‘ഇന്ത്യ സന്ദർശിച്ചതിൽ ഖേദിക്കുന്നില്ല’: ജാർഖണ്ഡിൽ കൂട്ടബലാത്സംഗത്തിന് ഇരയായ വിദേശ വനിത
Mail This Article
റാഞ്ചി∙ ജാർഖണ്ഡിലെ ദുംക ജില്ലയിൽ ഭർത്താവിനൊപ്പം ബൈക്ക് യാത്രയ്ക്കിടെ കൂട്ടബലാത്സംഗത്തിനിരയായ സ്പാനിഷ് വിനോദസഞ്ചാരി, താൻ ഇന്ത്യ സന്ദർശിച്ചതിൽ ഖേദിക്കുന്നില്ലെന്നു വ്യക്തമാക്കി. മാർച്ച് 2നു 28കാരിയായ യുവതി പങ്കാളിയോടൊപ്പം ഒരു താൽക്കാലിക ടെന്റിൽ രാത്രി ചെലവഴിക്കുമ്പോഴാണ് ആക്രമണം നടന്നത്. സ്പെയിനിൽ തിരിച്ചെത്തിയ ദമ്പതികൾ 67 രാജ്യങ്ങളിലൂടെ സഞ്ചരിച്ച ബൈക്ക് യാത്രയെക്കുറിച്ചും ഇന്ത്യയിലെ അനുഭവത്തെക്കുറിച്ചും ഒരു വിദേശ മാധ്യമത്തോടു സംസാരിക്കവെയാണ് ഇന്ത്യ സന്ദർശിച്ചതിൽ ഖേദിക്കുന്നില്ലെന്നു വെളിപ്പെടുത്തിയത്.
Read also: അനന്തുവിന്റെ ജീവനെടുത്തത് 25 തവണ പെറ്റിയടിച്ച ടിപ്പർ; പിഴയടച്ച ശേഷം ഓവർലോഡുമായി മരണപ്പാച്ചിൽ
‘‘ഇന്ത്യയിലേക്ക് പോകരുത് എന്നു ഞാൻ പറയുമെന്നു ലോകത്തിലെ എല്ലാവരും പ്രതീക്ഷിക്കുന്നതായി ഞാൻ കരുതുന്നു. ഇന്ത്യയിൽ എനിക്കു സംഭവിച്ചത് മറ്റെവിടെ ആയാലും സംഭവിക്കാം. വളരെക്കാലം മുൻപ് അമേരിക്കയിലൂടെ യാത്ര ചെയ്ത ദമ്പതികൾക്കും ഇത്തരമൊരു അനുഭവമുണ്ടായിട്ടുണ്ട്. വീട്ടിൽനിന്നു പുറത്തിറങ്ങി ഭയമില്ലാതെ യാത്ര ചെയ്യൂവെന്നാണ് എനിക്കു സ്ത്രീകളോടു പറയാനുള്ളത്. റോഡിൽനിന്നു വളരെ അകലയല്ലാത്ത നിങ്ങൾക്ക് ഒരു സഹായം ലഭിക്കുന്ന, മൊബൈൽ ഫോണിൽ വിളിച്ചാൽ കിട്ടുന്ന സ്ഥലത്തായിരിക്കണം ഒറ്റയ്ക്കുള്ള യാത്രകൾ. ഞാൻ വീട് വിട്ടിറങ്ങി ഒരു റിസ്‌ക്കെടുത്തു. പക്ഷേ, ഞാൻ അതിൽ ഖേദിക്കുന്നില്ല. ഇന്ത്യയിലേക്കു പോയതിൽ എനിക്കു ഖേദമില്ല. ഞങ്ങളുടെ യാത്രയെക്കുറിച്ച് എനിക്കു ഖേദമില്ല. ഒരുപക്ഷേ, ഞങ്ങൾ മറ്റൊരു വഴിക്കു പോയിരുന്നെങ്കിൽ അല്ലെങ്കിൽ ഒരു ഹോട്ടലിൽ താമസിച്ചിരുന്നെങ്കിൽ, ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു. അപകടങ്ങൾ എവിടെയും സംഭവിക്കാം. വീടിനുള്ളിലെ സുരക്ഷിത്വത്തിൽ പോലും അപകടങ്ങൾ സംഭവിക്കാം’’ – യുവതി പറഞ്ഞു.
ബൈക്ക് യാത്രകൾ തുടരാനാണ് ഉദ്ദേശിക്കുന്നതെന്നു ദമ്പതികൾ പറയുന്നു. ഞങ്ങൾ സ്‌പെയിനിൽ ഒരു ഇടവേള എടുക്കുകയാണ്. അടുത്ത യാത്ര എപ്പോഴാണെന്ന് അറിയില്ല. എന്നാൽ യാത്രക്കുള്ള ആസൂത്രണം ആരംഭിച്ചുവെന്നും ദമ്പതികൾ പറഞ്ഞു. കേസിന്റെ തുടർനടപടികൾക്കായി ഇന്ത്യയിലേക്ക് വിളിപ്പിക്കുമോ എന്നറിയില്ലെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു. വിഡിയോ കോളിലൂടെയാണെങ്കിലും ഞങ്ങളുടെ മൊഴി രേഖപ്പെടുത്താനാകുമെന്നും യുവതിയുടെ ഭർത്താവ് പറയുന്നു. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നേരത്തെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.