ADVERTISEMENT

‘ലക്കാവ ഡിസൈൻ’ സ്ഥാപകയും മീഡിയ ഡിസൈൻ കൺസൾറ്റന്റുമായ ലൂസി ലക്കാവയുടെ ആദ്യത്തെ ഇന്ത്യൻ പ്രോജക്ടാണ് മലയാള മനോരമയുടെ പുതിയ രൂപകൽപന. ‘ടിഫനി വൈരക്കല്ല്’ പോലെ അപൂർവ വജ്രങ്ങളെ കണ്ടാൽ വേറിട്ടറിയാവുന്നതുപോലെ ലൂസി ലക്കാവയുടെ ഡിസൈൻ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാമെന്നാണ് പത്രരൂപകൽപനാ രംഗത്തെ വിഖ്യാതനായ മരിയോ ഗാർ‌സിയ ഒരിക്കൽ പറഞ്ഞത്. കൃത്യതയിലെ ഈ കയ്യടക്കം ലക്കാവയുടെ മുഖമുദ്രയാകാനുള്ള പ്രധാന പ്രചോദനങ്ങളിലൊന്ന് ഇറ്റലിയിൽ അച്ഛന്റെ തയ്യൽപ്പണിശാലയിലെ കൈപ്പുസ്തകങ്ങൾ മറിച്ചുനോക്കി വിസ്മയം കൊണ്ട അവരുടെ ബാല്യമാണ്. സ്യൂട്ടുകളുടെയും മറ്റും അളവുഭംഗികളും തുന്നൽവിദ്യകളും വിവരിക്കുന്ന പുസ്തകങ്ങൾക്കൊപ്പം മണിക്കൂറുകൾ ചെലവിടുമായിരുന്ന കൊച്ചുകുട്ടി വളർന്നപ്പോൾ ഭാഷകളോടും വിവർത്തനത്തോടുമായി ഇഷ്ടം. പിന്നെ വിഷ്വൽ ആർട്സ് പഠിച്ച് ഡിസെനിൽ ബിരുദം നേടി. ഒരു സുഹൃത്തിന്റെ കടയ്ക്കുവേണ്ടി ലക്കാവ ചെയ്തുകൊടുത്ത പരസ്യങ്ങൾ ശ്രദ്ധിച്ച മോൺട്രിയോൾ ഗസെറ്റ് പത്രം  1982ൽ അവരെ പരസ്യവിഭാഗത്തിൽ ജോലിക്കെടുത്തു. പിന്നീട് ഗ്രാഫിക്സ് വിഭാഗത്തിലേക്കു മാറി, 1987ൽ പത്രത്തിന്റെ ആർട്ട് എഡിറ്ററായി. അക്കാലത്തൊരുക്കിയ ഫാഷൻ സംബന്ധിയായ പേജിന് സൊസൈറ്റി ഫോർ ന്യൂസ് ഡിസൈൻ സൊസൈറ്റിയുടെ അവാർഡ് ലഭിച്ചതോടെയാണ് ഡിസൈനർമാരുടെ ഇടയിൽ ലക്കാവ സ്വന്തം ഇടം ഉറപ്പിച്ചത്. ചിത്രകലയിലും ഫോട്ടോഗ്രഫിയിലും പ്രാവീണ്യമുള്ള അവർ 1992ൽ കാനഡയിലെ മോൺട്രിയോളിൽ ‘ലക്കാവ ഡിസൈൻ’ എന്ന സ്റ്റുഡിയോ സ്ഥാപിച്ച് ന്യൂസ്പേപ്പർ ഡിസൈനിങ്ങിൽ പൂർണശ്രദ്ധ പതിപ്പിച്ചു. മലയാള മനോരമയ്ക്കായി പുതിയ രൂപകൽപന ഒരുക്കുമ്പോൾ ഇതുവരെ പരിചയിക്കാത്തൊരു ഭാഷയും സംസ്കാരവും തന്റെ ഡിസൈൻ സങ്കേതങ്ങളിലേക്ക് സന്നിവേശിപ്പിക്കാൻ ശ്രമിച്ച ലക്കാവ അക്കാര്യങ്ങൾ വിവരിക്കുന്നു. 

? മനോരമയിൽ ഇപ്പോൾ അവതരിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട രൂപകൽപനാ മാറ്റങ്ങൾ എന്തൊക്കെയാണ്, എന്തുകൊണ്ടാണ്?
       വാർത്താ വിന്യാസത്തിൽ അടുക്കും ക്രമവും ഉറപ്പാക്കുകയെന്നത് പുതിയ ഡിസൈനിന്റെ കാതലായ മാറ്റമാണ്. ഓരോ പേജിനും ‘ഫോക്കസ്’ ഉണ്ടാക്കിയെടുക്കുക. മനോരമയിൽ മികവുറ്റ ഫൊട്ടോഗ്രഫർമാർ ഒട്ടേറെയുണ്ട്. രാജ്യമെമ്പാടും അവരുണ്ട്. നല്ല ചിത്രങ്ങൾക്ക് നല്ല പ്രാധാന്യം ഉറപ്പാക്കുന്ന ഡിസൈൻ ഒരുക്കുക എന്നതിലും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. പേജിന്റെ ഫോക്കസ്, ഫോട്ടോ എന്നീ രണ്ടു കാര്യങ്ങളാണ് മനോരമയുടെ ഡിസൈൻ പദ്ധതിക്കായി ഞാൻ ആദ്യം ചിന്തിച്ചുതുടങ്ങിയത്. ടൈപ്പോഗ്രഫിയുടെ കാര്യമെടുത്താൽ, നിലവിലുള്ള കിങ്ങിണി ഫോണ്ട് എനിക്ക് വളരെ ആകർഷകമായിത്തോന്നി. അതുപോലെ, ആർച്ചയും.

? ഗുണമേന്മയുള്ള പത്രം നിലനിൽക്കുമെന്നു വിശ്വസിക്കുന്ന ഡിസൈനറാണ് താങ്കൾ. രൂപകൽപനയിലെ മികവ് കൂടി ആകുന്നതോടെ എത്രത്തോളം യാഥാർഥ്യമാക്കാനാകും?
            പുതിയ കാലത്തെ പത്രവായനക്കാർ, പ്രത്യേകിച്ച് യുവജനങ്ങൾ, അച്ചടിയിൽ മാത്രം ഒതുങ്ങുന്നവരല്ല. പത്രത്തിലെ ഒരു വാർത്ത വായിച്ചുകഴിഞ്ഞ് അതുമായി ബന്ധപ്പെട്ട ദൃശ്യമാധ്യമ വാർത്തയിലാകും അടുത്ത നിമിഷം അവരുടെ ശ്രദ്ധ.  ഇന്റർനെറ്റിന്റെ തുടക്കത്തിൽ ന്യൂസ്‌പേപ്പറുകൾ കരുതിയത് തങ്ങൾക്ക് വായനക്കാരെ നഷ്ടപ്പെടാൻ പോകുകയാണെന്നാണ്. പക്ഷേ, ഒരേ ബ്രാൻഡിനു കീഴിലുള്ള വിവിധ പ്ലാറ്റ്ഫോമുകൾക്ക് പരസ്പരം റഫറൻസ് നൽകാം. മനോരമ എന്ന ബ്രാൻഡിനു കീഴിലുള്ള മറ്റു വാർത്താ സ്രോതസ്സുകളിലേക്ക് വഴികാട്ടുന്ന ക്രോസ് റെഫറൻസ് സംവിധാനം ഡിസൈനിൽ വരുന്നത് പുതിയകാലത്തിനു ചേരുന്ന പരിഷ്കാരമാണ്.

? ഈ രംഗത്തേക്ക് വന്നതിനെപ്പറ്റി?
             ഗ്രാഫിക് ഡിസൈനിൽ സ്‌പെഷലൈസേഷനുമായാണ് ബിരുദമെടുത്തത്. പക്ഷേ ആദ്യ ജോലി പത്രത്തിലായിരുന്നു. പരസ്യവിഭാഗത്തിൽ. പിന്നെ എഡിറ്റോറിയലിലേക്കു മാറി. പത്രങ്ങൾ എന്തുകൊണ്ടാണ് ഇങ്ങനെ ഉളളടക്ക വിന്യാസത്തിൽ വിരസത തോന്നിപ്പിക്കുന്നതെന്ന് ആദ്യമായി ചിന്തിച്ചത് അപ്പോഴാണ്. നേരേ മറിച്ച്, മാഗസിനുകൾ അതിമനോഹരവും. സ്ഥലം കൂടുതലുണ്ടായിട്ടും മാഗസിനുകളുടെ പേജുകൾ പോലെ പത്രങ്ങൾ മനോഹരമല്ലാത്തത് എന്തു കൊണ്ടാണ് എന്നു ചിന്തിച്ചു. അങ്ങനെയാണ് മാഗസിനുകളെപ്പോലെ കാഴ്ചയിൽ മനോഹരമായ പത്ര ഡിസൈനുകൾ ചെയ്തു തുടങ്ങിയത്. നല്ല പ്രതികരണമായിരുന്നു. ലെ ദെവ്വായിലെത്തിയപ്പോൾ, ബ്ലാക്ക് ആൻഡ് വൈറ്റ് പേജുകൾ ആയിരുന്നിട്ടുപോലും  പുതുമയുള്ള ഡിസൈനുകൾ കാണാൻ വളരെ ആകർഷകമായിരുന്നു. കലയിലും സംസ്‌കാരത്തിലും ശ്രദ്ധ ഏറെ കൊടുത്ത ഇന്റലക്ച്വൽ പത്രം കൂടിയായിരുന്നു അത്. എനിക്ക് രൂപകൽപന ചെയ്യാൻ കിട്ടിയ ഉള്ളടക്കം ഡിസൈൻ ഭംഗി ഉറപ്പാക്കത്തക്കവിധം രസകരമായിട്ടുള്ളതായിരുന്നു. ആ പത്രം ഇന്നും വളരെ ക്ലാസ്സി ലുക്ക് തുടരുന്നു. ഈയിടെ ഡിസൈൻ പരിഷ്കാരത്തിൽ ഞാൻ വീണ്ടും പങ്കാളിയായി.

? ന്യൂയോർക്ക് ടൈംസ് പത്രം  റീഡിസൈൻ ചെയ്യാൻ കിട്ടിയിരുന്നെങ്കിൽ എന്ന മോഹം ഒരു കാലത്ത് മനസ്സിലുണ്ടായിരുന്നതായി പഴയ ഒരു അഭിമുഖത്തിൽ വായിച്ചിട്ടുണ്ട്. അതു സത്യമാകുകയാണെന്നു കരുതുക. ന്യൂയോർക്ക് ടൈംസിനു വേണ്ടി ലക്കാവ നടത്തുന്ന ഡിസൈൻ പുതുമകൾ എന്തൊക്കെയായിരിക്കും?
          അത് വർഷങ്ങൾക്കുമുൻപു തോന്നിയ, വളരെ പഴയൊരു മോഹമാണ്. ഇന്നത്തെ ന്യൂയോർക്ക് ടൈംസ് ബഹുദൂരം മുന്നേറിയിരിക്കുന്നു. എന്നെപ്പോലെ ഒരു ഡിസൈനറെ അവർക്ക് ആവശ്യമുണ്ടെന്നു തന്നെ തോന്നുന്നില്ല. എങ്കിലും, അവസരം കിട്ടിയാൽ, ആ പത്രത്തിന്റെ ഉൾപ്പേജുകളിൽ ഇപ്പോഴുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് വിരസത ഒഴിവാക്കാനുളള ശ്രമം നടത്തും. നിറത്തിന്റെ അഭാവം പ്രകടമാണ്. പിന്നെ പത്രത്തിന്റെ പല പേജുകളും അത്ര ആകർഷകമെന്നു പറയാനാകില്ല. ഓരോ വിഭാഗത്തിന്റെയും ആമുഖം രസകരമായി അല്ല ഡിസൈൻ ചെയ്തിട്ടുള്ളത്. അതെല്ലാം മാറ്റിയെടുക്കണം. 

ലൂസി ലക്കാവ
ലൂസി ലക്കാവ

? രൂപകൽപന എന്നത് ഒരു പത്രത്തിന്റ ‘വിഷ്വൽ സ്ട്രാറ്റിജി’ ആണല്ലോ. എത്രമാത്രം പ്രധാനപ്പെട്ടതാണത്?   
                  വാർത്തകളെ ക്രമത്തിൽ വിന്യസിക്കുകയെന്നത് സ്ട്രാറ്റജി തന്നെയാണ്. മുഖ്യ വാർത്തയ്ക്ക് ആ പ്രാധാന്യം വേണം. മറ്റു വാർത്തകൾക്ക് അവയുടേതായ പ്രാധാന്യം വേണം. ചെറിയ വാർത്തകളെ ഒരുമിച്ചാക്കി ‘പാക്കേജ്’ ആയി നൽകണം. അത്തരമൊരു ക്രമം കൊണ്ടുവരുന്നത് വായനക്കാർക്ക് എളുപ്പമാകും. ഫോട്ടോകൾക്ക് അർഹമായ ഇടം ഒരുക്കാൻ ഇങ്ങനെ വാർത്തകളെ പാക്കേജ് ചെയ്യുന്നത് നല്ലതാണ്. ഉൾപ്പേജുകളിൽ എന്തെല്ലാം എന്നു പറയുന്ന ‘നാവിഗേഷൻ’ സൂചനകൾ ഒന്നാം പേജിൽ നൽകുന്നതും വായനയ്ക്ക് സഹായമാകും. ലിവറികൾക്കും ലേബലുകൾക്കും നിറം അവതരിപ്പിച്ചു എന്നതാണ് മനോരമയിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങളിലൊന്ന്. പരമ്പരാഗതമായി പത്രമാധ്യമത്തിനുള്ള വിശ്വാസ്യതയുടെ സൂചകമാണ് നിറമില്ലാത്ത്, കറുത്ത അക്ഷരങ്ങളിലെ തലക്കെട്ട്. തലക്കെട്ടുകളിലെ നിറം ഒഴിവാക്കുകയെന്നത് ഇത്തരത്തിൽ പ്രധാനം തന്നെയാണ്. വ്യാജവാർത്തകളുടെ ഇക്കാലത്ത് വാർത്താ തലക്കെട്ടുകൾ കറുത് അക്ഷരങ്ങളിൽ നിലനിർത്തുകയെന്നത് ഒരു വാർത്താനയം കൂടിയാണ്. തലക്കെട്ടിൽ നിറം ഒഴിവാക്കിയപ്പോ‍ൾ മറ്റു രീതികളിൽ നിറം ഉൾക്കൊള്ളിച്ചു. ഇന്ത്യ നിറക്കൂട്ടുകളുടെ രാജ്യവുമാണല്ലോ. സുഗന്ധവ്യഞ്ജനങ്ങൾ, സാരികൾ എന്നിങ്ങനെ ഇന്ത്യയെന്നാൽ മനസ്സിലേക്ക് വരുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ, ഇവിടത്തെ നിരത്തുകളിലെ ആളുകളുടെ വേഷത്തിൽ കാണാം പ്രസരിപ്പാർന്ന നിറങ്ങൾ. ആ ഊർജവും പ്രസരിപ്പും പത്രത്തിലും പ്രതിഫലിക്കണം.

? മറ്റു ഭാഷകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളത്തിലെ അക്ഷരങ്ങളുടെ സവിശേഷതകളായി എന്തൊക്കെയാണ് കാണുന്നത് ? ഡിസൈനിങ്ങിൽ അതൊരു വെല്ലുവിളിയായോ? 
          വ്യത്യാസങ്ങളാണ് ഏറെയും. ഹൈഫൻ ഇല്ല. ക്യാപിറ്റൽ ലെറ്റർ ( തുടക്കത്തിലെ വലിയ അക്ഷരം ) ഇല്ല. ചില വാക്കുകൾക്ക് നീളം കുടുതൽ, അപ്പോ‍ൾ സ്പെയ്സിങ്ങിൽ ശ്രദ്ധിക്കാനുള്ള കാര്യങ്ങൾ... എന്നിങ്ങനെ പലതുമുണ്ട്. ലാറ്റിൻ ഇതര ഭാഷകളിൽ ഡിസൈനിങ് ഒരു വെല്ലുവിളി തന്നെയാണ്. മലയാളം വാക്കുകളുടെ നീളം പരിഗണിച്ചാൽ, കൃത്യമായ സ്പെയ്‌സിങ് ഉറപ്പാക്കാനാകുംവിധമുളള വലുപ്പം പത്രത്തിന്റെ കോളത്തിന് ഇല്ല എന്നൊരു ഘടകവുമുണ്ട്. ഭാഷയുടെ ഇത്തരം സവിശേഷതകൾ ഡിസൈനിങ്ങിനു വെല്ലുവിളിയായി മാറുന്നത് ഇതാദ്യമല്ല. യുഎഇയിൽ അറബിക് പത്രം രൂപകൽപന ചെയ്യാൻ അവസരം ലഭിച്ചപ്പോൾ സമാനമായ ഭാഷാപ്രശ്നങ്ങൾ ഉണ്ടായി. വായിക്കുന്ന‌് വലത്തുനിന്ന് ഇടത്തോട്ട് ആണല്ലോ. ദ്വിഭാഷിയുടെ സഹായത്തോടെയാണ് അന്ന് ആ ഡിസൈൻ ജോലി ചെയ്തത്. ഓരോ ഘട്ടത്തിലും പരിഭാഷകരുടെ സഹായം വേണ്ടിവന്നു. ഗൂഗിൾ ട്രാൻസ്‌ലേഷൻ ഇല്ലാത്ത കാലം. ഇന്ന് കാര്യങ്ങൾ ഒരുപാടു മാറി. മറ്റൊരു ഭാഷയെ ഫോണിൽ അനായാസം പരിഭാഷപ്പെടുത്താം. 

? മനോരമയ്ക്കു വേണ്ടിയുള്ള രൂപകല്പനാ സങ്കേതങ്ങളിൽ ഏതെങ്കിലും കരിയറി‍ൽ ആദ്യമായി പരീക്ഷിച്ചതായി ഉണ്ടോ?
           ഞാനാദ്യമാണ് ഇത്രയേറെ നിറങ്ങൾ പരീക്ഷിക്കുന്നത്. പരിമിതമായ നിറങ്ങൾ ഉപയോഗിച്ച്, പകിട്ട് കുറച്ചുള്ള രൂപകൽപനകളാണ് ഞാനിതുവരെയും നടത്തിയിരുന്നത്. എല്ലാ വാർത്തകളും വേറിട്ടു നിൽക്കുകയും ശ്രദ്ധ കവരുകയും ചെയ്യണം എന്നതിനാണ് ഇവിടെ പ്രാധാന്യം. ഓരോ പേജിലും വേറിട്ട വിഷയങ്ങൾ. പക്ഷേ എല്ലാം ഒരേ പത്രത്തിന്റെ പേജുകളെന്ന ബന്ധവും വേണം. ഒരു സിംഫണി പോലെയാണിത്. ഉയർച്ച, താഴ്ചകൾ പലതുണ്ടെങ്കിലും എല്ലാം ഒരേ സംഗീതത്തിന്റെ ഭാഗം.

? വർഷങ്ങൾക്കു മുൻപ്, കാനഡയിലെ ഫ്രഞ്ച് പത്രമായ  ലെ ദെവ്വാ  വെറും രണ്ടു നിറങ്ങൾ മാത്രം ഉപയോഗിച്ചു ലക്കാവ രൂപകൽപന ചെയ്തത് പ്രശംസ നേടിയിരുന്നല്ലോ.
            അന്ന് പത്രം ഏതാണ്ടു പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ്. പരസ്യം നൽകുന്നവർ  നിറമുള്ള പരസ്യത്തിനായി  പണം മുടക്കുന്നെങ്കിൽ മാത്രം പത്രത്തിൽ നിറമുള്ള പേജുകൾ കാണും. ഇത്തരം സ്‌പോട്ട് കളർ മാത്രമാണ് നിറത്തിനായി ആശ്രയിക്കാനുളളത്. സ്‌പോട്ട് കളറിനെ എഡിറ്റോറിൽ ആവശ്യത്തിനായി ഉപയോഗിക്കാൻ ശ്രമിച്ച ആദ്യത്തെ ഡിസൈനർമാരിൽ ഒരാളാണു ഞാൻ. നാലു നിറങ്ങൾ ചേർന്നുള്ള പതിവ് പ്രിന്റിങ് പ്രക്രിയയുടെ ഭാഗമല്ലാത്ത നിറമാണ് സ്‌പോട്ട് കളർ. നീല, പിങ്ക്, സയാൻ എന്നിങ്ങനെ നിറങ്ങളാകും പലപ്പോഴും. ഇവയിലൊന്നിനെ പേജിൽ എവിടെയെങ്കിലും വിവേകപൂർണമായി ഉപയോഗിക്കുക എന്ന രീതിയാണ് ഞാനന്നു നടപ്പിലാക്കിയത്. ഇന്ന് ലെ ദെവ്വാ എല്ലാ പേജുകളും കളറിലാണ്.

? ല പ്രെസ് പത്രത്തിനു വേണ്ടി ഇൻവേർട്ടഡ് എൽ (തല തിരിച്ചിട്ട ഇംഗ്ലിഷ് എൽ അക്ഷരാകൃതി) ഡിസൈനു വേണ്ടി ഉപയോഗിച്ചതും അന്ന്  പുതുമയായി.
            ഇൻവേർട്ടഡ് എൽ ആദ്യകാല വെബ് പേജുകളുടെ നാവിഗേഷൻ രീതിയിൽനിന്നു പ്രചോദനം ഉൾക്കൊണ്ടതാണ്. ലംബവും തിരച്ഛീനവുമായി വിഷയങ്ങൾ അടുക്കിവയ്ക്കുന്ന രീതി. ആ രൂപമാതൃക പത്രത്തിന്‌റെ പേജിനും നൽകിയുള്ള പരീക്ഷണമായിരുന്നു എന്റേത്.  പത്രത്തിന്‌റെ പേരും മറ്റു വിവരങ്ങളും ഉൾപ്പെടെ ബോക്‌സുകൾ മുകൾഭാഗത്ത്. ആ വായന ഇടതുവശത്ത് താഴോട്ടു നീളുന്നു. കൂടുതൽ വിവരങ്ങൾ അവിടെയുണ്ടാകും. എൽ ആകൃതി. പക്ഷേ, തലതിരിച്ചെഴുതിയ എൽ. പിന്നീട് പലരും അത് അനുകരിച്ചു. ഈ ഡിസൈൻ മാതൃക ജനകീയമായി മാറി. ഡിസൈനിങ് രംഗത്തെ എന്റെ എതിരാളികൾ പോലും അത് അനുകരിക്കുന്നതാണ് പിന്നീട് കണ്ടത്.

? പത്ര ഡിസൈനിങ് രംഗത്ത് വനിതകൾ ഏറെയുണ്ടോ?
            വനിതകളുണ്ട്, പക്ഷേ എന്നെപ്പോലെ ഇത്രയും തിരക്കുള്ളവർ ചുരുക്കമാണെന്നാണു തോന്നുന്നത്. ഞാൻ സർവകലാശാലകളിൽ പഠിപ്പിക്കുന്നുമുണ്ട്. ഈ തൊഴിലുമായി ബന്ധപ്പെട്ട ക്ലാസുകൾ. മീഡിയ സ്ഥാപനങ്ങൾക്ക് വേണ്ട ഡിസൈൻ സംബന്ധിച്ച കോഴ്സുകളാണവ. മുഖ്യമായും  ടൈപ്പോഗ്രഫിയെക്കുറിച്ച്.

? ഡിസൈൻ ചെയ്യുമ്പോൾ വാർത്തയ്ക്ക് അല്ലെങ്കിൽ ചിത്രത്തിന് നൽകുന്ന ശ്രദ്ധ, വിശദാംശങ്ങളിൽ കൊടുക്കുന്ന ഊന്നൽ എങ്ങനെ?
            ഡിസൈൻ പ്രധാനമാണ്. ഒപ്പം, വിശദാംശങ്ങളും. ക്രമവും ചിട്ടയും പാലിക്കണം. ഒരു സ്വിസ് വാച്ച് പോലെയാണ്. കൃത്യത. അതിലാണ് എല്ലാം. കാഴ്ചയിലെ മനോഹാരിതയ്ക്കപ്പുറം, അളവുകളിലെ കൃത്യതയാണ് മികവ് ഉണ്ടാക്കുന്നത്. ഒരു ഗംഭീര ചിത്രം ഉണ്ടായിട്ട് കാര്യമില്ല, അതിനു ചുറ്റുമുള്ള ചെറുകാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ, അളവുകൾ ശരിയായില്ലെങ്കിൽ, ആ പടത്തിന്റെ പൂർണമായ ഭംഗി കാഴ്ചക്കാർക്ക് അനുഭവിക്കാൻ ആകില്ല. 

* കൃത്യതയിലും അളവുകളിലും സൗന്ദര്യം കുടിയിരിക്കുന്നു, അല്ലേ?
            തീർച്ചയായും. ചെറിയ കാര്യങ്ങളാണ് പ്രധാനം. ഗോഡ് ഈസ് ഇൻ ദ് ഡീറ്റെയിൽസ് എന്നാണല്ലോ. എന്നെ സംബന്ധിച്ചിടത്തോളം ഇക്കാര്യം വളരെ പ്രധാനപ്പെട്ടതാണ്.

English Summary:

Lucie Lacava Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com