ADVERTISEMENT

ചെന്നൈ∙ കെ.പൊന്മുടി വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ.എൻ രവി പൊന്മുടിക്ക് സത്യവാചകം ചൊല്ലികൊടുത്തു.  പൊന്മുടിയെ അഭിനന്ദിച്ച ഗവർണർ സ്റ്റാലിനുമായി സൗഹാർദ്ദ സംഭാഷണം നടത്തി. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് രാജ്ഭവന്‍ കത്തയച്ചു. പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചുവെന്ന് എ.ജി രാവിലെ കോടതിയെ അറിയിച്ചിരുന്നു. കോടതി കാരണം ജനാധിപത്യം നിലനിന്നുവെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.

ക്രിമിനല്‍ക്കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്‌റ്റേ ചെയ്തിട്ടും പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. തങ്ങളുടെ ഉത്തരവിനെ ധിക്കരിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ താക്കീത്. 

ക്രിമിനല്‍ക്കേസില്‍ കുറ്റക്കാരനാണെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടും ഡിഎംകെയുടെ മുതിര്‍ന്ന നേതാവായ കെ.പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാത്ത വിഷയത്തിലാണു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പൊട്ടിത്തെറിച്ചത്. തമിഴ്‌നാട് ഗവര്‍ണറുടെ നടപടിയില്‍ കടുത്ത ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു. തീരുമാനമെടുത്തില്ലെങ്കില്‍, കേസ് ഇന്നു പരിഗണിക്കുമ്പോള്‍ ഉത്തരവു പുറപ്പെടുവിക്കാന്‍ മടിക്കില്ലെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതോടെയാണ് ഗവര്‍ണര്‍ വഴങ്ങിയത്. 

കെ.പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനുള്ള നിര്‍ദേശം തള്ളിയ ഗവര്‍ണര്‍ ആര്‍.എന്‍.രവിക്കെതിരെ തമിഴ്‌നാട് സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. പൊന്മുടിയെ മന്ത്രിയാക്കാനും മന്ത്രിമാരുടെ വകുപ്പു മാറ്റത്തിനും അനുമതി നല്‍കാന്‍ ഗവര്‍ണറോട് കോടതി നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊന്മുടിയെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ശിക്ഷ നടപ്പാക്കുന്നത് തല്‍ക്കാലത്തേക്കു മാത്രമാണു തടഞ്ഞതെന്നും കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ആവശ്യം ഗവര്‍ണര്‍ തള്ളുകയായിരുന്നു.

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊന്‍മുടിക്കും ഭാര്യ പി.വിശാലാക്ഷിക്കും മദ്രാസ് ഹൈക്കോടതി 3 വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. തുടര്‍ന്ന് എംഎല്‍എ പദവിയില്‍നിന്ന് അയോഗ്യനാക്കി. എന്നാല്‍ ശിക്ഷ നടപ്പാക്കുന്നത് പിന്നീട് സുപ്രീംകോടതി തടയുകയായിരുന്നു.

2006 -2011 കാലത്ത് ഡിഎംകെ മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസ, ഖനി മന്ത്രിയായിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചതിനു വിജിലന്‍സ് നേരത്തേ കേസെടുത്തെങ്കിലും വെല്ലൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൊന്‍മുടി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കി. എന്നാല്‍, കേസ് സ്വമേധയാ പുനഃപരിശോധിച്ച ഹൈക്കോടതി, കീഴ്‌ക്കോടതിക്കു തെറ്റുപറ്റിയെന്നു കണ്ടെത്തി. വരുമാനത്തിന്റെ 64.90% അധികം ആസ്തി നേടിയെന്നും 1.75 കോടി രൂപയിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നുമായിരുന്നു കുറ്റപത്രത്തിലെ ആരോപണം.

English Summary:

K. Ponmudi invited for sworn in by Tamilnadu Governor RN Ravi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com