ADVERTISEMENT

ബെംഗളൂരു∙ ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി.കുമാരസ്വാമിക്ക് ഇന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഹൃദയ വാൽവ് മാറ്റിവയ്ക്കും. ഹൃദയധമനികൾ ചുരുങ്ങുന്നതിനെ തുടർന്നാണിത്. മൂന്നാം തവണയാണ് വാൽവ് മാറ്റിവയ്ക്കുന്നത്. ശസ്ത്രക്രിയ വേണ്ടാത്ത ചികിത്സാ രീതിയായതിനാൽ 24ന് ഡിസ്ചാർജ് ചെയ്തേക്കും.

കടുത്ത പ്രമേഹ രോഗിയായ കുമാരസ്വാമിക്ക് 2 തവണ ഹൃദയാഘാതമുണ്ടായിട്ടുണ്ട്. സന്ദർശകരെ ഒഴിവാക്കാനാണ് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സ നടത്തുന്നതെന്നു സഹോദരീ ഭർത്താവും ഹൃദ്രോഗ വിദഗ്ധനും ബിജെപി സ്ഥാനാർഥിയുമായ ഡോ.സി.എൻ.മഞ്ജുനാഥ് പറഞ്ഞു.

Read Also: നടി രാഖി സാവന്ത് 11 ലക്ഷം രൂപ നൽകണം: മാനനഷ്ടക്കേസ് നൽകി സമീർ വാങ്കഡെ

ജെഡിഎസിന് 3 സീറ്റ്; തർക്കം തീർന്നേക്കും

ലോക്സഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന തർക്കം അവസാനിപ്പിക്കാൻ, കോലാർ സീറ്റ് ഉൾപ്പെടെ 3 മണ്ഡലങ്ങൾ സഖ്യകക്ഷിയായ ജനതാദൾ എസിനു നൽകാൻ ബിജെപി തയാറായതായി സൂചന. ഹാസൻ, മണ്ഡ്യ സീറ്റുകൾ മാത്രമേ ദളിനു നൽകാനിടയുള്ളൂ എന്ന അഭ്യൂഹങ്ങൾ കഴിഞ്ഞദിവസം പ്രചരിച്ചതോടെ, അസ്വാരസ്യം പരസ്യമാക്കി ദൾ സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമി രംഗത്തു വന്നിരുന്നു. ബിജെപി നേതൃത്വം ഡൽഹിയിൽ നടത്തിയ ചർച്ചയിലാണു ബിജെപിയുടെ സിറ്റിങ് സീറ്റായ കോലാർ കൂടി ദളിനു നൽകാനുള്ള തീരുമാനം മുന്നോട്ടുവച്ചത്.

ബെംഗളൂരു റൂറലിൽ ദേവെഗൗഡയുടെ മരുമകൻ ഡോ.സി.എൻ.മഞ്ജുനാഥ് ബിജെപി ചിഹ്നത്തിൽ മത്സരിക്കുന്നുണ്ട്. കർണാടകയിൽ ദളിന്റെ ഏക എംപിയും ദേവെഗൗഡയുടെ ചെറുമകനുമായ പ്രജ്വൽ രേവണ്ണ മത്സരിക്കുന്ന ഹാസനിൽ, ബിജെപി പ്രാദേശിക നേതൃത്വം ഇടഞ്ഞു നിൽക്കുകയാണ്. പ്രജ്വലിന് സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎ പ്രീതം ഗൗഡ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്.

English Summary:

JDS State President HD Kumaraswamy will undergo a heart valve replacement at Chennai Apollo Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com