കട്ടപ്പന ഇരട്ടക്കൊലപാതകം: പ്രതി ദുർമന്ത്രവാദത്തെക്കുറിച്ച് പറയുന്ന നോവലിന്റെ എഴുത്തുകാരൻ, അരലക്ഷത്തോളം വായനക്കാർ

Mail This Article
തൊടുപുഴ∙ കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നിതീഷ് ആഭിചാരക്രിയകളിലൂടെ പെൺകുട്ടിയെ സ്വന്തമാക്കുന്ന ദുർമന്ത്രവാദിയുടെ കഥപറയുന്ന നോവല്‍ എഴുതിയയാൾ. ഒരു ഓൺലൈൻ സൈറ്റിലാണു മഹാമാന്ത്രികമെന്ന പേരിൽ നോവൽ നിതീഷ് പ്രസിദ്ധീകരിച്ചത്. 2018 ൽ പ്രസിദ്ധികരിച്ച നോവൽ ഇതുവരെ അരലക്ഷത്തോളം പേരാണു വായിച്ചത്.
ഓൺലൈൻ സൈറ്റിൽ പ്രസിദ്ധികരിച്ച നോവലിൽ അടിമുടി ദുർമന്ത്രവാദവും ആഭിചാരക്രിയകളും പകപോക്കലുമാണ്. 2018ൽ ആറ് അധ്യായങ്ങൾ മാത്രം എഴുതി, തുടരുമെന്നു സൂചിപ്പിച്ചു നിതീഷ് നോവൽ അവസാനിപ്പിച്ചു. ഒരു നിഷ്കളങ്ക പെൺകുട്ടിയെ ബുദ്ധിഭ്രമത്തിന് അടിമയാക്കി സ്വന്തമാക്കാൻ ശ്രമിക്കുന്ന ദുർമന്ത്രവാദിയും അയാളിൽനിന്നും പെൺകുട്ടിയെ മോചിപ്പിക്കാൻ ശ്രമിക്കുന്ന മറ്റൊരു മന്ത്രവാദിയുമാണു നോവലിന്റെ ഇതിവൃത്തം. മന്ത്രവാദത്തിലൂടെ ചുടലരക്ഷസിനെ വിളിച്ചു വരുത്തുന്നതും താന്ത്രിക വിദ്യകളുമെല്ലാം നോവലിൽ പ്രതിപാദിച്ചിട്ടുണ്ട്.
സിനിമയിലെ സീനുകൾക്കു സമാനമായ രീതിയില്‍ നിതീഷ് കുറ്റകൃത്യം മറയ്ക്കാൻ ശ്രമിച്ചെന്നതും ഞെട്ടിക്കുന്നതാണ്. ദൃശ്യം സിനിമയിലെ നായകൻ മൃതദേഹം പൊലീസ് സ്റ്റേഷന്റെ തറയിലാണു മറവു ചെയ്തതെങ്കിൽ ഇവിടെ വിജയൻ എന്നയാളുടെ മൃതദേഹം നിതീഷ് മറവ് ചെയ്തതു വീടിന്റെ തറയിലാണെന്നതും ഞെട്ടിപ്പിക്കുന്നു. കൂട്ടുപ്രതി പിടിയിലായ ദിവസം താൻ കൊച്ചിയിലായിരുന്നെന്നു കാണിക്കാൻ ബസ് ടിക്കറ്റ് പൊലീസിനെ കാണിച്ചതും സിനിമാ രംഗം പോലെ തന്നെ.
നിതീഷ് പി.ആർ. എന്ന തൂലികാ നാമത്തിലാണ് ഓൺലൈൻ സൈറ്റിൽ നോവൽ പ്രസിദ്ധീകരിച്ചത്. ബാക്കി കഥ അന്വേഷിച്ചും എഴുത്തുകാരനെ അഭിനന്ദിച്ചും നിരവധി വായനക്കാരാണു കമന്റ് ചെയ്തിരിക്കുന്നത്. എഴുത്തുകാരനെ നേരിൽ കാണാൻ സാധിക്കുന്നതു ഭാഗ്യമായി കരുതുന്ന വായനക്കാർ പോലും കമന്റ് ബോക്സിൽ ധാരാളമുണ്ട്. നോവലിന്റെ ബാക്കി എഴുതാത്തതിൽ പരിഭവിക്കുന്നവരുമുണ്ട് ഈ കൂട്ടത്തിൽ.
ഇതിനു പുറമേ മറ്റു രണ്ടു നോവലുകൾ കൂടി നിതീഷ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയും അപൂർണ്ണമാണ്. എഴുതി അവസാനിപ്പിക്കാത്ത നോവലുകൾ ബാക്കിയാക്കി മറ്റൊരു മുഖവുമായി കഴിയുമ്പോഴാണ്, മണ്ണോടു ചേർന്നെന്നു കരുതിയിരുന്ന കുറ്റകൃത്യങ്ങൾ ഒരു മോഷണത്തിലൂടെ പുറം ലോകം അറിഞ്ഞത്.