ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ സാധ്യതാ സ്ഥാനാർഥിപ്പട്ടികയിൽ ‘സർപ്രൈസ്’ മുഖമായി നൂപുർ ശർമ വരുമെന്ന് അഭ്യൂഹം. പ്രവാചകനെതിരെ പ്രസ്താവന നടത്തി വിവാദനായികയായ നൂപുർ ശർമ, ബിജെപിയുടെ മുൻ വക്താവാണ്. 

ഗാന്ധി കുടുംബം കുത്തകയാക്കി വച്ചിരിക്കുന്ന റായ്ബറേലി മണ്ഡലത്തിലാണു നൂപുറിനെ സ്ഥാനാർഥിയാക്കാൻ ആലോചിക്കുന്നത്. 2004 മുതൽ തുടർച്ചയായി സോണിയാ ഗാന്ധി വിജയിച്ച മണ്ഡലം. ഇത്തവണ മത്സരിക്കാനില്ലെന്നു പറഞ്ഞ സോണിയ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019ൽ ഉത്തർപ്രദേശിലെ 62 ലോക്സഭ മണ്ഡലങ്ങളിലും ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസിനു കിട്ടിയ ഏക വിജയം റായ്ബറേലിയിലാണ്.

Read Also: പൗരത്വ ഭേദഗതി നിയമം: തൽക്കാലം സ്റ്റേയില്ല, കേന്ദ്രത്തിന് മറുപടി നൽകാൻ മൂന്നാഴ്ച...

റായ്‌ബറേലിയിൽ സോണിയയുടെ മകളും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കമുണ്ടെന്ന വാർത്തകൾക്കിടെയാണു നൂപുർ ശർമയുടെ പേര് ബിജെപി കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാളിനെതിരെ മത്സരിച്ചിട്ടുള്ള നൂപുർ, തലസ്ഥാനത്തു സജീവമായിരുന്നു.

കഴിഞ്ഞ വർഷം ടിവി ചർച്ചയ്ക്കിടെയായിരുന്നു നൂപുർ ശർമയുടെ വിവാദ പരാമർശങ്ങൾ. രാജ്യത്തിനകത്തും പുറത്തുനിന്നും വിമർശനങ്ങൾ ഉയർന്നപ്പോൾ നൂപുറിനെയും ഡൽഹി മാധ്യമ വിഭാഗം തലവൻ നവീൻ കുമാർ ജിൻഡലിനെയും ബിജെപി പുറത്താക്കി. പിന്നീട് നൂപുറിനും കുടുംബത്തിനും ഡൽഹി പൊലീസ് സുരക്ഷ ഏർപ്പെടുത്തി. സ്വരക്ഷയ്ക്കായി തോക്ക് കൈവശം വയ്ക്കാൻ ലൈസൻസ് അനുവദിച്ചു. എബിവിപിയിലൂടെ ബിജെപിയിലെത്തിയ നൂപുർ, 2008ൽ ഡൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റായിരുന്നു.

English Summary:

Nupur Sharma to contest from Gandhi's bastion Rae Bareli? Speculation swirls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com