ADVERTISEMENT

കോട്ടയം∙ വനംവകുപ്പ് ഓഫിസ് പരിസരത്ത് കഞ്ചാവ് ചെടി വളർത്തിയ സംഭവം പുറത്തുവന്നതിനു പിന്നില്‍ വനംവകുപ്പിലെ  ഉദ്യോഗസ്ഥർക്കിടയിലെ കിടമത്സരം. സംഭവം റിപ്പോർട്ട് ചെയ്ത എരുമേലി റെയ്ഞ്ച് ഓഫിസർ ബി.ആർ. ജയനെ സ്ഥലം മാറ്റിയതിനു പിന്നിൽ വനംവകുപ്പിലെ ഒരുവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ ഗൂഢാലോചനയാണെന്നും ആരോപണമുണ്ട്.  ജയനെതിരെ വനിതാ ജീവനക്കാർ നൽകിയ പരാതിയിൽ ശാരീരിക പീഡനങ്ങളൊന്നും പറയുന്നില്ല. അമിതമായി ജോലി ചെയ്യിക്കുകയും മറ്റുള്ളവരുടെ മുന്നിൽ വച്ച് അധിക്ഷേപിച്ചു സംസാരിക്കുകയും  ചെയ്യുന്നതായാണ് പരാതിയിൽ പറയുന്നത്. ഈ പരാതിയില്‍ തിടുക്കപ്പെട്ട് അന്വേഷണം പൂര്‍ത്തിയാക്കിയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ജയനെതിരെ നൽകിയ പരാതിയുടെ പകർപ്പല്ലെന്നതും വ്യക്തമാണ്.

വനിതാ ജീവനക്കാരെ കരുവാക്കി ഡിഎഫ്ഒയും യൂണിയനും ജയനെതിരെ പ്രവർത്തിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എരുമേലി പ്ലാച്ചേരി ഡപ്യൂട്ടി വനം വകുപ്പ് ഓഫിസിന്റെ പരിസരങ്ങളിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയതായി തെളിവുകൾ ലഭിച്ചതായി ഡിഎഫ്ഒയ്ക്ക് ജയൻ റിപ്പോർട്ട് നൽകിയിരുന്നു. ഈ മാസം 16നാണ് പരിശോധന നടത്തിയത്. എന്നാൽ 21നാണ് ഇതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് നൽകിയത്. ഉദ്യേഗസ്ഥർ നട്ടുവളർത്തിയതാണെന്നുള്ള താൽക്കാലിക ജീവനക്കാരന്റെ മൊഴി ഉൾപ്പെടെ റിപ്പോർട്ടിൽ ഉണ്ട്. ഈ റിപ്പോര്‍ട്ട് നല്‍കി രണ്ട് ദിവസത്തിന് ശേഷമാണ് ജയനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി ഉത്തരവുണ്ടായത്. 

40 ഗ്രോബാഗുകളിലായി രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഇവർ എത്തുമ്പോഴേക്കും ഗ്രോബാഗിലുണ്ടായിരുന്ന കഞ്ചാവ് ചെടികള്‍ നശിപ്പിച്ച നിലയിലായിരുന്നുവെങ്കിലും അവശിഷ്ടങ്ങള്‍ ബാക്കിയുണ്ടായിരുന്നു. കഞ്ചാവ് കൃഷി നടത്തിയെന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ സമ്മതിക്കുന്ന വിഡിയോയും പുറത്തുവന്നു.

അതേസമയം കഞ്ചാവ് വളർത്തിയത് വനംവകുപ്പിലെ ഉദ്യോഗസ്ഥരല്ലെന്നും താത്കാലിക ജീവനക്കാരാണെന്നുമാണ് ഡിഎഫ്ഒയുടെ വിശദീകരണം. സ്ഥലം മാറ്റിയതിനു പിന്നാലെയാണ് റെയ്ഞ്ച് ഓഫിസർ കഞ്ചാവു കേസ് റിപ്പോർട്ട് ചെയ്തത്. വനിതാ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഞ്ച് ഓഫിസറെ സ്ഥലം മാറ്റിയതെന്നും ഡിഎഫ്ഒ വിശദീകരിച്ചു.

അത്യന്തം ഗുരുതരമായി കാണണമെന്ന് റിപ്പോർട്ട്

കഞ്ചാവുകൃഷി നടത്തിയെന്ന സംഭവം അത്യന്തം ഗുരുതരമായി കാണണമെന്ന് ആവശ്യപ്പെട്ടാണ് എരുമേലി റേഞ്ച് ഓഫിസറായിരുന്ന ബി.ആർ.ജയൻ ഡിഎഫ്ഒയ്ക്ക് റിപ്പോർട്ട് നൽകിയത്. വന്യജീവി ആക്രമണവും കാട്ടുതീയും അതിതീവ്രമായിരിക്കുന്ന സമയത്ത് ഈ സംഭവം ഗൗരവമായി കാണണമെന്നാണ് റിപ്പോർട്ടിൽ. 

കോട്ടയം ജില്ലാ പൊലീസ് മേധാവി, ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ, ഫ്ലയിങ് സ്ക്വാഡ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എന്നിവർക്കും റിപ്പോർട്ടിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.

പരിശോധന നടത്തിയ സമയത്ത് ചെടികൾ പറിച്ചു കളഞ്ഞിരുന്നു. എന്നാൽ, നട്ടുവളർത്തിയതിന്റെ ലക്ഷണങ്ങളും ഗ്രോ ബാഗുകളും കണ്ടെത്തി. ഓഫിസിലെ രണ്ടു ജീവനക്കാർ ചേർന്നാണു ചെടി വച്ചുപിടിപ്പിച്ചത്. ഇതിൽ ഒരാൾ റേഞ്ച് ഓഫിസർക്ക് മുന്നിൽ മൊഴി നൽകുന്നതിനു 2 ദിവസം മുൻപ് ചെടികൾ പിഴുതെടുത്ത് നശിപ്പിച്ചു. വനം വകുപ്പിന് നാണക്കേട് ഉണ്ടാക്കുന്ന സംഭവത്തിൽ ഉൾപ്പെട്ട ജീവനക്കാരനെ സർവീസിൽ നിന്ന് നീക്കണം. നടപടിയെടുക്കുന്നതിൽ വീഴ്ചവരുത്തിയവർക്കെതിരെയും ശിക്ഷാനടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. നട്ടുവളർത്തിയ കഞ്ചാവ് ചെടികളുടെയും ഇവ പിഴുത് കളഞ്ഞതിനു ശേഷമുള്ള 9 ഗ്രോബാഗുകളുടെയും ചിത്രങ്ങളും അന്വേഷണ റിപ്പോർട്ടിനൊപ്പം നൽകിയിട്ടുണ്ട്. ജീവനക്കാരിൽ കുറ്റസമ്മത വിഡിയോയും റിപ്പോർട്ടിനൊപ്പമുണ്ട്. 16നു റിപ്പോർട്ട് തയാറാക്കിയെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.  

English Summary:

Ganja Cultivation Report Leads to Questionable Transfer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com