ADVERTISEMENT

കൊച്ചി∙ കാര്യമായ പിരിമുറുക്കമോ ആശങ്കയോ ആരുടെയും മുഖത്ത് കാണാനില്ല. അവസാന പരീക്ഷയാണെങ്കിൽ മിക്കവർക്കും താരതമ്യേനെ എളുപ്പമായ സാമൂഹ്യശാസ്ത്രവും. എസ്എസ്എൽസി പരീക്ഷ അവസാനിച്ചശേഷം എറണാകുളം സൗത്ത് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽനിന്നു പുറത്തേക്കു വന്ന ഒരു സംഘം പെൺകുട്ടികൾ പങ്കുവച്ചതും പ്ലസ് വണ്ണിനു തങ്ങള്‍ ഇവിടേക്കു തന്നെ തിരികെ വരുമെന്ന ആത്മവിശ്വാസവും പ്രതീക്ഷയും. 4,27,052 വിദ്യാർത്ഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷയെഴുതിയത്.

മുന്നിലുള്ള നീണ്ട അവധിക്കാലത്ത് എന്തൊക്കെ ചെയ്യണമെന്നതാണു പെൺകുട്ടികളുടെ സംഘത്തിന്റെ പ്രധാന ചർച്ച. മുഴുവൻ സമയ അവധി ആഘോഷം എന്നതു മിക്കവരുടെയും പദ്ധതിയിലില്ല. പ്ലസ് വണ്ണിനു ബുദ്ധിമുട്ടു വരാൻ സാധ്യതയുള്ള വിഷയങ്ങളില്‍ ട്യൂഷൻ എന്തായാലും ഉണ്ടെന്നാണു നിവേദ്യയുടെ അഭിപ്രായം. സയൻസ് വിഷയങ്ങളിൽ കുറെ പേരെങ്കിലും അവധിക്കാലത്ത് ട്യൂഷന് പോകാൻ സാധ്യതയുണ്ടെന്നു നിവേദ്യ പറയുന്നു.

ഇതുവരെ ഉണ്ടായിരുന്നതുപോലെ അവധിക്കാലത്തു കുട്ടികളെ മുഴുവൻ സമയം പുസ്തകങ്ങളുടെയും ലാപ്ടോപ്പിന്റെയും മുന്നിലിരുത്തുന്നതു ശരിയല്ല എന്നാണു നല്ലൊരു വിഭാഗം മാതാപിതാക്കളും കരുതുന്നത്. എന്നാൽ വിവിധ മത, സാമുദായിക, സാംസ്കാരിക സംഘടനകളൊക്കെ പല രീതിയിലുള്ള സമ്മർ ക്യാംപുകളും മറ്റും ഈ സമയത്തു സംഘടിപ്പിക്കുന്നുണ്ട് എന്നതിനാൽ കുറച്ചു ദിവസങ്ങള്‍ ഇതിനായി മാറ്റിവയ്ക്കും. ഗ്രൂപ്പ് ഇന്ററാക്ഷനിലൂടെ കാര്യഗ്രഹണ ശേഷിയും പ്രതികരണ ശേഷിയും മറ്റും വികസിപ്പിക്കുന്ന വിധത്തിൽ ഒരാഴ്ചയൊക്കെ നീളുന്നതാണ് ഇത്തരം ക്യാംപുകൾ. 

ചിലർക്കാകട്ടെ, ഈ സമയം തങ്ങളുടെ പ്രിയപ്പെട്ട മേഖലകളിൽ പരിശീലനത്തിനും മറ്റുമുള്ള സമയമാണ്. സംഗീതം, വാദ്യോപകരണങ്ങൾ പഠിക്കുക, നൃത്തം തുടങ്ങിയവയൊക്കെയായി അവധിക്കാലം ആഘോഷിക്കാൻ തീരുമാനിച്ചിട്ടുള്ളവരുമുണ്ട്. അതിനൊപ്പം, കായിക ഇനങ്ങളായ കരാട്ടെ, കുംങ് ഫു തുടങ്ങിയവ തുടങ്ങിവയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരും കുറവല്ല. വളരെ ഗൗരവകരമായ വിഷയങ്ങളിലേക്ക് അവധിക്കാലത്തു പോകാറില്ലെങ്കിലും മെഡിക്കൽ എന്‍ട്രൻസ്, ഐഐടി പ്രവേശനം തുടങ്ങിയവ ലക്ഷ്യമിട്ട് നീറ്റ്, ജെഇഇ പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾക്ക് ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കളിൽനിന്ന് അന്വേഷണം വരുന്നുണ്ടെന്ന് ഇത്തരമൊരു പരിശീലന സ്ഥാപനം നടത്തുന്നയാൾ പറയുന്നു. പ്ലസ് ടുവിനുശേഷം വിദേശപഠനം ലക്ഷ്യമിടുന്നവർ ഇംഗ്ലിഷ് ഭാഷ മെച്ചപ്പെടുത്തുന്ന കോഴ്സുകള്‍ക്കും ചേരുന്നുണ്ട്.  

English Summary:

Students planning for vaccation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com