ADVERTISEMENT

കൊച്ചി ∙ മഹാരാജാസ് കോളജ് വിദ്യാർഥി എ.അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട നിർണായക രേഖകളുടെ പകർപ്പ് പ്രോസിക്യൂഷൻ ഇന്നു വിചാരണക്കോടതിക്ക് കൈമാറി. പുനർനിർമിച്ച രേഖകൾ ഹാജരാക്കുന്നതിനെ പ്രതിഭാഗം എതിർത്തെങ്കിലും കോടതി ഇത് അനുവദിച്ചില്ല. രേഖകളുടെ പകര്‍പ്പുകൾ സമര്‍പ്പിക്കുന്നതിനെ എതിർക്കാൻ കഴിയില്ലെന്നും നേരത്തെ ലഭിച്ച രേഖകളിൽനിന്ന് എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അക്കാര്യം ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി. വിചാരണ കോടതിയിൽനിന്നു കാണാതായ 11 രേഖകളുടെ സര്‍ട്ടിഫൈഡ് പകർപ്പുകളാണ് കോടതിയിൽ സമർപ്പിച്ചത്. കേസ് വീണ്ടും ഈ മാസം 25നു പരിഗണിക്കും.

Read also: എല്ലാ വിവരവും എന്നു പറഞ്ഞാൽ എല്ലാമാണ്; തിരിച്ചറിയല്‍ കോഡ് ഉള്‍പ്പെടെ വെളിപ്പെടുത്തണമെന്ന്‌ സുപ്രീംകോടതി

മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ഇടുക്കി വട്ടവട സ്വദേശി അഭിമന്യു 2018 ജൂൺ ഒന്നിനാണ് ക്യാംപസില്‍ വച്ച് കൊല്ലപ്പെട്ടത്. ക്യാംപസ് ഫ്രണ്ട്–പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ. അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികൾ തുടങ്ങാനിരിക്കെയായിരുന്നു പ്രധാനപ്പെട്ട രേഖകൾ വിചാരണ കോടതിയിൽ നിന്ന് നഷ്ടമായത്. രേഖകൾ നഷ്ടമായതിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും അഭിമന്യുവിന്റെ കുടുംബവും സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു.

2019ലാണ് കേസിലെ രേഖകൾ നഷ്ടമായതെന്ന് കോടതി വ്യക്തമാക്കി. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇക്കാര്യം ശ്രദ്ധയിൽ പെട്ടത്. തുടര്‍ന്ന് രേഖകൾ പുനര്‍നിർമിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇത്തരത്തില്‍ രേഖകൾ നഷ്ടപ്പെടുന്നതും മറ്റെവിടെയെങ്കിലും ഉണ്ടാവുന്നതുമൊക്കെ സാധാരണമാണ്. അത് ഈ കേസിന്റെ കാര്യത്തിൽ മാത്രമായി കണക്കാക്കാൻ കഴിയില്ല. രേഖകൾ നഷ്ടമായതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. നിലവിൽ വിചാരണ നടപടികൾ ഇതുമൂലം വൈകില്ലെന്നും കോടതി വ്യക്തമാക്കി.

English Summary:

Abhimanyu Murder Case: Prosecution Submits Copy of Lost Documents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com