ADVERTISEMENT

ചെന്നൈ∙ കർണാടക സംഗീതജ്ഞൻ ടി.എം.കൃഷ്ണയ്ക്കു സംഗീത കലാനിധി പുരസ്കാരം നൽകിയ മദ്രാസ് മ്യൂസിക് അക്കാദമിയുടെ തീരുമാനത്തെ വിമർശിച്ച കലാകാരന്മാർക്കു പിന്തുണയുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ. സാമൂഹിക പരിഷ്കർത്താവ് പെരിയാർ ഇ.വി.രാമസ്വാമിയുടെ ആശയങ്ങളെ പിന്തുണച്ച ടി.എം.കൃഷ്ണയ്ക്ക് അവാർഡ് നൽകിയതിനെതിരെ ഗായകരായ രഞ്ജിനി, ഗായത്രി സഹോദരിമാരാണ് ആദ്യം രംഗത്തെത്തിയത്. ഇവരെ പിന്തുണച്ചു പിന്നീടു മറ്റു ചിലരുമെത്തി. ടി.എം.കൃഷ്ണയ്ക്കും പിന്തുണയുമായി ഡിഎംകെ നേതാവ് കനിമൊഴി ഉൾപ്പടെ രംഗത്തെത്തിയതോടെയാണു വിഷയത്തിനു രാഷ്ട്രീയമാനം കൈവന്നത്. ഇതിനിടെയാണു രഞ്ജിനി, ഗായത്രി സഹോദരിമാർക്കടക്കം പിന്തുണയുമായി ബിജെപി എത്തുന്നത്.

‘‘ഒൻപത് പതിറ്റാണ്ടിലേറെയായി കർണാടക സംഗീതത്തിന്റെയും ആത്മീയതയുടെയും ക്ഷേത്രമായി ബഹുമാനിക്കപ്പെടുന്ന മ്യൂസിക് അക്കാദമി ഇപ്പോൾ സംഘടനയുടെ പവിത്രതയ്ക്കു ഹാനികരമായ വിഘടന ശക്തികളുടെ ശിഥിലീകരണ ഭീഷണിയിലാണ്. അക്കാദമിയുടെ ഇപ്പോഴത്തെ നേതൃത്വത്തിന്റെ വിദ്വേഷകരമായ സമീപനത്തിനെതിരെ കൂട്ടായി ശബ്ദമുയർത്തുന്ന മ്യൂസിക് അക്കാദമിയിലെ എല്ലാ പ്രമുഖ കലാകാരന്മാരോടും ബിജെപി തമിഴ്‌നാട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രഗത്ഭ സംഗീതജ്ഞരായ രഞ്ജനി, ഗായത്രി, തൃശൂർ ബ്രദേഴ്‌സ്, ചിത്രവിന രവികിരൺ, ഹരികഥാ പ്രഭാഷകരായ ദുഷ്യന്ത് ശ്രീധർ, വിശാഖ ഹരി, തുടങ്ങി ഈ സ്ഥാപനത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്ന നിരവധി പേർക്കൊപ്പം ഞങ്ങൾ നിലകൊള്ളുന്നു. വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും പ്രത്യയശാസ്ത്രമുള്ളവർക്ക് അവസാന അഭയ നൽകുന്നയിടം കർണാടക സംഗീതത്തിന്റെ ക്ഷേത്രമായിരിക്കില്ല!’’– അണ്ണാമലൈ എക്സിൽ കുറിച്ചു.

ഈ മാസം 17നാണ് ടി.എം.കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്കാരം പ്രഖ്യാപിച്ചത്. ജാതി വ്യവസ്ഥയ്ക്കെതിരെ പ്രവർത്തിക്കുകയും ദ്രാവിഡ പ്രസ്ഥാനം രൂപപ്പെടുത്തുകയും ചെയ്ത പെരിയാറിന്റെ ആശയങ്ങളെ പിന്തുണച്ച് കൃഷ്ണ നടത്തിയരുന്ന നിരീക്ഷണങ്ങളെയാണ് ഗായകരായ രഞ്ജിനി, ഗായത്രി സഹോദരിമാർ വിമർശിച്ചത്. ബ്രാഹ്മണ സമൂഹത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഇ.വി.രാമസ്വാമിയെ മഹത്വവൽക്കരിക്കുന്ന കൃഷ്ണയ്ക്ക് പുരസ്കാരം നൽകിയതിനെ അംഗീകരിക്കാനാകില്ലെന്നും അതിനാൽ മ്യൂസിക് അക്കാദമിയുടെ സംഗീത പരിപാടിയിൽ നിന്ന് പിന്മാറുകയാണെന്നും അക്കാദമി പ്രസിഡന്റിന് അയച്ച കത്ത് ഗായികമാർ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. ബ്രാഹ്മണ വിരുദ്ധമാണു കൃഷ്ണയുടെ നിലപാടുകളെന്നും കർണാടക സംഗീതത്തിന്റെ പരിശുദ്ധിയും ആഭിജാത്യവും ഇല്ലാതാക്കാൻ ശ്രമിച്ചെന്നുമാണ് ഇവരുടെ ആരോപണം.

ഇതിനെതിരെ മദ്രാസ് മ്യൂസിക് അക്കാദമി പ്രസിഡന്റ് എൻ.മുരളി രംഗത്തെത്തി. പരാതി അറിയിച്ച് തനിക്കയച്ച കത്തിന്റെ മറുപടിക്കു കാത്തു നിൽക്കാതെ സമൂഹ മാധ്യമങ്ങളിൽ ഇക്കാര്യം പ്രചരിപ്പിച്ച ഗായികമാരുടെ ഉദ്ദേശശുദ്ധി ശരിയല്ല. കൃഷ്ണയ്ക്കെതിരെ ഗായികമാർ ഉപയോഗിച്ച ‘ദുഷിച്ച’ വാക്കുകളിൽ നടുക്കം പ്രകടിപ്പിച്ച രവി, തങ്ങൾക്കിഷ്ടമില്ലാത്ത ആൾക്ക് പുരസ്കാരം ലഭിച്ചതിലുള്ള അസഹിഷ്ണുതയാണ് വ്യക്തമാകുന്നതെന്നും പറഞ്ഞു. കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്കാരം നൽകാനുള്ള മ്യൂസിക് അക്കാദമി തീരുമാനം അദ്ദേഹം കർണാടക സംഗീതത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ചുള്ളതാണെന്നും മുരളി കൂട്ടിച്ചേർത്തു.

കർണാട്ടിക്, കൃഷ്ണാട്ടിക്..സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാർവദേശീയ സാഹിത്യോത്സവത്തോടനുബന്ധിച്ച് ടി.എം.കൃഷ്ണ കച്ചേരി അവതരിപ്പിക്കുന്നു.
ടി.എം.കൃഷ്ണ കച്ചേരി അവതരിപ്പിക്കുന്നു (ഫയൽ ചിത്രം)

മാഗ്സസെ പുരസ്കാര ജേതാവും കർണാടക സംഗീതജ്ഞനും ചിന്തകനുമായ ടി.എം.കൃഷ്ണ രചിച്ച ‘സെബാസ്റ്റ്യൻ ആൻഡ് സൺസ്’ എന്ന പുസ്തകത്തിൽ വാദ്യോപകരണമായ മൃദംഗം നിർമിക്കുന്നതിൽ ദലിത് സമൂഹത്തിന്റെ പങ്കു സംബന്ധിച്ച പരാമർശങ്ങൾ വിവാദമായിരുന്നു. പശുവിനെ ആരാധിക്കുന്ന ബ്രാഹ്മണർക്ക്, പശുവിന്റെ തോൽ ഉപയോഗിച്ചു നിർമിക്കുന്ന മൃദംഗം വായിക്കുന്നതിൽ വിഷമമില്ലാത്തതിനെക്കുറിച്ചും പുസ്തകത്തിൽ കൃഷ്ണ പരാമർശിച്ചിരുന്നു. നിരവധി കർണാടക സംഗീതജ്ഞർക്കെതിരെ 2018ൽ ‘മീ ടൂ’ ആരോപണങ്ങൾ ഉന്നയിച്ച ഇരകൾക്കു പിന്തുണ പ്രഖ്യാപിച്ചും കൃഷ്ണ രംഗത്തു വന്നിരുന്നു. ‘ഊരൂർ ഓൾകോട്ട് കുപ്പം വിഴാ’ എന്ന പേരിൽ മത്സ്യത്തൊഴിലാളി ഗ്രാമത്തിൽ സംഗീതോത്സവം സംഘടിപ്പിച്ചും ശ്രദ്ധേയനായിരുന്നു. ഇതെല്ലാം കർണാടക സംഗീതത്തെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമമാണിതെന്നാണ് ആരോപണം ഉയർന്നത്.

∙ കൂടുതൽ സംഗീതജ്ഞർ പിന്മാറുന്നു

ടി.എം.കൃഷ്ണ അധ്യക്ഷനാകുന്ന മ്യൂസിക് അക്കാദമി സംഗീത സഭയിലും സംഗീത പരിപാടികളിലും നിന്ന് പിന്മാറുന്നതായി അറിയിച്ച് കൂടുതൽ സംഗീതജ്ഞർ രംഗത്തെത്തി. സംഗീത കലാനിധി പുരസ്കാരം ലഭിച്ചയാളുടെ അധ്യക്ഷതയിലാണ് അടുത്ത സംഗീത സഭ നടക്കുക. ഗായകരായ രഞ്ജിനി, ഗായത്രി സഹോദരിമാർക്കു പുറമേ തൃശൂർ ബ്രദേഴ്സും 2024ലെ വാർഷിക സമ്മേളനത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. കർണാടക സംഗീതജ്ഞയും ബ്രാഹ്മണ സംസ്കാരത്തിന്റെ പ്രചാരകയുമായ വിശാഖ ഹരിയും ടി.എം.കൃഷ്ണയ്ക്ക് പുരസ്കാരം നൽകിയ മദ്രാസ് മ്യൂസിക് അക്കാദമി നടപടിയെ വിമർശിച്ചു. പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുമായി ആശയപരമായ വിയോജിപ്പുള്ളതിനാൽ പരിപാടിയിൽ നിന്നു പിന്മാറുന്നതായി കാണിച്ച് സംഗീതജ്ഞൻ ദുഷ്യന്ത് ശ്രീധറും അക്കാദമിക്ക് കത്തയച്ചു.

∙ കൃഷ്ണയെ പിന്തുണച്ച് കനിമൊഴിയും ചിന്മയിയും

അതിനിടെ, ടി.എം.കൃഷ്ണയ്ക്ക് പിന്തുണയുമായി ഡിഎംകെ നേതാവ് കനിമൊഴി രംഗത്തെത്തി. പെരിയാറിന്റെ ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുന്നതിനാൽ കൃഷ്ണ അപമാനിക്കപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന് കനിമൊഴി എക്സിൽ കുറിച്ചു. പെരിയാറിന്റെ കൃതികൾ വായിച്ചാൽ അദ്ദേഹം ഏറ്റവും വലിയ ഫെമിനിസ്റ്റാണെന്നു മനസ്സിലാകും. അദ്ദേഹം ഒരിക്കലും വംശീയമായ ഉന്മൂലനത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും കനിമൊഴി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിലും ചിന്താ സ്വാതന്ത്ര്യത്തിലും വിശ്വസിക്കാത്തവരാണ് കൃഷ്ണയ്ക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കുന്നതെന്നും കനിമൊഴി പറഞ്ഞു.

സംഗീത രംഗത്തെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് 2018ൽ വെളിപ്പെടുത്തലുകൾ വന്നപ്പോൾ പ്രതികരിക്കാൻ കൂട്ടാക്കാത്തവരാണ് കൃഷ്ണയ്ക്കെതിരെ രംഗത്തു വന്നിട്ടുള്ളതെന്ന് ഗായിക ചിൻമയി ശ്രീപദ ആരോപിച്ചു. ബാലപീഡനം അടക്കമുള്ള കുറ്റങ്ങൾ ചെയ്തവരാണ് കർണാടക സംഗീതത്തിന്റെ പരിശുദ്ധി നഷ്ടമാക്കിയത്. കർണാടക സംഗീതജ്ഞരുടെ ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരെ മൗനം പാലിച്ചവരാണ് കൃഷ്ണയുടെ ആശയങ്ങളെ കുറ്റപ്പെടുത്തന്നതെന്ന് ചിന്മയി പറഞ്ഞു.

English Summary:

Annamalai supports Carnatic artists critical of TM Krishna, says BJP stands with them

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com