ADVERTISEMENT

ബെംഗളൂരു ∙ 5 മന്ത്രിമാരുടെ മക്കൾക്ക് ഉൾപ്പെടെ പല കോൺഗ്രസ് നേതാക്കളുടെയും ബന്ധുക്കൾക്ക് ലോക്സഭാ സീറ്റ് നൽകിയത് അതതു മണ്ഡലങ്ങളിലെ വോട്ടർമാരുടെ അഭിപ്രായം മാനിച്ചാണെന്നും അല്ലാതെ കുടുംബാധിപത്യമല്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇനി പ്രഖ്യാപിക്കാനുള്ള 4 മണ്ഡലങ്ങളുടെ ലിസ്റ്റ് ഇന്നോ നാളെയോ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ മകൾ പ്രിയങ്ക ജാർക്കിഹോളി (ചിക്കോഡി), വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ മകൻ മൃണാൾ രവീന്ദ്ര ഹെബ്ബാൾക്കർ (ബെളഗാവി), ടെക്സ്റ്റൈൽ മന്ത്രി ശിവാനന്ദ പാട്ടീലിന്റെ മകൾ സംയുക്ത എസ്.പാട്ടീൽ (ബാഗൽക്കോട്ട്), വനം മന്ത്രി ഈശ്വർ ഖണ്ഡ്രെയുടെ മകൻ സാഗർ ഖണ്ഡ്രെ (ബീദർ), ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡി (ബെംഗളൂരു സൗത്ത്) എന്നിവരെ കോൺഗ്രസ് കളത്തിലിറക്കിയതു മുതൽ കുടുംബാധിപത്യ, സ്വജനപക്ഷപാത ആരോപണം ഉയർത്തി ബിജെപിയും ദളും രംഗത്തുണ്ട്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡമണി കലബുറഗിയിലും ഖനി മന്ത്രി എസ്.എസ്.മല്ലികാർജുന്റെ ഭാര്യ പ്രഭ മല്ലികാർജുൻ ദാവനഗെരെയിലും മത്സരിക്കുന്നുണ്ട്. പ്രാഥമിക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയുടെ സഹോദരി ഗീത ശിവരാജ്കുമാർ ശിവമൊഗ്ഗയിലെയും രാജ്യസഭാ മുൻ ഉപാധ്യക്ഷൻ കെ.റഹ്മാൻ ഖാന്റെ മകൻ മൻസൂർ അലി ഖാൻ ബെംഗളൂരു സെൻട്രലിലെയും കോൺഗ്രസ് സ്ഥാനാർഥികളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com