ADVERTISEMENT

ന്യൂഡൽഹി∙ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര, വ്യവസായി ദർശൻ ഹിരാനന്ദാനി എന്നിവരെ ചോദ്യക്കോഴ കേസിൽ പ്രതികളാക്കി സിബിഐ കുറ്റപത്രം. മുൻ എംപിയായ മഹുവയുമായി ബന്ധമുള്ള സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തി മണിക്കൂറുകൾക്ക് പിന്നാലെയാണ് കുറ്റപത്രം സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. മഹുവയ്ക്കും ഹിരാനന്ദാനിക്കുമെതിരെ ക്രിമിനൽ ഗൂഢാലോചന, പൊതുപ്രവർത്തകന് കൈക്കൂലി നൽകിയതുമായി ബന്ധപ്പെട്ട കുറ്റങ്ങൾ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. 

സിബിഐ അന്വേഷണത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മഹുവ നേരത്തേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ തടസ്സപ്പെടുത്താനാണ് സിബിഐ ശ്രമിക്കുന്നതെന്നായിരുന്നു പരാതി. പെരുമാറ്റച്ചട്ടം നിലവിലുള്ള കാലയളവിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും മഹുവ ആവശ്യപ്പെട്ടു. ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിലാണ് മഹുവ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

ലോക്സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ പണം വാങ്ങിയെന്ന പരാതിയിൽ, മഹുവയുടെ കൊൽക്കത്തയിലെ വസതിയിലും കൃഷ്ണനഗറിലെ അപ്പാർട്മെന്റിലും പിതാവ് താമസിക്കുന്ന മറ്റൊരു അപ്പാർട്മെന്റിലുമാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്. പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിനു വ്യവസായി ദർശൻ ഹിരനന്ദാനിയിൽനിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്നു മഹുവയെ പാർലമെന്റിൽനിന്നു പുറത്താക്കിയിരുന്നു. ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരുന്നു നടപടി.

English Summary:

Mahua Moitra, businessman Darshan Hiranandani named in CBI FIR in cash for query case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com