ADVERTISEMENT

ഹൈദരാബാദ്∙ ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതിക്കൂട്ടിലായി കെ.ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി. കെ.ചന്ദ്രശേഖർ റാവു സർക്കാരിന്റെ കാലത്ത് ‌സംസ്ഥാന പൊലീസ് ഇപ്പോഴത്തെ മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡിയുൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കളുടെയും വ്യവസായികളുടെയും പ്രമുഖരുടെയും ഫോൺ ചോർത്തിയിരുന്നുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. 

സംഭവത്തിൽ മുതിർന്ന ഉദ്യോഗസ്ഥരായ അഡീഷണൽ പൊലീസ് സൂപ്രണ്ട് ഭുജംഗ റാവു, അഡീഷണൽ പൊലീസ് സൂപ്രണ്ട് തിരുപതണ്ണ എന്നിവർ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ അമേരിക്കയിലുള്ള സംസ്ഥാന ഇൻറലിജൻസ് ബ്യൂറോ മുൻ മേധാവി ടി.പ്രഭാകർ റാവുവിന് നോട്ടിസ് അയച്ചിട്ടുണ്ട്. തെലുഗു ടിവി ചാനൽ വൺ ന്യൂസ് നടത്തുന്ന ശരവൺ റാവു, പൊലീസ് ഉദ്യോഗസ്ഥർ രാധാ കിഷൻ റാവു എന്നിവർക്കും ലുക്ക്ഔട്ട് നോട്ടിസ് അയച്ചിട്ടുണ്ട്.  ആരോപണത്തോട് ബിആർഎസ് പ്രതികരിച്ചിട്ടില്ല. 

രേവന്ത് റെഡ്ഡിയുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നതിനായി അദ്ദേഹത്തിന് വസതിക്ക് സമീപം ഇറക്കുമതി ചെയ്ത ഫോൺ ടാപ്പിങ് ഉപകരണങ്ങൾ സ്ഥാപിച്ചതായാണ് വിവരം. സംസ്ഥാന ഇൻറലിജൻസിന്റെ സാങ്കേതിക കൺസൾട്ടന്റ് ആയിരുന്ന രവി പോൾ എന്ന വ്യക്തി രേവന്ത് റെഡ്ഡിയുടെ വസതിക്ക് സമീപം ഒരു ഓഫിസ് ആരംഭിച്ച് ഫോൺ ടാപ്പിങ് ഉപകരണം സ്ഥാപിക്കുകയായിരുന്നു. ഇസ്രയേലിൽ നിന്ന് കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ഇറക്കുമതി ചെയ്ത ഉപകരണത്തിന് 300 മീറ്റർ ചുറ്റളവിലുള്ള ഫോൺ സംഭാഷണങ്ങൾ പിടിച്ചെടുക്കാൻ സാധിക്കും. 

പ്രതിപക്ഷ നേതാക്കൾക്ക് പുറമേ ജ്വല്ലറി ഉടമകൾ, ഭൂമിക്കച്ചവടക്കാർ, വ്യവസായികൾ, പ്രമുഖർ തുടങ്ങി പലരും പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. ഫോൺ ടാപ്പിങ് പ്രമുഖ ദമ്പതികളുടെ വിവാഹ മോചനത്തിന് കാരണമായതായും റിപ്പോർട്ട് ഉണ്ട്. വ്യവസായികളോട് ബിആർഎസിന്റെ പാർട്ടി ഫണ്ടിലേക്ക് വൻതുകകൾ സംഭാവന ചെയ്യണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. 

കഴി‍ഞ്ഞ വർഷം പൊലീസ് ഉദ്യോഗസ്ഥർ തന്നെ തട്ടിക്കൊണ്ടുപോയെന്നും മുൻ ബിആർഎസ് നേതാവായ എറബെല്ലി ദയാകർ റാവുവിന്റെ ബന്ധുവിന് ഭൂമി എഴുതിക്കൊടുക്കാൻ ആവശ്യപ്പെട്ടുവെന്നും ആരോപിച്ച് ബിജെപി നേതാവും വ്യവസായിയുമായ ശരൺ ചൗധരിയും  മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. 

English Summary:

Allegations against BRS: State Police tapped the phone of then opposition leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com