറ്റുമായി ബിജെപി വീണ്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോൺഗ്രസ് 141 സീറ്റുകളിൽ വിജയിച്ചു. തെലുങ്കു ദേശം പാർട്ടി (ടിഡിപി), അണ്ണാഡിഎംകെ എന്നീ പാർട്ടികളുടെ പിന്തുണയോടെ വാജ്പേയി സർക്കാർ വീണ്ടും അധികാരത്തിൽ വന്നെങ്കിലും 1999 ൽ അണ്ണാഡിഎംകെ പിന്തുണ പിൻവലിച്ചതോടെ സർക്കാർ വീണു. 

∙ 400 ൽനിന്ന് ‘ഇന്ത്യ’യിലേക്ക്!

1999 ൽ വീണ്ടുമെത്തിയ തിരഞ്ഞെടുപ്പിനെ ബിജെപി വളരെ ഗൗരവത്തോടെയാണ് സമീപിച്ചത്. 182 എന്ന ഒറ്റക്കക്ഷി ഭൂരിപക്ഷം പാർട്ടി നിലനിർത്തിയപ്പോൾ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി കേവല ഭൂരിപക്ഷത്തിനു വേണ്ട 272 സീറ്റുകൾ ഉറപ്പാക്കി. അങ്ങനെ വാജ്പേയിയുടെ നേതൃത്വത്തിൽ ഒരു മുഴുനീള സർക്കാരിനെ വർഷങ്ങൾക്കു ശേഷം രാജ്യത്തിനു ലഭിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു കോൺഗ്രസ് ഇതര പ്രധാനമന്ത്രി ആദ്യമായി അഞ്ചു വർഷ കാലാവധി പൂർത്തിയാക്കുന്നതും ഈ സർക്കാരിലൂടെയാണ്. അന്ന് കോൺഗ്രസിന് ലഭിച്ചത് അതുവരെയുണ്ടായിരുന്നതിൽ ഏറ്റവും കുറവ് സീറ്റാണ്–114

AB VAJPAYEE
AB VAJPAYEE

രാജ്യത്ത് പൂർണമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചു നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു 2004ലേത്. ഭരണ തലപ്പത്തേയ്ക്ക് യുപിഎ സഖ്യം തിരിച്ചുവരുന്നതിന് സാക്ഷ്യം വഹിച്ച തിരഞ്ഞെടുപ്പിൽ 145 സീറ്റുകളാണ് കോൺഗ്രസ് നേടിയത്.  മൻമോഹൻ സിങ്  പ്രധാനമന്ത്രിയായി. ബിജെപിക്ക് ലഭിച്ചതാകട്ടെ 138 സീറ്റുകളും. 2009 ലെ തിരഞ്ഞെടുപ്പിൽ യുപിഎ വിജയം തുടർന്നു. 1999 നു ശേഷം ഒരു പാർട്ടി ഒറ്റയ്ക്ക് 200ന് മുകളിൽ സീറ്റു നേടുന്നതും 2009 ൽ രാജ്യം കണ്ടു. കോൺഗ്രസിന്റെ 206 സീറ്റുകളുടെ ബലത്തിൽ യുപിഎ സർക്കാർ വീണ്ടും ഭരണസിരാകേന്ദ്രത്തിൽ ഇരിപ്പുറപ്പിച്ചപ്പോൾ മൻമോഹൻ സിങ് തന്നെ നയിക്കാനുമെത്തി. ജവാഹർലാൽ നെഹ്റുവിനു ശേഷം ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി അഞ്ചു വർഷ കാലാവധി പൂർത്തിയാക്കിയ ശേഷം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു എന്ന ഖ്യാതിയും ഇതിലൂടെ മൻമോഹൻ സിങ്ങിന് സ്വന്തം. അന്ന് ബിജെപിക്ക് ലഭിച്ചത് 116 സീറ്റുകളാണ്. 

New Delhi: Prime Minister Manmohan Singh addressing during the12th Pravasi Bharatiya Divas  in New Delhi on  Wednesday. PTI Photo by Kamal Singh (PTI1_8_2014_000036B)
ഡോ.മൻമോഹൻ സിങ് (PTI Photo)

കോൺഗ്രസിന്റെ പ്രതാപകാലത്തിന് വിരാമം ഇട്ടുകൊണ്ടായിരുന്നു പക്ഷേ 2014ൽ 282 സീറ്റുകളുമായി ബിജെപി നയിക്കുന്ന എൻഡിഎ രാജ്യത്തിന്റെ തലപ്പത്ത് എത്തിയത്. 336 സീറ്റുകളുടെ ഭൂരിപക്ഷമുള്ള എൻഡിഎയുടെ പ്രധാനമന്ത്രിയായത് നരേന്ദ്ര മോദിയും. ഔദ്യോഗിക പ്രതിപക്ഷമാകാൻ 55 സീറ്റുകൾ വേണമെന്നിരിക്കെ അന്ന് കോൺഗ്രസിന് ലഭിച്ചതാകട്ടെ വെറും 44 സീറ്റുകൾ.  

2014ന്റെ തുടർച്ച തന്നെയായിരുന്നു 2019ലും. നരേന്ദ്ര മോദി മുന്നിൽനിന്നു നയിച്ച തിരഞ്ഞെടുപ്പിൽ 303 സീറ്റുകളാണ് ബിജെപി ഒറ്റയ്ക്കു നേടിയത്. കോൺഗ്രസിനു ലഭിച്ചതാകട്ടെ 52 സീറ്റുകളും. 353 സീറ്റുകളുമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ വീണ്ടും അധികാരത്തിലേറി. 2024ൽ വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ ഒരുങ്ങുമ്പോൾ ബിജെപി ഒറ്റയ്ക്ക് 370 സീറ്റു നേടുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. കോൺഗ്രസ് ആകട്ടെ, പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യ മുന്നണിയുടെ ഭാഗമായി ശക്തമായ ചെറുത്തുനില്‍പ്പിനാണ് കളമൊരുക്കുന്നത്. യുപി ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും മുന്നണിയിലെ സഖ്യകക്ഷികള്‍ക്ക് കോൺഗ്രസ് സീറ്റുകൾ വിട്ടുകൊടുക്കുകയും ചെയ്തു.

രാഹുൽ ഗാന്ധി, നരേന്ദ്ര മോദി. Manorama Creative / PTI Photos
രാഹുൽ ഗാന്ധി, നരേന്ദ്ര മോദി. Manorama Creative / PTI Photos

∙ പിന്തുണച്ചും പിന്തള്ളിയും കേരളം

നിയമസഭയിലായാലും ലോക്സഭയിലായാലും ഇടതിനെയും വലതിനെയും മാറിമാറി പിന്തുണച്ചുള്ള ശീലമുണ്ട് കേരളത്തിന്. എന്നാലും ലോക്സഭാ തിരഞ്ഞെടുപ്പിൽ പിന്തുണ കൂടുതൽ യുഡിഎഫിനു തന്നെയാണെന്നാണ് ഇതുവരെയുള്ള ചരിത്രം പറയുന്നത്. 1984 മുതൽ ഇങ്ങോട്ടുള്ള തിരഞ്ഞെടുപ്പു കണക്കുകൾ പരിശോധിച്ചാൽ 2004 ൽ മാത്രമാണ് എൽഡിഎഫിന് നേട്ടമുണ്ടാക്കാനായത്. അന്ന് 18 സീറ്റുകളാണ് എൽഡിഎഫ് നേടിയത്, അതിൽ 13 ഉം സിപിഎമ്മിന്റേതും. അന്ന് കോൺഗ്രസിന് ഒറ്റ സീറ്റു പോലും നേടാനായില്ല. മുസ്‌ലിം ലീഗിന്റെ ഒരു സീറ്റിൽ യുഡിഎഫും ഒതുങ്ങി. ഇന്ത്യൻ ഫെഡറൽ ഡമോക്രാറ്റിക് പാർട്ടിയുടെ ഭാഗമായി മൂവാറ്റുപുഴയിൽ മത്സരിച്ച പി.സി.തോമസിലൂടെ ഒരു സീറ്റ് എൻഡിഎ മുന്നണിക്കും ലഭിച്ചു. കേരള ചരിത്രത്തിൽ ഇതുവരെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് സംസ്ഥാനത്തുനിന്ന് ലഭിച്ചിട്ടുള്ള ഏക സീറ്റായിരുന്നു അത്. അന്ന് കേരള കോൺഗ്രസിന്റെ (എം) ജോസ് കെ.മാണിയെയാണ് പി.സി.തോമസ് പരാജയപ്പെടുത്തിയത്. 2005ൽ ഐഎഫ്ഡിപി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിച്ചു. 

2009ൽ 16 സീറ്റും 2014ൽ 12 സീറ്റും നേടിയ യുഡിഎഫ് 2019 ൽ നേടിയത് 19 സീറ്റുകളാണ്. ആലപ്പുഴ മണ്ഡലത്തിൽ എ.എം.ആരിഫിന്റെ ഒറ്റ സീറ്റിൽ എൽഡിഎഫിന് തൃപ്തിപ്പെടേണ്ടി വന്നു. കേരളത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് 2019 ൽ ഇടതുമുന്നണിക്കുണ്ടായത്. 35.15% വോട്ട് മാത്രമാണ് ലഭിച്ചത്. എൽഡിഎഫിന്റെ വോട്ടു വിഹിതം ഇത്രയും താഴേക്കു പോകുന്നത് ആദ്യമായിട്ടാരുന്നു. ഇരുമുന്നണികളും ഏതാണ്ട് ഒപ്പത്തിനൊപ്പം നിൽക്കുന്നതാണു കേരളത്തിൽ അതുവരെ കണ്ടുവന്നിരുന്നതെങ്കിൽ കഴിഞ്ഞ തവണ യുഡിഎഫിനേക്കാൾ ഏതാണ്ട് 12.08% വോട്ട് എൽഡിഎഫിനു കുറവായിരുന്നു. യുഡിഎഫ് നേടിയത് 47.23% വോട്ടാണ്. എൻഡിഎയ്ക്ക് ലഭിച്ചതാകട്ടെ 15.53% വോട്ടും. 

യുഡിഎഫ് 1 സീറ്റു മാത്രം നേടിയ 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർക്ക് 38.38% വോട്ട് ലഭിച്ചിരുന്നു. എൽഡിഎഫിന് അന്നു കിട്ടിയത് 46.15% വോട്ട് ആണ്. 2009ൽ ഇടതുമുന്നണിക്കു നാലു സീറ്റ് മാത്രം ലഭിച്ചപ്പോഴും അവർക്കു 41.98% വോട്ടുകിട്ടി. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ 140ൽ 47 സീറ്റുകൾ മാത്രം നേടി പാടേ പിന്തള്ളപ്പെട്ടപ്പോഴും യുഡിഎഫ് 38.59% വോട്ടു നേടിയിരുന്നു. കേരളത്തിൽ മുന്നണികൾ തമ്മിലുള്ള വോട്ടു വ്യത്യാസത്തിലും കഴി‍ഞ്ഞ തവണ യുഡിഎഫ് റെക്കോർഡിട്ടു. കാൽ കോടി വോട്ടിനാണ് യുഡിഎഫ് എൽഡിഎഫിനേക്കാൾ മുന്നിലെത്തിയത്. 

ഇരു മുന്നണികളും ഇന്ന് ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമാണെങ്കിലും അതു പരോക്ഷമായി മാത്രമാണെന്നതാണ് വാസ്തവം. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ എല്ലാ തവണത്തെയും പോലെ ശക്തമായ പോരാട്ടത്തിനുതന്നെയാണ് കളമൊരുങ്ങുന്നത്. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ ഇരു മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണവും ആരംഭിച്ചിരുന്നു. ഇത്തവണ പല മണ്ഡലങ്ങളിലും ബിജെപിയും ശക്തമായ പോരാളികളെയാണ് ഇറക്കിയിരിക്കുന്നത്. അതോടെ ഒരു ത്രികോണ പോരാട്ടമെന്ന പ്രതീതി ചില മണ്ഡലങ്ങളിലെങ്കിലും ഒരുങ്ങുന്നുണ്ട്.

English Summary:

An Overview and Historical Analysis of Lok Sabha Elections in India as the Country Approaches Another General Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com