ADVERTISEMENT

തിരുവനന്തപുരം∙ പത്തനംതിട്ട കൊല്ലമുളയിൽനിന്ന് ആറു വർഷം മുൻപ് കാണാതായ രണ്ടാം വർഷ ബികോം വിദ്യാർഥിനി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനക്കേസ് തുടക്കത്തിൽ അന്വേഷിച്ച കേരള പൊലീസ്, അന്വേഷണത്തിന്റെ ‘സുവർണ മണിക്കൂറുകൾ’ നഷ്ടപ്പെടുത്തിയതായി സിബിഐ റിപ്പോർട്ട്. കാണാതാകുന്ന കേസുകളിൽ ആദ്യത്തെ 48 മണിക്കൂർ നിർണായകമാണ്. ലോക്കൽ പൊലീസ് ഈ കേസിന് മുൻഗണന നൽകിയില്ലെന്നും റിപ്പോർട്ടിലുണ്ട്. ലോക്കൽ പൊലീസിനോ, ക്രൈംബ്രാഞ്ചിനോ, സിബിഐക്കോ ജെസ്ന എവിടെയാണെന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് സിബിഐ റിപ്പോർട്ടിൽ പറയുന്നത്.

Read also: മോഷണശ്രമത്തിനിടെ അനുവിനെ കൊന്നു, തല തോട്ടിൽ ചവിട്ടിത്താഴ്ത്തി; പിടിയിലായത് ബലാത്സംഗ കേസ് പ്രതി

അതേസമയം, ശുഭ വാർത്ത പ്രതീക്ഷിക്കാമെന്ന് ഉന്നത ഉദ്യോഗസ്ഥർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചത് ജെസ്ന എവിടെയോ ഒളിവിൽ കഴിയുന്നതായുള്ള പ്രചാരണത്തിനിടയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ‘മനോരമ ഓൺലൈന്’ ലഭിച്ചു.

കേരളം, തമിഴ്നാട്, കർണാടക, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തിയ ശേഷമാണ് അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയത്. ജെസ്ന മതം മാറിയിരിക്കാം എന്ന സംശയത്തെ തുടർന്ന് നേരത്തെ മതം മാറിയതിലൂടെ വാർത്തകളിൽ ഇടംപിടിച്ച ഹാദിയയുമായി സിബിഐ ഉദ്യോഗസ്ഥർ സംസാരിച്ചിരുന്നു. മതം മാറുന്നവരുടെ രീതികളെക്കുറിച്ച് അവരോടു ചോദിച്ചു മനസ്സിലാക്കി. പാലക്കാട്ട് കാണാതാകുകയും, വീടിനു തൊട്ടടുത്തുള്ള കാമുകന്റെ വീട്ടിൽ 10 വർഷം ഒളിവിൽ കഴിയുകയും ചെയ്ത സജിതയുടെ കേസും സിബിഐ പരിശോധിച്ചു. ഇരു കേസുകളെയും ജെസ്നയുടെ കേസുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് സിബിഐ എത്തിച്ചേർന്നത്.

ജെസ്ന പ്രണയിച്ച് ഒളിച്ചോടിയെന്നതിന് സിബിഐക്ക് തെളിവു ലഭിച്ചിട്ടില്ല. ജെസ്നയ്ക്ക് സഹപാഠിയായ ഒരു വിദ്യാർഥിയോട് അടുപ്പമുണ്ടായിരുന്നു. ഈ വിദ്യാർഥി ഒരു സുഹൃത്തായി മാത്രമാണ് ജെസ്നയെ കണ്ടത്. മാത്രമല്ല, ഈ വിദ്യാർഥി മറ്റൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലായിരുന്നു. ഇക്കാര്യം ജെസ്നയ്ക്കും അറിയാമായിരുന്നു. ജെസ്നയെ കാണാതാകുന്നത് 2018 മാർച്ച് 22നാണ്. തലേദിവസം രാവിലെ ജെസ്ന ഈ സഹപാഠിയെ ഫോൺ ചെയ്തു. ജെസ്നയുമായി സംസാരിക്കരുതെന്ന് സഹോദരൻ വിലക്കിയിരുന്നതിനാൽ സഹപാഠി ഫോൺ എടുത്തില്ല. ഇത് തന്റെ അവസാന കോളായിരിക്കുമെന്ന് ജെസ്ന സന്ദേശം അയച്ചു.

പിന്നീട് സഹപാഠി ഫോണെടുത്തപ്പോൾ ഇനി വിളിക്കില്ലെന്ന് കുറച്ചു സമയത്തെ നിശബ്ദതയ്ക്കുശേഷം ജെസ്ന പറഞ്ഞു. ഫോൺ കട്ട് ചെയ്തശേഷം താൻ മരിക്കാൻ പോകുന്നു എന്നും ജെസ്ന സന്ദേശമയച്ചു. സഹപാഠി ഇക്കാര്യം ജെസ്നയുടെ സഹോദരിയെ അറിയിച്ചു. ഈ വിദ്യാർഥിയെയും ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫിനെയും പോളിഗ്രാഫ് ടെസ്റ്റിനും ബ്രെയിൻ ഇലക്ട്രൽ ഓക്സിലേഷൻ സിഗ്നേച്ചർ പ്രൊഫൈലിങ് ടെസിറ്റിനും വിധേയമാക്കിയെങ്കിലും കേസ് അന്വേഷണത്തെ സഹായിക്കുന്ന തെളിവുകൾ ലഭിച്ചില്ല. സഹപാഠിയായ വിദ്യാർഥി ശാസ്ത്രീയ പരിശോധനയ്ക്ക് സന്നദ്ധനാണെന്ന് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

2017 ഏപ്രിൽ മുതൽ 2018 മാർച്ച് 22 വരെയുള്ള ജെസ്നയുടെ ഫോൺ രേഖകൾ സിബിഐ പരിശോധിച്ചു. 417681 സെക്കൻഡുകൾ ദൈർഘ്യമുള്ള 1619 കോളുകളാണ് ഈ കാലയളവിൽ ഉണ്ടായിരുന്നത്. സഹോദരി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോളുകൾ വിളിച്ചത് സഹപാഠിയായ വിദ്യാർഥിയെയായിരുന്നു (234 കോളുകൾ). ഒരു ദിവസം രാത്രി ഒരു മണിക്ക് ജെസ്ന ഈ സഹപാഠിയെ വിളിച്ച് പഠിക്കുകയാണോ എന്ന് അന്വേഷിച്ചതായും, ഉറക്കത്തിലായിരുന്ന വിദ്യാർഥി ദേഷ്യപ്പെട്ട് ഫോൺ വച്ചതായും ഹോസ്റ്റൽ റൂമിലെ സുഹൃത്ത് സിബിഐയോട് പറഞ്ഞു. ഇരുവരും പ്രണയത്തിലായിരുന്നില്ല എന്ന് സിബിഐ കണ്ടെത്തി. ഈ സഹപാഠിയും ഹോസ്റ്റൽ മുറിയിലെ മൂന്നു കൂട്ടുകാരികളും ഒഴികെ ജെസ്നയ്ക്ക് കോളജിൽ മറ്റാരുമായും അടുപ്പമുണ്ടായിരുന്നില്ല. ജെസ്ന പ്രണയിച്ച് ഒളിച്ചോടാനുള്ള സാധ്യതയില്ലെന്നാണ് സുഹൃത്തുക്കൾ മൊഴി നൽകിയത്.

ജെസ്ന മതവിശ്വാസിയായിരുന്നു. മതപരിവര്‍ത്തനത്തിന് സാധ്യതയില്ല. ആരുമായും അധികം സംസാരിച്ചിരുന്നില്ല. കാണാതാകുന്ന അന്നും സന്തോഷവതിയായിരുന്നു. സ്മാർട്ട് ഫോണോ വാട്‌സാപോ ഇസ്റ്റഗ്രാമോ ഉപയോഗിച്ചിരുന്നില്ല. സമൂഹമാധ്യമത്തിൽ സജീവമായിരുന്നില്ല. കീപാഡ് ഫോണായിരുന്നു കൈവശം ഉണ്ടായിരുന്നത്. പഠനത്തിൽ സമർഥയായിരുന്നു. പലരീതിയിൽ അന്വേഷണം നടത്തിയിട്ടും സഹായകരമായ വിവരം ലഭിച്ചില്ലെന്നാണ് സിബിഐ ഇൻസ്പെക്ടർ കെ.നിപുൻ ശങ്കർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

English Summary:

CBI Report Suggests Kerala Police Lost Crucial 'Golden Hours' in Jesna Maria James' Disappearance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com