ADVERTISEMENT

തിരുവനന്തപുരം∙ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ (ഇ.ഡി) ഉപയോഗിച്ച് ബിജെപി ഗുണ്ടാ പിരിവ് നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വിശ്വാസ്യത തകർന്നുവെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞ ഏജൻസിയാണ് ഇ.ഡി. ഇ.ഡി കൂലിക്കുവേണ്ടി പ്രവർത്തിക്കുകയാണ്. ഇ.ഡിയെ ഉപയോഗിച്ച് ബിജെപി ഭയപ്പെടുത്തി പണം വാങ്ങുകയാണ്. കട്ടുമുടിക്കാനും പണം ഉണ്ടാക്കാനുമാണ് ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നത്. അവർ രാഷ്ട്രീയമായി ആരെയും ലക്ഷ്യം വയ്ക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. യഥാർഥ അന്തർധാര ബിജെപിയും കോൺഗ്രസും തമ്മിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരെ ഉള്‍പ്പെടെ ആരോപണം ഉയർന്നിട്ടുള്ള മാസപ്പടിക്കേസിൽ ഇ.ഡി അന്വേഷിക്കാൻ വരുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സമാധാനിപ്പിക്കാനാണെന്നും ഗോവിന്ദൻ പറഞ്ഞു. ഇതിലൊന്നും കീഴടങ്ങുന്ന പാർട്ടിയും ജനങ്ങളുമല്ല കേരളത്തിലുള്ളത്. മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും മനഃപൂർവം അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായി ഇലക്ട്രൽ ബോണ്ട് മാറി. കേന്ദ്ര ഏജൻസികളെല്ലാം രാഷ്ട്രീയ താൽപര്യത്തോടെയും അഴിമതി താൽപര്യത്തോടെയുമാണ് പെരുമാറുന്നത്. ഇതിനെയെല്ലാം കോൺഗ്രസ് അനുകൂലിക്കുകയാണ്. മനീഷ് സിസോദിയയെ അറസ്റ്റു ചെയ്തപ്പോൾ കേജ്​രിവാളിനെയും അറസ്റ്റു ചെയ്യണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. അറസ്റ്റിനെതിരെ പ്രതിഷേധിക്കാൻ തയാറായില്ല. കോൺഗ്രസിനെ ബാധിക്കുന്ന കാര്യങ്ങളിൽ മാത്രം പ്രതിഷേധിക്കുകയും മറ്റുള്ള സംഭവങ്ങളിൽ നിശബ്ദത പാലിക്കുകയും ചെയ്യുകയാണ്. കേജ്​രിവാളിന്റെ അറസ്റ്റിനെ അമേരിക്കയും ജർമനിയും എതിർത്തിട്ടുണ്ട്. ലോകരാഷ്ട്രങ്ങളിൽ വലിയ വിഭാഗം ജനാധിപത്യവിരുദ്ധ നിലപാടുകൾക്കെതിരെ പ്രതികരിക്കുന്നത് ഇന്ത്യയ്ക്ക് അപമാനമാണ്. ഇലക്ട്രൽ ബോണ്ട് വേണ്ട എന്നു തീരുമാനിച്ച പാർട്ടി സിപിഎമ്മാണ്. ഒരു പൈസയും സിപിഎം വാങ്ങിയിട്ടില്ല. 

പത്തനംതിട്ട സിപിഎം ആദ്യം ജയിക്കുന്ന മണ്ഡലമായിരിക്കുമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാർട്ടിയിൽ തർക്കങ്ങളുണ്ടെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി. ‘ മാധ്യമവാർത്തകൾക്ക് പുറകേ പോകാനില്ല. മാധ്യമങ്ങളിൽ വന്ന രീതിയിൽ സംഭവം ഉണ്ടായിട്ടില്ല. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഒരു സംഘർഷവും ഉണ്ടായിട്ടില്ല. പത്തനംതിട്ടയിൽ ആദ്യം ജയിക്കും. മറ്റിടങ്ങളിലും ജയിക്കും. പത്തനംതിട്ടയിൽ ആദ്യം ജയിക്കുന്നതിനു കുഴപ്പമില്ലല്ലോ? 20 സീറ്റും കേരളത്തിൽ ജയിക്കും. മത്സരം അവസാനിക്കുന്നതുവരെ ഇങ്ങനെയേ പറയാൻ കഴിയൂ. വയനാട് ഉൾപ്പെടെ ജയിക്കും. ബിജെപി ഒരു സീറ്റും ജയിക്കില്ല’–എം.വി.ഗോവിന്ദൻ പറഞ്ഞു. എ.കെ.ബാലന്റെ ഇനാംപേച്ചി എലിപ്പെട്ടി പ്രയോഗം പൊതുയോഗത്തിനിടെ പറഞ്ഞ പരാമർശനം മാത്രമാണ്. പൂക്കാട് വെറ്ററിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണത്തിൽ സർക്കാർ കുടുംബത്തോടൊപ്പമാണ്. സിബിഐ അന്വേഷണത്തിന് രേഖകൾ അയയ്ക്കാൻ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുത്തിട്ടുണ്ട്. 

പൗരത്വ ഭേദഗതി നിയമം ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രം സൃഷ്ടിക്കാനുള്ള ശ്രമമാണ്. എല്ലാ മതത്തിൽപ്പെട്ടവർക്കും ജനാധിപത്യപരമായി ജീവിക്കാൻ കഴിയണം. കേരള സർക്കാർ സിഎഎ നിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സിഎഎ വിഷയത്തിൽ നിയമസഭയിൽ പ്രമേയം പാസാക്കി. കോൺഗ്രസ് ഭരിക്കുന്ന സർക്കാരിന് ഇങ്ങനെ ശക്തമായ നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. 

English Summary:

CPM Slams ED over Probe Involving CM's Daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com