ADVERTISEMENT

ടൊറന്റോ∙ കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ ഇന്ത്യൻ വംശജരായ ദമ്പതികളെയും മകളെയും ദുരൂഹസാഹചര്യത്തിൽ തീപ്പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തി. ഈ മാസം ഏഴിനു നടന്ന സംഭവത്തിൽ ഇന്നലെയാണു മരിച്ചവരെ തിരിച്ചറിഞ്ഞത്. രാജീവ് വരികൂ (51), ഭാര്യ ശിൽപ കോത (47) ഇവരുടെ മകൾ മഹെക് വരികൂ (16) എന്നിവരെയാണു ബ്രാംപ്ടൺ നഗരത്തിലെ 99 ബിഗ് സ്കൈ വേ വാൻ കിർക്ക് ഡ്രൈവിലുള്ള വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പൂർണമായും കത്തിനശിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Read also: പേരാമ്പ്രയിലെ അനുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്: ബൈക്കിൽ സഞ്ചരിച്ച ആള്‍ മോഷ്ടാവ്?

വീട്ടിലുണ്ടായ തീപിടിത്തത്തെ തുടർന്നാണു മരണം. എന്നാൽ സ്വാഭാവിക തീപിടിത്തത്തിന്റെ ലക്ഷണങ്ങളില്ലെന്നും കാരണം കണ്ടെത്താൻ ലഭ്യമായ എല്ലാ തെളിവുകളും പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. ഏകദേശം 15 വർഷമായി കുടുംബം ഇവിടെയാണു താമസിക്കുന്നതെന്നും ഇതുവരെയും ഒരു പ്രശ്നമുള്ളതായി തോന്നിയിട്ടില്ലെന്ന് അയൽവാസിയായ കെന്നത്ത് യൂസഫ് പറഞ്ഞു. രാജീവ് താമസിക്കുന്ന വീടിനു തീപിടിച്ചതായി ഒരാൾ വിളിച്ചറിയിച്ചെന്നും താൻ നോക്കുമ്പോൾ സ്ഫോടന ശബ്ദത്തോടെ തീ ആളിക്കത്തുന്നതും വീട് തകർന്നു വീഴുന്നതുമാണു കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി തീയണച്ചശേഷമാണ് മൂന്നു മൃതദേഹാവിഷ്ടങ്ങൾ കണ്ടെത്തിയത്. മരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും എന്തെങ്കിലും വിവരങ്ങളോ വിഡിയോ ദൃശ്യങ്ങളോ ലഭിക്കുന്നവർ പൊലീസിൽ വിവരമറിയിക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സന്നദ്ധപ്രവർത്തകനായ രാജീവ് വരികു, 2016 വരെ ടൊറന്റോ പൊലീസ് സേനയിൽ സേവനമനുഷ്ഠിച്ചിരുന്നു. മകൾ മഹെക് ഫുട്ബോൾ താരമാണ്.

English Summary:

Cop senses foul play in Indian-origin family's death in Canada: ‘This fire was not accidental’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com