ADVERTISEMENT

തിരുവനന്തപുരം∙ പൗരത്വ പ്രതിഷേധത്തിന്റെ പേരിൽ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കാൻ തീരുമാനിച്ചിട്ടും ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കാൻ തയാറാവാത്തത് പിണറായി സർക്കാരിന്റെ ഇരട്ടനീതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സിഎഎ പ്രതിഷേധ പരിപാടികളിൽ തീവ്രവാദികളുടെ നുഴഞ്ഞു കയറ്റം ഉണ്ടെന്നും, മഹല്ല് കമ്മിറ്റികൾ ശ്രദ്ധിക്കണമെന്നും പറഞ്ഞത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ്. എന്നിട്ടും ഒരു പരിശോധനയുമില്ലാതെ നാല് വോട്ടിനു വേണ്ടി എല്ലാ കേസുകളും പിൻവലിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും സുരേന്ദ്രൻ ചോദിച്ചു.

Read  Also: പൗരത്വ ഭേദഗതി നിയമം: തൽക്കാലം സ്റ്റേയില്ല, കേന്ദ്രത്തിന് മറുപടി നൽകാൻ മൂന്നാഴ്ച

‘‘അയൽരാജ്യങ്ങളിൽ നിന്നും മതപരമായ വിവേചനം നേരിട്ട് ആട്ടിയോടിക്കപ്പെട്ട് വരുന്ന ന്യൂനപക്ഷങ്ങൾക്കു പൗരത്വം നൽകുന്നതിനെതിരെ നടന്ന കലാപമാണ് സിഎഎ പ്രക്ഷോഭം. രാജ്യത്തിന്റെ പലഭാഗത്തും അത് സംഘർഷങ്ങൾ സൃഷ്ടിക്കുകയും നിരവധിപേരുടെ ജീവനെടുക്കുകയും ചെയ്തു. എന്നാൽ സ്വന്തം വിശ്വാസം സംരക്ഷിക്കാൻ വിശ്വാസികൾ സമാധാനപരമായി നടത്തിയ നാമജപമാണ് ശബരിമല പ്രക്ഷോഭം. നാമം ജപിച്ച കുറ്റത്തിനാണ് ആയിരക്കണക്കിന് അമ്മമാർക്കെതിരെ പോലും പൊലീസ് കേസെടുത്തത്. നിരവധി പേരെയാണ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചത്. അയ്യപ്പവിശ്വാസികൾക്കെതിരെ എടുത്ത കേസുകൾ ഒഴിവാക്കാതിരിക്കുകയും പൗരത്വ പ്രക്ഷോഭക്കാരുടെ കേസുകൾ എഴുതിത്തള്ളുകയും ചെയ്യുന്നത് ഇടത് സർക്കാരിന്റെ വർഗീയപ്രീണനമാണ് തുറന്നുകാട്ടുന്നത്. ഇതിന് കൂട്ടുനിൽക്കുകയാണ് മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ചെയ്യുന്നത്. ശബരിമല വിശ്വാസികൾക്കൊപ്പമാണെന്ന് പറയുന്ന കോൺഗ്രസ് എന്താണ് സിഎഎ കേസുകൾക്കൊപ്പം ശബരിമല കേസുകളും പിൻവലിക്കണം എന്ന് പറയാത്തത്? തീവ്രവാദികളെ പ്രീണിപ്പിക്കാൻ വേണ്ടിയാണ് കോൺഗ്രസ് ഈ ഇരട്ടനീതിക്ക് കൂട്ടുനിൽക്കുന്നത്. ഹിന്ദുധർമ്മത്തിലെ ശക്തിയെ നശിപ്പിക്കണമെന്ന് പറയുന്ന രാഹുൽ ഗാന്ധിയുടെ അനുയായികളിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാനില്ല.’’– സുരേന്ദ്രൻ പറഞ്ഞു. 

English Summary:

BJP's K. Surendran Accuses Kerala Govt of "Double Justice": Sabarimala vs CAA Protest Cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com