ADVERTISEMENT

ന്യൂഡൽഹി∙ പാക്ക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘‘അവിടെ താമസിക്കുന്ന മുസ്‌ലിംകളും ഹിന്ദുക്കളും ഇന്ത്യക്കാരാണ്. ബിജെപിയും പാർലമെന്റും പാക്ക് അധീന കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായാണ് കരുതുന്നത്. ആ ഭൂമി ഇന്ത്യയുടേതാണ്. അതു തിരികെപ്പിടിക്കുക എന്നത് എല്ലാ ഇന്ത്യക്കാരുടെയും എല്ലാ കശ്മീരികളുടെയും ലക്ഷ്യമാണ്’’ – ഒരു മാധ്യമ ഗ്രൂപ്പിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 

റദ്ദാക്കിയ ആർട്ടിക്കിൾ 370നെക്കുറിച്ച് തെറ്റായ വിവരമാണ് കശ്മീർ താഴ്‌വരയിലെ ജനങ്ങൾക്കു നൽകിയിരുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ‘‘ആർട്ടിക്കിൾ 370 റദ്ദാക്കിയാൽ കശ്‌മീരികളുടെ സംസ്കാരത്തിനും ഭാഷയ്ക്കും സ്വത്വത്തിനും നേർക്കു ഭീഷണി ഉയരുമെന്നാണു പറഞ്ഞുകൊടുത്തിരുന്നത്. ഇപ്പോൾ അതു പിൻവലിച്ചിട്ട് അഞ്ചു വർഷമായി, അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. കശ്മീർ സ്വദേശികൾ ഇന്നു സ്വതന്ത്രരാണ്. കശ്മീരിലെ ഭാഷയുടെ പ്രാധാന്യവും ഭക്ഷണ സംസ്കാരവും ഇപ്പോൾ വർധിച്ചു. കശ്മീരിലെ വിനോദസഞ്ചാരമേഖലകളിലേക്കു സഞ്ചാരികൾ എത്തുന്നു. 

ആർട്ടിക്കിൾ 370 റദ്ദാക്കിയാൽ അനേകമാളുകൾ കശ്മീരിലേക്ക് എത്തി കശ്മീരികളുടെ നിലനിൽപ്പിനു ഭീഷണിയാകുമെന്നതു ഉൾപ്പെടെയുള്ള കഥകളാണ് ഉണ്ടായിരുന്നത്. അതെല്ലാം ഇപ്പോൾ പൊളിഞ്ഞു. ആർട്ടിക്കിൾ 370ന്റെ നിഴലിലാണു വിഘടനവാദം ശക്തിപ്രാപിച്ചത്. അതാണ് കശ്മീരിലെ യുവജനതയെ ഭീകരപ്രവർത്തനങ്ങളിലേക്ക് എത്തിച്ചത്. പാക്കിസ്ഥാൻ ഈ സാഹചര്യം കഴിഞ്ഞ നാലു ദശകമായി നന്നായി ഉപയോഗിക്കുന്നുണ്ട്. 40,000ൽ അധികം യുവാക്കൾക്കു ജീവൻ നഷ്ടമായി.

ഇന്നു കശ്മീർ പുരോഗതിയുടെ പാതയിലേക്കു മുന്നോട്ടുപോകുകയാണ്. ഭീകരതയുടെ അവസാനമായി. കല്ലേറ് പൂർണമായി ഇല്ലാതായി. അഴിമതിയെ നേരിടാൻ അഴിമതി വിരുദ്ധ ബ്യൂറോ തുടങ്ങി. ഇതോടെ ജനങ്ങളുടെ പണം ജനങ്ങളിലേക്കു തന്നെ എത്തും’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Amit Shah Affirms PoK as Essential Part of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com