ADVERTISEMENT

തിരുവനന്തപുരം∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് ‌കേ‌ജ്‌രിവാളിന്റെ അറസ്റ്റ് ഭരണ പ്രതിസന്ധിയുണ്ടാക്കുമെന്നു ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി. മുഖ്യമന്ത്രിയെ അറസ്റ്റു ചെയ്യുന്നത് രാജ്യത്ത് ആദ്യമാണ്. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്താൽ എന്തു ചെയ്യണമെന്നു ഭരണഘടനയിലോ നിയമത്തിലോ പറയുന്നില്ല. മുഖ്യമന്ത്രി രാജിവയ്ക്കുന്നതുവരെയോ മന്ത്രിസഭ പിരിച്ചുവിടപ്പെടുന്നതുവരെയോ നിയമപരമായി സ്ഥാനത്തു തുടരാം.

അങ്ങനെ വരുമ്പോൾ, ജയിലിൽനിന്ന് എങ്ങനെ ഒരു മുഖ്യമന്ത്രിക്കു പ്രവർത്തിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. ‘‘മന്ത്രിസഭായോഗം ചേരണം, ഫയലുകൾ നോക്കണം. ഓഫിസുമായി ചർച്ച ചെയ്യണം. ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുമായി ചർച്ച നടത്തണം. ചീഫ് സെക്രട്ടറിയോടു പല കാര്യങ്ങളിലും വിശദീകരണം തേടേണ്ടിവരും. ഇതെല്ലാം ജയിലിലിരുന്ന് എങ്ങനെ സാധിക്കും എന്നതാണു പ്രായോഗിക പ്രശ്നം.

മുഖ്യമന്ത്രി എവിടെയങ്കിലും പോകുമ്പോഴോ അദ്ദേഹത്തിന് അസുഖം വരുമ്പോഴോ പകരം ചുമതലയേൽപിക്കാറുണ്ട്. മന്ത്രിസഭായോഗം വിളിക്കുന്നതും ചുമതല നിറവേറ്റുന്നതും പകരക്കാരനായിരിക്കും. ഇത്തരം വഴികളാണുള്ളത്. അല്ലാതെ എഎപി പറയുന്നതുപോലെ ജയിലിൽ ഇരുന്നു ഭരിക്കാൻ പ്രായോഗികമായി കഴിയുമെന്ന് തോന്നുന്നില്ല. ജയിൽ നിയമം അനുസരിച്ചേ പ്രവർത്തിക്കാൻ കഴിയൂ. മുഖ്യമന്ത്രിയായാലും ജയിൽ നിയമം അനുസരിച്ചു തടവുകാരനാണ്. ജയിൽ നിയമം അനുസരിച്ചു പ്രവർത്തിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്. കേജ്‌രിവാളിന് രാജി വയ്ക്കുന്നതുവരെ അധികാരത്തിൽ തുടരാൻ കഴിയും.

രാജിവച്ചശേഷം പൂർണ ചുമതല മറ്റൊരാൾക്കു നൽകുന്നതാണ് ഉചിതം. അല്ലെങ്കിൽ മറ്റൊരാൾക്കു താൽക്കാലിക ചുമതല കൊടുക്കണം. ഭരണത്തിലിരിക്കുന്ന മുഖയമന്ത്രിെയ അറസ്റ്റ് ചെയ്യുന്ന രീതി സാധാരണയില്ല. മുഖ്യമന്ത്രി ഒരു സംസ്ഥാനത്തിന്റെ ഭരണത്തലവനാണ്. ഭരണപരമായ പ്രതിസന്ധിയാണ് ഇതിലൂടെ ഉണ്ടാകുന്നത്. അന്വേഷണ ഏജൻസി ഒരു സർക്കാരിന്റെ നിയന്ത്രണത്തിലുള്ളതാണ്. രാഷ്ട്രീയ തീരുമാനപ്രകാരമാണ് അവർ പ്രവർത്തിക്കുന്നത്. അവരോടു നിർദേശിച്ചിട്ടാണ് അറസ്റ്റ് ചെയ്യുന്നത്. സാധാരണ ഉണ്ടാകാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നത്’’ – അദ്ദേഹം വ്യക്തമാക്കി.

English Summary:

Delhi's Crisis: Can Chief Minister Arvind Kejriwal Govern from Behind Bars?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com