ADVERTISEMENT

കോട്ടയം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സമാനതകളില്ലാതെ സാമ്പത്തിക പ്രതിസന്ധി നേരിടവെ തിരഞ്ഞെടുപ്പിനു മുൻപ് അടിയന്തര പണപ്പിരിവ് നടത്താൻ കെപിസിസി ആലോചിക്കുന്നു. കൂപ്പൺ അടിച്ച് ബൂത്ത് തലം വരെ നൽകി പണം പിരിക്കാമെന്ന നിർദ്ദേശം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുന്നോട്ടുവച്ചതായി സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. ‘കോൺഗ്രസിനെ തകർക്കാൻ ദേശീയതലത്തിൽ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ ഭാഗാമായാണ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്. ഇത് സാധാരണക്കാരായ ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. സംഘടന വലിയതോതിലുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന ഘട്ടത്തിൽ ഇത് ജനങ്ങൾക്കിടയിൽ സിംപതിക്ക് കാരണമായിട്ടുണ്ട്. പ്രവർത്തകർ ആവേശത്തോടെ പണപ്പിരിവിന് ഇറങ്ങും’ – ടി.യു.രാധാകൃഷ്ണൻ പറഞ്ഞു. കൂടിയാലോചനകൾക്ക് ശേഷമാകും ഇതു സംബന്ധിച്ച അന്തിമ തീരുമാനം. പിസിസികളും സ്ഥാനാർഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്നുള്ള എഐസിസി തീരുമാനത്തിനു പിന്നാലെയാണ് കെപിസിസിയുടെ നീക്കം. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സിപിഎമ്മും ബിജെപിയും പണമൊഴുക്കുന്നുവെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഒപ്പത്തിനൊപ്പം ഭൂരിപക്ഷം മണ്ഡലങ്ങളിലും പ്രചാരണം നടത്താൻ പാർട്ടിക്ക് സാധിക്കുന്നുണ്ട്. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ പ്രചാരണം കടുക്കുമെന്നാണ് വിലയിരുത്തൽ. അത്തരമൊരു സാഹചര്യത്തിൽ പൊതുജനങ്ങളിൽ നിന്നും പണം സമാഹരിക്കാതെ മറ്റു മാർഗങ്ങളില്ലെന്നാണ് നേതാക്കളുടെ അനൗദ്യോഗിക യോഗത്തിലെ തീരുമാനം. എത്ര രൂപയുടെ കൂപ്പണുകൾ അടിക്കണമെന്നത് അടക്കമുള്ള കാര്യങ്ങൾ താമസിക്കാതെ തീരുമാനിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു പറഞ്ഞു.

സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.  എം.കെ.രാഘവൻ എംപി, കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ തുടങ്ങിയവർ സമീപം.  ചിത്രം: മനോരമ
സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. എം.കെ.രാഘവൻ എംപി, കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ തുടങ്ങിയവർ സമീപം. ചിത്രം: മനോരമ

ദേശീയ നേതാക്കൾ സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാനങ്ങളിലേക്കുള്ള യാത്രകൾ ചുരുക്കുമെന്ന് നേരത്തെ വാർത്ത പുറത്തുവന്നിരുന്നു. ഇതിനു സമാനമാണ് സംസ്ഥാനത്തെ നേതാക്കളുടെയും അവസ്ഥ. 20 നിയോജക മണ്ഡലങ്ങളുടെയും ചുമതല നൽകിയിരിക്കുന്ന നേതാക്കൾക്ക് യാത്ര, താമസം, ഭക്ഷണം എന്നിവയ്ക്ക് പണം കണ്ടെത്താൻ പാർട്ടി പ്രയാസപ്പെടുന്നുണ്ട്. സ്ഥാനാർഥികൾക്ക് ഇത്തവണ എഐസിസിയിൽ നിന്നും പണം ലഭിക്കില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും നടത്തിയ സമരാഗ്നിയിൽ നിന്നും പിരിച്ച പണത്തിന് അതിന്റേതായ ചെലവ് വന്നിട്ടുണ്ടെന്നും നേതാക്കൾ‌ ചൂണ്ടിക്കാട്ടുന്നു.

English Summary:

KPCC Loksabha election fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com