പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസുകൾ: 3 പ്രതികൾക്ക് ഒരേ ദിവസം ശിക്ഷ, കഠിന തടവും പിഴയും

Mail This Article
നാദാപുരം∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ കേസുകളിൽ 3 പ്രതികൾക്ക് ഒരേ ദിവസം ശിക്ഷ. എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതിനു വർക്ക് ഷോപ്പ് ഉടമയും വ്യാപാരിയുമായ കല്ലാച്ചി പയന്തോങ് അമ്മുക്കുട്ടി ഹൗസിൽ രാജീവനെ (62) 29 വർഷം കഠിന തടവിനും 1.25 ലക്ഷം രൂപ പിഴ അടയ്ക്കാനുമാണ് ശിക്ഷിച്ചത്. 2023 ഫെബ്രുവരി 19ന് പയന്തോങ്ങിലെ വീട്ടിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണു കേസ്.
സ്കൂൾ വിദ്യാർഥിനിയെ സ്കൂളിലേക്കുള്ള വഴിയിൽ വച്ചു കടന്നു പിടിക്കുകയും റോഡിൽ വച്ചും പിന്നീട് വീട്ടിലേക്കു കൊണ്ടുപോയും ലൈംഗികമായി പീഡിപ്പിച്ചതിന് വളയം കല്ലുനിരയിലെ കുന്നുപറമ്പത്ത് മനോജനെ (46) 12 വർഷം കഠിന തടവിനും 50,000 രൂപ പിഴ അടയ്ക്കാനുമാണു ശിക്ഷിച്ചത്. പെൺകുട്ടിയിൽ നിന്ന് സ്കൂൾ അധ്യാപിക വിവരം അറിഞ്ഞതോടെ വളയം പൊലീസിനെ അറിയിക്കുകയായിരുന്നു.
2022 ഏപ്രിൽ മുതൽ ഒരു വർഷം പല തവണ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് മേപ്പയൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പേരാമ്പ്ര അയ്യപ്പൻ ചാലിൽ സുരേഷിനെ (53) പതിനേഴര വർഷം കഠിന തടവിനും 75,000 രൂപ പിഴ അടയ്ക്കാനും ഇതേ കോടതി ശിക്ഷിച്ചു. അതിജീവിതയുടെ വീട്ടിൽ ചെന്ന് മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച ശേഷം പീഡിപ്പിച്ചെന്നാണു കേസ്. മൂന്നു കേസുകളിലും ജില്ലാ പോക്സോ കോടതി ജഡ്ജ് എം.സുഹൈബാണ് ശിക്ഷ വിധിച്ചത്. 3 കേസുകളിലും പ്രോസിക്യൂഷനായി സ്പെഷൽ പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.