ADVERTISEMENT

പത്തനംതിട്ട ∙ കേരളത്തിൽ മൺസൂൺ മഴ കുറയുകയും തത്ഫലമായി ചൂട് വർധിക്കുകയും ചെയ്യുന്നതിനു പിന്നിൽ എൽനിനോ പ്രതിഭാസമെന്ന് ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യുഎംഒ) വാർഷിക റിപ്പോർട്ടിൽ പരാമർശം. 2023 ലെ ലോക കാലാവസ്ഥയെ സംബന്ധിച്ച് പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് ഗ്ലോബൽ ക്ലൈമറ്റ് റിപ്പോർട്ടിൽ കേരളം മാത്രമല്ല, അറബിക്കടലിനെ സംബന്ധിച്ചും ഒട്ടേറെ മുന്നറിയിപ്പുകളുണ്ട്. 

Read Also: കേരളത്തിൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടിയേക്കും; 10 ജില്ലകളിൽ യെലോ അലർട്ട്

ലോകമെങ്ങും സമുദ്രജലനിരപ്പ് ഒരു വർഷം ശരാശരി 4.77 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടനയുടെ പഠനത്തിൽ പറയുന്നു. 1993–2002 കാലഘട്ടത്തെ അപേക്ഷിച്ച് കടൽജലനിരപ്പിലെ വർധന രണ്ടു മടങ്ങ് വർധിച്ചതായി ക്ലൈമറ്റ് റിപ്പോർട്ടിൽ ഡബ്ല്യുഎംഒ വ്യക്തമാക്കി. കഴിഞ്ഞ പതിറ്റാണ്ടിൽ 2.13 മില്ലിമീറ്ററായിരുന്നു ശരാശരി സമുദ്രജലനിരപ്പിലെ ഉയർച്ച. സെപ്റ്റംബർ മുതൽ അനുഭവപ്പെടുന്ന എൽനിനോ പ്രതിഭാസം മൂലം സമുദ്രജലതാപനില ക്രമാതീതമായി ഉയർന്നു. ഇത് അറബിക്കടലിൽ ഉൾപ്പെടെ ജലനിരപ്പ് നേരിയ തോതിൽ ഉയർത്തി. അറബിക്കടലിൽ താപനില അസാധാരണമായി ഉയരുന്ന ഇന്ത്യൻ ഓഷ്യൻ ഡൈപോൾ എന്ന പ്രതിഭാസവും ഇതിനു പിന്നിലുണ്ട്. 

കനത്ത ചൂടിൽ മരങ്ങളുടെ ഇലകൾ കെ‍ാഴിഞ്ഞ് ഉണങ്ങാൻ തുടങ്ങിയപ്പോൾ. (ഫയൽ ചിത്രം ∙ മനോരമ)
കനത്ത ചൂടിൽ മരങ്ങളുടെ ഇലകൾ കെ‍ാഴിഞ്ഞ് ഉണങ്ങാൻ തുടങ്ങിയപ്പോൾ. (ഫയൽ ചിത്രം ∙ മനോരമ)

ബംഗാൾ ഉൾക്കടലിൽ വീശിയ മോച്ച ചുഴലി അതിശക്തമായതിനു പിന്നിലും സമുദ്ര താപനിലയിലെ വർധനയാണ്.  ലോകത്തിലെ ഏറ്റവും വലിയ സമുദ്ര മേഖലയായ തെക്കൻ ഇന്ത്യൻ മഹാസമുദ്രമാണ് ഭൂമിയിലെ 32% ആഗോള താപത്തേയും ഉൾക്കൊള്ളുന്നത്. മുകളിലത്തെ 2 കി.മീ ഭാഗത്താണ് സമുദ്രം താപം ശേഖരിക്കുന്നത്. ഇത് മത്തിയും അയലയും പോലെയുള്ള മത്സ്യ സമ്പത്തിനെ ബാധിക്കും. ചൂട് കൂടി സമുദ്രത്തിലെ അമ്ലത്വം വർധിക്കുന്നതും സന്തുലനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.

ഹരിതഗൃഹ വാതകങ്ങളായ കാർബൺ ഡയോക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് എന്നിവയുടെ അന്തരീക്ഷത്തിലെ സാന്നിധ്യവും ഏറ്റവും പുതിയ റെക്കോഡ് സൃഷ്ടിച്ചു. 2023 ഇതുവരെയുള്ളതിൽ വച്ചേറ്റവും ചൂടേറിയ വർഷമാണെന്നും റിപ്പോർട്ട് പറയുന്നു.

English Summary:

El nino effect In Kerala; Rains Fade as Temperatures Soar 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com