ADVERTISEMENT

തിരുവനന്തപുരം∙ ഷാഫി പറമ്പിൽ എംഎൽഎ വടകരയിൽ മത്സരിക്കാൻ എത്തിയത് അപ്രതീക്ഷിതമായാണ്. സിറ്റിങ് എംപി കെ.മുരളീധരൻ തൃശൂരിലേക്ക് മാറിയപ്പോഴാണ് പകരക്കാരനായി ഷാഫി എത്തിയത്. എൽഡിഎഫിനായി കെ.കെ.ശൈലജയും എൻഡിഎയ്‌ക്കായി പ്രഫുൽ കൃഷ്ണയും ഇറങ്ങുന്നു. എൽഡിഎഫിന്റെ കുത്തക സീറ്റായിരുന്ന വടകര കോൺഗ്രസിനായി നേടിയത് മുല്ലപ്പള്ളി രാമചന്ദ്രനാണ്. 2009ലും 2014ലും മുല്ലപ്പള്ളി വടകരയിൽനിന്ന് മത്സരിച്ചു. പിന്നീട് അദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് പിൻമാറി. ഷാഫിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിച്ച് മുല്ലപ്പള്ളി വടകരയിലുണ്ട്. വടകരയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ‘മനോരമ ഓൺലൈനോട്’ സംസാരിക്കുന്നു.

∙ വടകരയിലെ യുഡിഎഫ് സാധ്യത?

വടകരയിൽ സർവകാല റെക്കോഡ് ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കും. സ്ഥാനാർഥിയായ ഷാഫി ആദ്യദിവസം വന്നപ്പോൾ തന്നെ ജനപ്രവാഹമായിരുന്നു. എല്ലാവിഭാഗം ജനങ്ങളും എത്തി. ഒരു മതേതര സംഗമമായിരുന്നു. വലിയ ആവേശത്തോടെയാണ് സ്ഥാനാർഥിയെ സ്വാഗതം ചെയ്തത്. 2009ൽ കോൺഗ്രസ് വിജയിച്ചശേഷമാണ് മണ്ഡലത്തിൽ വികസനമെല്ലാം ഉണ്ടായത്. സിപിഎം ഭരണത്തിൽ വടകര ഊഷര ഭൂമിയായിരുന്നു. ഞാൻ വടകരയുടെ എംപിയായശേഷമാണ് വികസനത്തിന്റെ റോഡ് മാപ് തയാറാക്കിയത്.

റെയിൽവേ അടക്കം പല വികസനവും അപ്പോഴാണ് സാധ്യമായത്. ഇഗ്നോയുടെ പ്രാദേശിക കേന്ദ്രം സ്ഥാപിച്ചു. ഏറ്റവും മികച്ച സെന്ററിനുള്ള രാഷ്ട്രപതിയുടെ അവാർഡ് ഈ വർഷം ലഭിച്ചു. ബിഎസ്എഫ് കേന്ദ്രം നാദാപുരത്തും പേരാമ്പ്രയിൽ സിആർപിഎഫ് കേന്ദ്രവും സ്ഥാപിച്ചു. സൈക്ലോൺ ഷെൽട്ടറുകൾ സ്ഥാപിച്ചു. കൃഷി വിജ്ഞാൻ കേന്ദ്രം, പാസപോർട്ട് സേവാ കേന്ദ്രങ്ങൾ, ഫിഷറി ഹാർബറുകൾ, തുടങ്ങി എല്ലാം കൊണ്ടുവന്നത് ആ കാലയളവിലാണ്. അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.

മുല്ലപ്പള്ളി രാമചന്ദ്രൻ (ഫയൽ ചിത്രം: മനോരമ)
മുല്ലപ്പള്ളി രാമചന്ദ്രൻ (ഫയൽ ചിത്രം: മനോരമ)

∙ ഷാഫിയുടെ സ്ഥാനാഥിത്വത്തിലേക്ക് എത്തിയതെങ്ങനെയാണ്?

എഐസിസിയാണ് അതു സംബന്ധിച്ച തീരുമാനമെടുത്തത്. സ്ഥാനാർഥി നിർണയം കഴിഞ്ഞപ്പോൾ തന്നെ ഷാഫി എന്നെ വിളിച്ചിരുന്നു. അങ്ങയുടെ തട്ടകത്തിലേക്കാണ് വരുന്നത് ഏറ്റെടുക്കണം എന്ന് ഷാഫി പറഞ്ഞു. നൂറ് ശതമാനം പിന്തുണയുണ്ടാകുമെന്ന് ഞാൻ പറഞ്ഞു. വീട്ടിലെത്തി ഷാഫി ചർച്ച നടത്തി. മുന്നോട്ടുപോകാനുള്ള വിവിധ നിർദേശങ്ങൾ നൽകി. മണ്ഡലത്തെ പരിചയപ്പെടുത്തി. ചുരുങ്ങിയ സമയംകൊണ്ടുതന്നെ ജനവിശ്വാസം ആർജിക്കാൻ ഷാഫിക്ക് കഴിഞ്ഞു. യോഗങ്ങളിൽ വലിയ ജനക്കൂട്ടമാണ്. ഷാഫി നല്ല ജനപ്രതിനിധിയാണ്. നിയമസഭയിലെ പ്രകടനം മികച്ചതാണ്. മോദിക്കെതിരെ മുഖാമുഖം യുദ്ധം ചെയ്യുന്ന ആളെയാണ് നമുക്ക് വേണ്ടത്. ഷാഫിക്ക് അതിനു കഴിയും. ഷാഫിക്ക് ഭാഷാ പ്രാവീണ്യവുമുണ്ട്.

∙ മുരളീധരൻ മണ്ഡലം വിട്ടത് യുഡിഎഫിനെ ബാധിക്കുമോ?

ഷാഫി വന്നതോടെ യുഡിഎഫുകാർ ആവേശത്തിലാണ്. മികച്ച സ്ഥാനാർഥിയാണ് ഷാഫി.

∙ പത്മജ ബിജെപിയിലേക്ക് പോയത് യുഡിഎഫിനെ ബാധിക്കുമോ?

രാഷ്ട്രീയ കാഴ്ചപ്പാടുള്ള, രാഷ്ട്രീയ വേരുകളുള്ള, കോൺഗ്രസ് മൂല്യങ്ങൾ മുറുക്കെ പിടിക്കുന്ന ആരെങ്കിലും ബിജെപിയിലേക്ക് പോയിട്ടുണ്ടോ? പത്മജയ്ക്ക് കെ.കരുണാകരന്റെ മകൾ എന്ന ടാഗ് മാത്രമാണുള്ളത്. മറ്റൊന്നും അവകാശപ്പെടാനില്ല. എത്രയോ കഴിവുള്ള വനിതകളെ മറികടന്നാണ് പത്മജയ്ക്ക് സ്ഥാനങ്ങളും മത്സരിക്കാൻ സീറ്റും നൽകിയത്.

മുകുന്ദപുരത്തും തൃശൂരും പത്മജ പരാജയപ്പെട്ടു. അവരെ കെഡിടിസി ചെയർപഴ്സനാക്കി. പഴയ കോൺഗ്രസ് സംസ്കാരമായിരുന്നെങ്കിൽ മണ്ഡലത്തിന്റെ ചുമതലപോലും അവർക്ക് ലഭിക്കില്ലായിരുന്നു. നോമിനേഷൻ പാർട്ടി ആയി കോൺഗ്രസ് അധപതിച്ചതോടെയാണ് ഇവരെല്ലാം നേതൃസ്ഥാനത്തെത്തിയത്. നൂലിൽ കെട്ടിയിറക്കി എന്നു പറയാറില്ലേ. ഇവരെല്ലാം അങ്ങനെ വന്നതാണ്. ആ സംസ്കാരം മാറണം. അതു മാറാത്തതിനാലാണ് ഇത്തരം നേതാക്കൾ മറ്റു പാർട്ടികളിൽ പോകുന്നത്.

ഷാഫി പറമ്പിൽ വടകരയിൽ നടത്തിയ റോഡ്‌ഷോ. (ഫയൽ ചിത്രം: മനോരമ)
ഷാഫി പറമ്പിൽ വടകരയിൽ നടത്തിയ റോഡ്‌ഷോ. (ഫയൽ ചിത്രം: മനോരമ)

∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സാധ്യത?

യുഡിഎഫിന് അനുകൂല സാഹചര്യമാണ്. മോദിക്കെതിരായ വികാരമാണ് പ്രധാന അനുകൂല ഘടകം. പിണറായി സർക്കാരിനെതിരെ അസാധാരണമായ നെഗറ്റീവ് ട്രൻഡ് ഉണ്ട്. ഇത്രയും അഴിമതി നിറഞ്ഞ സർക്കാർ ഉണ്ടായിട്ടില്ല. പിണറായി സർക്കാരിന്റെ പ്രകടനത്തിൽ ജനം അസ്വസ്ഥരാണ്. ഇത്രയും അനുകൂല സാഹചര്യം യുഡിഎഫിന് ഇനി കിട്ടില്ല.

∙ ടി.പി. കേസ് തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷമാണ്. കേസ് അന്വേഷണം ശരിയായ രീതിയിൽ നടന്നിട്ടുണ്ടോ? ഒത്തുതീർപ്പുണ്ടായോ?

യഥാർഥ സ്രാവുകൾ കുടുങ്ങിയിട്ടില്ല. പരൽമീനുകളാണ് കുടുങ്ങിയതെന്ന് അന്വേഷണം നടക്കുമ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു. ടിപി കേസിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ സാമർഥ്യത്തെ അഭിനന്ദിക്കുന്നു. ഉമ്മൻചാണ്ടിയുടെ സർക്കാർ കേസ് സിബിഐക്ക് വിട്ടതാണ്. ഇതുവരെ ശരിയായ അന്വേഷണത്തിനു തയാറായിട്ടില്ല. കാരണം മുഖ്യമന്ത്രിയും നരേന്ദ്രമോദിയും തമ്മിലുള്ള അന്തർധാരയാണ്. ടിപി വധത്തിനു പിന്നിലെ വലിയ ഗൂഢാലോചന പുറത്തു വന്നിട്ടില്ല. അത് പുറത്തുവന്നാൽ വലിയ നേതാക്കൾ ജയിലിലാകും. കേരളത്തിൽ ഹിംസയുടെ രാഷ്ട്രീയത്തിന്റെ തുടക്കക്കാരായ ആളുകളുണ്ട്. അവരെല്ലാം കുടുങ്ങും. ഗൂഢാലോചന നടത്തിയ ഉന്നതർ കുടുങ്ങും.

ടിപി കേസിൽ വാടക കൊലയാളികളെ മാത്രം പിടിച്ചിട്ട് കാര്യമില്ല. ഉന്നതരെ പിടികൂടിയാൽ കേരളത്തിൽ അക്രമ രാഷ്ട്രീയം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ കഴിയും. ഇനിയും സമയം വൈകിയിട്ടില്ല. ടിപി കേസ് കാര്യക്ഷമമായി അന്വേഷിക്കണം. പക്ഷേ, ശരിയായ അന്വേഷണത്തിലേക്ക് എത്തുമോയെന്ന് സംശയമുണ്ട്. കാരണം കേന്ദ്ര ഏജൻസികൾ ഒരു കേസും ശരിയായി അന്വേഷിക്കാത്ത സംസ്ഥാനം കേരളമാണ്. അന്വേഷണ പരിധിയിലേക്ക് വരാത്ത ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്. എല്ലാ പ്രതിപക്ഷ നേതാക്കൾക്കെതിരെയും അന്വേഷണം വന്നു. സോണിയ ഗാന്ധിക്കെതിരെ അന്വേഷണം നടന്നു. സ്വർണക്കടത്തിൽ കേരള സർക്കാരിന്റെ പങ്ക് അന്വേഷിച്ചില്ല. മോദിയും പിണറായിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കാരണമാണ് അന്വേഷണം നടക്കാത്തത്.

English Summary:

Loksabha Elections 2024: Mullappally Ramachandran talks about Shafi Parambil's Contest at Vatakara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com