മത്സ്യത്തിന്റെ ദൃശ്യം മൊബൈലിൽ അപ്‍ലോഡ് ചെയ്താൽ സമ്പൂർണ വിവരങ്ങൾ കിട്ടും: പുതിയ ആപ്പ്
Mail This Article
കൊച്ചി ∙ മൊബൈല്‍ ഫോണിൽ മത്സ്യത്തിന്റെ ദൃശ്യം അപ്‍ലോഡ് ചെയ്യുമ്പോൾ തന്നെ അതിന്റെ സമ്പൂർണവിവരങ്ങൾ ലഭ്യമാകുന്ന സംവിധാനം വികസിപ്പിക്കുന്നു. കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനമാണു (സിഎംഎഫ്ആർഐ) പൊതുജന പങ്കാളിത്തത്തോടെയുള്ള ഈ പദ്ധതിക്കു പിന്നിൽ. നിർമിത ബുദ്ധിയുടെ (എഐ) സഹായത്തോടെയുള്ള ഈ മൊബൈൽ ആപ്പ്, ഇന്ത്യൻ തീരങ്ങളിൽ കാണപ്പെടുന്ന കടൽമത്സ്യയിനങ്ങളുടെ സമ്പൂർണ സചിത്ര ഡാറ്റാബേസ് ആണ് വികസിപ്പിക്കുന്നത്. ‘മാർലിൻ@സിഎംഎഫ്ആർഐ’ എന്നാണ് ആപ്പിന്റെ പേര്.
Read Also: അഫ്ഗാനിൽ വ്യോമാക്രമണം നടത്തി പാക്കിസ്ഥാൻ, എട്ടുപേർ മരിച്ചു
ഇന്ത്യയുടെ വിവിധ തീരങ്ങളിൽ പിടിക്കപ്പെടുന്ന മീനുകളുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും ആപ്പിൽ അപ്‍ലോഡ് ചെയ്യാം. ഈ വിവരങ്ങൾ ഇന്ത്യൻ സമുദ്രാതിർത്തിയിലെ മത്സ്യയിനങ്ങളെ കൃത്യമായി തിരിച്ചറിയാനും മറ്റു ശാസ്ത്രീയവിവര ശേഖരണത്തിനും സിഎംഎഫ്ആർഐയെ സഹായിക്കും. അതുവഴി കടൽ മത്സ്യസമ്പത്തിന്റെ സചിത്ര ഡാറ്റാബേസ് തയാറാക്കാനും വഴിയൊരുക്കും. ജിയോ ടാഗിങ് ഉള്ളതിനാൽ മത്സ്യയിനങ്ങളുടെ കൃത്യമായ സ്ഥലം രേഖപ്പെടുത്താനുമാകും. ഇത് മത്സ്യലഭ്യതയുമായി ബന്ധപ്പെട്ട പഠനങ്ങൾ കുറ്റമറ്റതാക്കാൻ സഹായിക്കുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ.ഗോപാലകൃഷ്ണൻ പറഞ്ഞു. ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് പൊതുജനങ്ങളെ കൂടി സമുദ്രഗവേഷണത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. കടൽ മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും സമുദ്രജൈവവൈവിധ്യത്തെ കൂടുതൽ അടുത്തറിയാനും പൊതുജനങ്ങൾക്ക് ഈ മൊബൈൽ ആപ്പ് ഉപകാരപ്പെടും.
സിഎംഎഫ്ആർഐയുടെ ഫിഷറി റിസോഴ്‌സ് അസസ്‌മെന്റ്, ഇക്കണോമിക്‌സ് ആൻഡ് എക്സ്റ്റൻഷൻ വിഭാഗത്തിലെ ഡോ.എൽദോ വർഗീസിന്റെ നേതൃത്വത്തിലുള്ള പദ്ധതിക്കു കീഴിലാണ് ആപ്പ് വികസിപ്പിച്ചത്. ലാൻഡിങ് സെന്ററുകളിൽ നിന്ന് പകർത്തിയ മീനുകളുടെ ദൃശ്യങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഡാറ്റാബേസ്, കടൽമീനുകളുടെ ഓരോ ഹാർബറുകളിലെയും ലഭ്യത ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ മനസ്സിലാക്കാൻ ഭാവിയിൽ സഹായകരമാകുമെന്ന് ഡോ. എൽദോ വർഗീസ് പറഞ്ഞു.