ADVERTISEMENT

കോഴിക്കോട്∙ പൗരത്വ ഭേദഗതി നിയമത്തിൽ (സിഎഎ) ചട്ടങ്ങൾ നടപ്പാക്കിയ സാഹചര്യത്തിൽ കോൺഗ്രസിനു ദേശീയ തലത്തിൽ നിലപാടുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ സംരക്ഷണ സമിതി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദേശീയ തലത്തിൽ കോൺഗ്രസിൽ നിന്നും എന്തെങ്കിലും പ്രതികരണമുണ്ടായോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

ഭരണഘടന സംരക്ഷണ സമിതി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലിയിൽ പങ്കെടുക്കാനെത്തിയവർ
ഭരണഘടന സംരക്ഷണ സമിതി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലിയിൽ പങ്കെടുക്കാനെത്തിയവർ

‘പാർട്ടി അധ്യക്ഷൻ  എന്തെങ്കിലും പറഞ്ഞോ? ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണം ഉണ്ടായോ? എന്തിനാണ് ഈ മൗനം. ഇതുസംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചിരിക്കുകയാണ് ചെയ്തത്. സംഘടനാ ജനറൽ സെക്രട്ടറി ഇത് നേരത്തെ നടപ്പാക്കാമായിരുന്നില്ലേ എന്നാണ് ചോദിച്ചത്. നടപ്പാക്കാമെന്ന നിലപാടല്ലേ ഇത്. ഈ ഒളിച്ചു കളി ആർഎസ്എസിനും നയം നടപ്പാക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിനുമാണ് ഗുണം ചെയ്യുക. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന്‌ നേരത്തെ പറഞ്ഞതാണ്‌.  അതുതന്നെയാണ്‌ ഇപ്പോഴും പറയുന്നത്‌. അതിൽ മാറ്റമില്ല. മുസ്‌ലിം സമുദായത്തെ രണ്ടാംകിട പൗരന്മാരായി കാണുന്നതിനെ അംഗീകരിക്കില്ല. ആർഎസ്എസിന്റെ ഹിന്ദു രാഷ്ട്രവാദം അംഗീകരിക്കാനാവില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ നിന്ന് ചിലർ മാറി നിൽക്കുന്ന സ്ഥിതി വന്നു. യോജിച്ച പ്രക്ഷോഭത്തിനില്ല എന്ന നിലപാട് സ്വീകരിച്ചു. കോൺഗ്രസ് പെട്ടെന്ന് നിലപാട് മാറ്റി. ബിജെപിയും സംഘപരിവാറും നമ്മുടെ നിലപാടിനെ അപഹസിച്ചാൽ നമുക്ക് മനസിലാകും. എന്നാൽ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെ പ്രമുഖ കോൺഗ്രസ് നേതാവ് അപഹസിച്ചു. കേരളം പ്രമേയം പാസാക്കിയതുകൊണ്ട് കാര്യമില്ലെന്ന് പറഞ്ഞു. എന്തിനാണ് അത്തരമൊരു നിലപാട് കെപിസിസി പ്രസിഡന്റ് സ്വീകരിച്ചതെന്ന് മനസ്സിലായിട്ടില്ല. അദ്ദേഹം ആ നിലപാട് പിന്നീട് തിരുത്തിയിട്ടുമില്ല. വിവേകമില്ലാതെ പറഞ്ഞതല്ല എന്നല്ലേ അതിൽ നിന്നും മനസ്സിലാക്കേണ്ടത്.  കോൺഗ്രസിന്റെ അഖിലേന്ത്യാ കമ്മിറ്റിയുടെ പിന്തുണയും അതിനുണ്ടായി. യോജിച്ച പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ പലർക്കുമെതിരെ നടപടി വന്നു.’’– മുഖ്യമന്ത്രി വിമർശിച്ചു.

പൗരത്വ നിയമത്തിനെതിരെ രാജ്യം പ്രക്ഷോഭത്തിനിറങ്ങിയ ഘട്ടത്തിൽ കോൺഗ്രസ് എംപിമാർ  പ്രമുഖ നേതാവിന്റെ വീട്ടിൽ വിരുന്നുണ്ണുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരുടെ ദേശീയ നേതാവ്‌ വിദേശത്തായിരുന്നു. ഡൽഹിയിലെ പ്രക്ഷോഭത്തിൽ പ്രമുഖ സിപിഎം നേതാക്കൾ ഉൾപ്പെടെ അറസ്റ്റ് ചെയ്യപ്പെട്ടു. ലോക്‌സഭയിൽ കേരളത്തിൽ നിന്നുള്ള പാർലമെന്റ്‌ അംഗങ്ങളിൽ എ.എം.ആരിഫിന്റെ ശബ്ദം മാത്രമേ ഉയർന്നുള്ളൂ. മറ്റുള്ളവർ മൂലയിൽ പോയി ഒളിക്കുകയായിരുന്നു. രാജ്യസഭയിൽ അതിശക്തമായ പ്രതിഷേധം ഉയർന്നു. എളമരം കരീമും ബിനോയ് വിശ്വവും കെ.കെ.രാഗേഷുമെല്ലാം ബില്ലിനെ എതിർത്തു. എന്നാൽ ആ ഘട്ടത്തിലൊന്നും കോൺഗ്രസുകാരുടെ ശബ്ദം ഉയർന്നില്ല.

ഭരണഘടന സംരക്ഷണ സമിതി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
ഭരണഘടന സംരക്ഷണ സമിതി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ

2020 ൽ ഡൽഹിയിൽ പ്രക്ഷോഭം കനത്തപ്പോഴും അതിന്റെ മുന്നിൽ കോൺഗ്രസുകാരെ കണ്ടില്ല. കേന്ദ്ര സർക്കാർ പ്രക്ഷോഭ കാർക്കെതിരെ കലാപം അഴിച്ചു വിട്ടു. നിരവധി പേർ മരിച്ചു. വീടുകൾ നഷ്ടമായി. പലരും പലായനം ചെയ്യേണ്ടി വന്നു. ഇത് ബോധപൂർവമായ നടപടിയായിരുന്നു. ആ ഘട്ടത്തിൽ ഇതിനെതിരെ രംഗത്തുവന്നത് ഇടതുപക്ഷ നേതാക്കളാണ്. അവിടെയും കോൺഗ്രസിനെ കണ്ടില്ല.  പ്രക്ഷോഭകർക്കെതിരെ വലിയ ആക്രമണമുണ്ടായപ്പൊൾ അവിടെയും ഓടിയെത്തിയത് ഇടതുപക്ഷ നേതാക്കളാണ്. കോൺഗ്രസ് കുറ്റകരമായ മൗനം തുടർന്നു. പ്രക്ഷോഭകാരികളെ വെടിവച്ചു കൊല്ലൂ എന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ ആക്രോശിക്കുന്ന നിലയുണ്ടായി. സിപിഐ എം ഡൽഹി ഘടകമാണ് അതിനെതിരെ കേസ് നൽകിയത്. പ്രക്ഷോഭത്തിൻ്റെ പേരിൽ കേസിൽ സീതാറാം യെച്ചൂരിയുടെ പേര് ഉൾപ്പെടുത്തി. അതിൽ ഒറ്റ കോൺഗ്രസുകാരൻ്റെയും പേരില്ല.പൗരത്വ ഭേദഗതി നിയമം ആർഎസ്എസ് അജണ്ടയാണ്. അതിനു പിന്നിൽ മതനിരപേക്ഷ തകർക്കുകയാണ് ലക്ഷ്യം. മുസ്‌ലിങ്ങളെ ലക്ഷ്യമിട്ടാണ് നിയമം നിർമ്മിച്ചിരിക്കുന്നത്.  റോഹിങ്ക്യൻ മുസ്‌ലിങ്ങൾ ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാൻ പോലും സാധിക്കില്ല. കുടിയേറിയ മുസ്‌ലിങ്ങളുടെ പൗരത്വത്തെ റദ്ദാക്കലാണ് ലക്ഷ്യം. ഭരണഘടനക്കും മതനിരപേക്ഷത ക്കും ചേരാത്തതാണ്. ലോകത്ത് ഒരു രാജ്യവും അഭയാർഥി കൂടിയേറ്റത്തിനെ മതാടിസ്ഥാനത്തിൽ കാണാറില്ല. ലോകത്തിനു മുന്നിൽ നമ്മൾ കുറ്റക്കാരായി മാറുന്നു. ഐക്യരാഷ്ട്ര സഭയും ആംനസ്റ്റി ഇന്റർനാഷണലും ഇതിനെതിരെ രംഗത്തു വന്നത് അതുകൊണ്ടാണ്. മോദിയുടെ ഉറ്റതോഴരായ അമേരിക്കക്കു പോലും ഈ നടപടിയെ പരസ്യമായി തള്ളിപ്പറയേണ്ടി വന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

‘‘നമ്മുടെ രാജ്യം ലോകത്തിന് മുന്നിൽ ഒറ്റപ്പെട്ടു. പരിഷ്കൃത സമൂഹത്തിനു ചേരാത്ത നാടായി നമ്മളെ കാണുന്ന സ്ഥിതി വന്നു. മൗലികാവകാശം ഹനിക്കുന്ന നിയമം കൊണ്ടുവരാൻ സർക്കാരിനാവില്ല. സുപ്രീംകോടതി തന്നെ വ്യക്തത വരുത്തിയതാണ്. നിയമത്തിനു മുന്നിൽ തുല്യതയും തുല്യ പരിരക്ഷയും ഭരണഘടന ഉറപ്പുനൽകുന്നതാണ്. ഭരണഘടന പൗരർക്കു മാത്രമല്ല ഈ പരിരക്ഷ ഉറപ്പു നൽകുന്നത്. എല്ലാ വ്യക്തികൾക്കുമാണ്. പൗരന്മാരല്ലാത്തവർക്കും ഈ അവകാശം ഉറപ്പു നൽകുന്നുണ്ട്. അതുകൊണ്ടാണ് കോടതിയെ സമീപിച്ചത്.’’– മുഖ്യമന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com