ADVERTISEMENT

തിരുവനന്തപുരം∙ പൗരത്വ നിയമ ഭേദഗതി (സിഎഎ) വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്നത് വേഗത്തിലാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ആഭ്യന്തര വകുപ്പിന്റെ നിർദേശം. ഗുരുതര സ്വഭാവമില്ലാത്ത കേസുകളാണു പിൻവലിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണു സർക്കാർ തീരുമാനപ്രകാരം നടപടികൾ വേഗത്തിലാക്കുന്നത്. കേസുകള്‍ പിൻവലിക്കണമെന്നു മുസ്‍ലിം സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. 

Read Also: ‘അന്നേ ശിക്ഷിച്ചിരുന്നെങ്കിൽ പേരാമ്പ്രയിൽ അനു കൊല്ലപ്പെടില്ലായിരുന്നു; മുജീബിനെ തൂക്കിക്കൊല്ലണം’

ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുന്നതിനു 2022 ഫെബ്രുവരിയിൽ സർക്കാർ തീരുമാനിച്ചിരുന്നു. പിൻവലിക്കാമെന്നു സർക്കാർ തീരുമാനിച്ച എല്ലാ കേസുകളിലും അപേക്ഷ കോടതിയിൽ സമർപ്പിച്ചു എന്ന് ഉറപ്പാക്കണം. പിൻവലിക്കുന്നതിന് അപേക്ഷ സമർപ്പിച്ചിട്ടുള്ള കേസുകൾ പരിശോധിച്ചു ജാമ്യം ലഭിക്കാൻ അർഹതയുള്ള കേസുകളിലും വേഗത്തിൽ നടപടി സ്വീകരിക്കണം.

സർക്കാർ അഭിഭാഷകർക്ക് ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകണമെന്നും ആഭ്യന്തര വകുപ്പ് അഡി.ചീഫ് സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്. സർക്കാർ കേസുകൾ പിൻവലിക്കാൻ അനുകൂല റിപ്പോർട്ട് പ്രോസിക്യൂട്ടർ വഴി ഹാജരാക്കുമ്പോൾ കോടതിയാണ് തീരുമാനമെടുക്കേണ്ടത്. സിഎഎയുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത 7913 പേർക്കെതിരെ 835 കേസുകളാണ് റജിസ്റ്റർ ചെയ്തത്.

ഒരാഴ്ച മുൻപത്തെ കണക്കനുസരിച്ച് 114 കേസുകൾ സർക്കാർ പിൻവലിച്ചു. 241 കേസുകളിൽ ശിക്ഷ വിധിച്ചു. 11 കേസുകളിൽ ഉൾപ്പെട്ടവരെ കുറ്റവിമുക്തരാക്കി. 502 കേസുകൾ വിവിധ ജില്ലകളിലായി വിചാരണ ഘട്ടത്തിലാണ്. 2019 ലാണു പാർലമെന്റ് പൗരത്വ ഭേദഗതി ബിൽ പാസാക്കിയത്. മാർച്ച് 11ന് വിജ്ഞാപനം പുറത്തിറക്കി. ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾക്കെതിരെ 2019 ഡിസംബർ 10 മുതലാണു കേസുകൾ റജിസ്റ്റർ ചെയ്തു തുടങ്ങിയത്.

English Summary:

Government orders police to speed up withdrawal of cases against protestors of CAA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com