ADVERTISEMENT

തിരുവനന്തപുരം∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ 19 സീറ്റെന്ന തിളക്കമാർന്ന വിജയത്തിന്റെ തിളക്കം ‘ഒന്നുകൂടി’ കൂട്ടാനുള്ള തയാറെടുപ്പിലാണ് യുഡിഎഫ്. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ തുടരാതിരിക്കാൻ കേരളത്തിൽ പരമാവധി സീറ്റുകൾ കോൺഗ്രസിന് നേടേണ്ടതുണ്ട്. യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസിന്റെ മുന്നണിപോരാളികളിൽ പ്രധാനിയായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ‘മനോരമ ഓൺലൈനോട്’ സംസാരിക്കുന്നു.

∙പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റശേഷം തൃക്കാക്കര, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് മികച്ച വിജയം നേടാനായി. ലോക്സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്താണ്? 

തൃക്കാക്കരയിലും പുതുപ്പള്ളിയിലും ഉജ്വല വിജയമാണ് ഉണ്ടായത്. ആ വിജയത്തിന്റെ രഹസ്യം യുഡിഎഫിന്റെയും കോൺഗ്രസിന്റെയും കൂട്ടായ പ്രവർത്തനമാണ്. ഈ പാർലമെന്റ് തിര‍ഞ്ഞെടുപ്പിൽ മുൻതൂക്കം നൽകുന്ന ഘടകം കൂട്ടായ പ്രവർത്തനം തന്നെയാണ്. യുഡിഎഫും കോൺഗ്രസും ഒറ്റക്കെട്ടാണ്. സ്ഥാനാർഥി നിർണയത്തിലോ സീറ്റ് വിഭജന ചർച്ചയിലോ ഒരു തർക്കങ്ങളും ഉണ്ടായില്ല. സീറ്റ് വിഭജന ചർച്ചകൾ സൗഹൃദ അന്തരീക്ഷത്തിലായിരുന്നു. പതിവിന് വിപരീതമായി ഒരു വർഷം മുൻപു തന്നെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ‍ ആരംഭിച്ചു. സംഘടനാ ബുദ്ധിമുട്ടുകൾ പരിഹരിച്ചു. രണ്ട് സർക്കാരുകൾക്കെതിരെയും ഭരണ വിരുദ്ധവികാരം നിലനിൽക്കുന്നുണ്ട്. ഏറ്റവും മികച്ച സ്ഥാനാർഥി നിരയാണ് യുഡിഎഫിനുള്ളത്. 20 സീറ്റും നേടുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. എൽഡിഎഫിനോ ബിജെപിക്കോ ജയിക്കുമെന്ന് ഉറപ്പിച്ച് പറയാൻ കഴിയുന്ന സീറ്റുകൾ കേരളത്തിലില്ല. മത്സരമില്ലെന്നല്ല. നല്ല മത്സരം നടക്കുന്ന മണ്ഡലങ്ങളുണ്ട്. അവിടെയെല്ലാം യുഡിഎഫിന് ജയിക്കാനാകും.

യുഡിഎഫ് പത്തനംതിട്ട പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. എ.ഷംസുദ്ദീൻ, സതീഷ് കൊച്ചുപറമ്പിൽ, പാണക്കാട് സയ്യദ് റഷീദ് അലി ശിഹാബ് തങ്ങൾ, പി.ജെ.കുര്യൻ, സ്ഥാനാർഥി ആന്റോ ആന്റണി, വർഗീസ് മാമ്മൻ, ജോസഫ് വാഴയ്ക്കൻ, രാജൻ ബാബു, പഴകുളം മധു എന്നിവർ സമീപം.
ചിത്രം: മനോരമ
യുഡിഎഫ് പത്തനംതിട്ട പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. എ.ഷംസുദ്ദീൻ, സതീഷ് കൊച്ചുപറമ്പിൽ, പാണക്കാട് സയ്യദ് റഷീദ് അലി ശിഹാബ് തങ്ങൾ, പി.ജെ.കുര്യൻ, സ്ഥാനാർഥി ആന്റോ ആന്റണി, വർഗീസ് മാമ്മൻ, ജോസഫ് വാഴയ്ക്കൻ, രാജൻ ബാബു, പഴകുളം മധു എന്നിവർ സമീപം. ചിത്രം: മനോരമ

∙ കോൺഗ്രസ് നേതാക്കളെ അടർത്തിയെടുക്കുന്ന പരീക്ഷണത്തിന് ബിജെപി സംസ്ഥാനത്തും തുനിയുന്നു? കോൺഗ്രസിനെ ഇത്തരം നീക്കങ്ങൾ ബാധിക്കുമോ? 

അതൊന്നും കോൺഗ്രസിനെ ബാധിക്കില്ല. പത്മജ ബിജെപിയിൽ ചേർന്നത് ഏറ്റവും ദോഷകരമായി ബാധിച്ചത് ബിജെപിയെയാണ്. പത്മജയെ കൊണ്ടുപോയത് അബദ്ധമായിപോയി എന്നാണ് ബിജെപിയിലെ ചർച്ച. കൊണ്ടുപോയതുകൊണ്ട് പ്രയോജനം കിട്ടിയില്ല എന്നു മാത്രമല്ല, കോൺഗ്രസിനെ പ്രകോപിപ്പിക്കാനും തൃശൂരിലെ സാധ്യതകൾ ഇല്ലാതാക്കാനും മാത്രമേ പത്മജയുടെ വരവിലൂടെ കഴിഞ്ഞുള്ളൂ. സി.കെ.പത്മനാഭൻ ഉൾപ്പെടെയുള്ള ബിജെപിയിലെ മുതിർന്ന നേതാക്കൾ അക്കാര്യത്തിലുള്ള അസ്വസ്ഥത പ്രകടിപ്പിച്ചു കഴിഞ്ഞു. പഴയ നേതാക്കൾക്ക് അരക്ഷിതത്വം ഉണ്ടായതു മാത്രമാണ് പത്മജയുടെ വരവുകൊണ്ടുള്ള പ്രയോജനം. ഇപ്പോൾ വരുന്നവർക്ക് പ്രാധാന്യം കൊടുക്കുന്നു, വെള്ളം കോരുകയും വിറകുവെട്ടുകയും ചെയ്യുന്നവർക്ക് ബിജെപിയിൽ ഒരു കാര്യവുമില്ല എന്ന തോന്നൽ അവരുടെ പ്രവർത്തകരിലുണ്ടായി. ബിജെപിയെ ക്ഷീണിപ്പിക്കാൻ മാത്രമേ ഈ നീക്കം ഉപകരിച്ചുള്ളൂ. ബിജെപി നേതാക്കളുടെ വിലയിരുത്തലും അങ്ങനെതന്നെ. കോൺഗ്രസ് നേതാക്കളെ അടർത്തിയെടുക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകും. അത് എങ്ങനെ മറകടക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തിന് അറിയാം. അത് കാത്തിരുന്ന് കാണാം.

എൽഡിഎഫ് സർക്കാരിന്റെ അഴിമതിക്കെതിരെ യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് സമരത്തിൽ പങ്കെടുക്കാൻ എത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും (PTI Photo)
എൽഡിഎഫ് സർക്കാരിന്റെ അഴിമതിക്കെതിരെ യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് സമരത്തിൽ പങ്കെടുക്കാൻ എത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും (PTI Photo)

∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിലൊഴികെ സിറ്റിങ് എംപിമാരാണ് വീണ്ടും മത്സരിക്കുന്നത്? അവരെ നിലനിർത്താൻ പാർട്ടിയുടെ മുന്നിലുണ്ടായിരുന്ന കാരണങ്ങൾ? 

ഒരുപാട് വർഷം എംപിമാരായി തുടരുന്നവർ കുറവാണ്. മൂന്നോ നാലോപേരേ ഉള്ളൂ കുറച്ചധികം വർഷമായി തുടരുന്നവർ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വന്നവരാണ് കൂടുതലും. ഓരോ മണ്ഡലത്തിലെയും സ്ഥാനാർഥികളുടെ പ്രകടനം പരിശോധിച്ചു. സിറ്റിങ് എംപിമാരെക്കാൾ മികച്ച മറ്റൊരാൾ പല മണ്ഡലത്തിലും ഉണ്ടായിരുന്നില്ല. അവർ തന്നെയായിരുന്നു മികച്ച സ്ഥാനാർഥി. പലരും ജനകീയരാണ്. നല്ല രീതിയിൽ പ്രവർത്തിച്ചു. ഇതെല്ലാം പരിഗണിക്കപ്പെട്ടു. ഒരാളെയും മാറ്റേണ്ട കാരണം പാർട്ടിയുടെ മുന്നിലുണ്ടായിരുന്നില്ല. തൃശൂരിലെ സ്ഥാനാർഥിയെ മാറ്റേണ്ടിവന്നപ്പോൾ അദ്ദേഹം പൂർണ മനസ്സോടെ മാറിനിന്നു. നിർബന്ധിച്ചോ ബലംപ്രയോഗിച്ചോ മാറ്റിയതല്ല. അദ്ദേഹത്തിന്റെ അനുവാദത്തോടെയാണ് മാറ്റം വരുത്തിയത്.

∙ കെ.സി.വേണുഗോപാലും, രാഹുൽഗാന്ധിയും കേരളത്തിൽ മത്സരിക്കുന്നു. രണ്ട് പ്രമുഖ നേതാക്കൾ കേരളത്തിലേക്ക് കേന്ദ്രീകരിക്കുന്നത് വടക്കേ ഇന്ത്യയിൽ പ്രചാരണത്തിൽ തിരിച്ചടിയാകില്ലേ? 

അവരുടെ കേരളത്തിലെ സ്ഥാനാർഥിത്വം പ്രചാരണ വിഷയമാക്കേണ്ട കാര്യമില്ല. രാഹുൽഗാന്ധി കേരളത്തിൽനിന്നുള്ള സിറ്റിങ് എംപിയാണ്. അദ്ദേഹം സ്വന്തം മണ്ഡലത്തിൽ വീണ്ടും മത്സരിക്കുന്നു. അത് പുതുമയുള്ള കാര്യമല്ല. കെ.സി.വേണുഗോപാൽ നേരത്തെ ആലപ്പുഴ എംപിയായിരുന്നു. 19 സീറ്റ് കിട്ടിയെങ്കിലും ആലപ്പുഴ കഴിഞ്ഞതവണ നഷ്ടപ്പെട്ടു. പരിശോധിച്ചപ്പോൾ അവിടെ ഏറ്റവും മികച്ച സ്ഥാനാർഥി കെസിയാണ്. കേരളത്തിലെ നേതാക്കൾ ഒരുമിച്ച് ആവശ്യപ്പെട്ടിട്ടാണ് അദ്ദേഹം മത്സരിക്കുന്നത്. ദേശീയ തലത്തിൽ അദ്ദേഹത്തിന് നിരവധി ഉത്തരവാദിത്തങ്ങൾ ഉള്ളതിനാൽ നേതൃത്വം ഒരുമിച്ച് അദ്ദേഹത്തിന്റെ മണ്ഡലത്തിൽ ശ്രദ്ധിക്കും. മികച്ച ഭൂരിപക്ഷം ഉറപ്പിക്കാനുള്ള പരിശ്രമം ഉണ്ടാകും. പ്രതിപക്ഷത്ത് ഇരിക്കാനല്ല, അധികാരത്തിലിരിക്കാനാണ് പോകുന്നത്. പരമാവധി ലോക്സഭാ സീറ്റുകൾ വർധിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് കെസിയും മത്സരിക്കുന്നത്.

∙ സമരാഗ്നി കഴിഞ്ഞപ്പോൾ സംഘടനാതലത്തിലുണ്ടായ മാറ്റങ്ങൾ? 

കെപിസിസി പ്രസിഡന്റും ഞാനുമായി രണ്ട് തവണ കേരള പര്യടനം നടത്തി. നാല് പ്രാവശ്യം ഞാൻ കേരള പര്യടനം നടത്തി. ബൂത്ത് കമ്മറ്റികൾ സജ്ജമാക്കി. തിരഞ്ഞെടുപ്പിന് പ്രത്യേക പരിശീലനം നൽകി. എവിടെയാണ് ദൗർബല്യമെന്ന് കണ്ടെത്തി പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചു. സമരാഗ്നിയുടെ ഭാഗമായി ജനകീയ ചർച്ചാ സദസുകൾ നടത്തി. ജനങ്ങളുടെ വികാരം എന്താണെന്ന് പൂർണമായി ബോധ്യപ്പെട്ടു. നവകേരള സദസിൽ പൗരപ്രമുഖരെ വിളിച്ച് മുഖ്യമന്ത്രി ചർച്ച നടത്തിയപ്പോൾ സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും ഇരകളായി മാറിയവരുമായാണ് ഞങ്ങൾ ചർച്ച നടത്തിയത്. അതനുസരിച്ച് പാർട്ടി പ്രവർത്തന രീതിയിലും മാറ്റം വരുത്തി.

കെപിസിസി നേതൃത്വം നൽകുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര അടിമാലിയിലെത്തിയപ്പോൾ സ്വീകരണ വേദിയിലേക്ക് തുറന്ന വാഹനത്തിലെത്തുന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും. ഡീൻ കുര്യാക്കോസ് എംപി, സി.പി.മാത്യു, എസ്.അശോകൻ തുടങ്ങിയവർ സമീപം
കെപിസിസി നേതൃത്വം നൽകുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര അടിമാലിയിലെത്തിയപ്പോൾ സ്വീകരണ വേദിയിലേക്ക് തുറന്ന വാഹനത്തിലെത്തുന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും. ഡീൻ കുര്യാക്കോസ് എംപി, സി.പി.മാത്യു, എസ്.അശോകൻ തുടങ്ങിയവർ സമീപം

∙ ഇ.പി.ജയരാജനെതിരെ വക്കീൽ നോട്ടിസ് അയച്ചിരിക്കുകയാണ്. ബിജെപി – സിപിഎം ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പുറത്തുവിടുമോ? 

സിപിഎമ്മും സംഘപരിവാറുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ട്. അതിന്റെ ഉദാഹരണമാണ് സ്വർണക്കടത്തുകേസും മാസപ്പടികേസും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസുമെല്ലാം. ബിജെപിയും സിപിഎമ്മുമായി ധാരണയിലെത്തിയിരിക്കുകയാണ്. ലാവ്‌ലിൻ കേസ് 38 തവണ കോടതി മാറ്റിവച്ചു. കേസ് വരുമ്പോൾ സിബിഐ അഭിഭാഷകർ ഹാജരാകുന്നില്ല. കരുവന്നൂരിലെ ഇ.ഡി അന്വേഷണം നിലച്ചു. മാസപ്പടി കേസിൽ ചോദ്യം ചെയ്യലിനു പോലും തയാറാകുന്നില്ല. ബിജെപി നിരവധി സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്തുവരുമെന്ന് ബിജെപിയുടെ കൺവീനറല്ല, എൽഡിഎഫ് കൺവീനറാണ് പറഞ്ഞത്. ഞങ്ങൾ പറഞ്ഞത് എവിടെയെല്ലാം ബിജെപി രണ്ടാം സ്ഥാനത്തു വരുന്നോ അവിടെയെല്ലാം എൽഡിഎഫ് മൂന്നാം സ്ഥാനത്ത് പോകുമെന്നാണ്. ബിജെപി സ്ഥാനാർഥികൾ മിടുമിടുക്കൻമാരാണെന്നാണ് എൽഡിഎഫ് കൺവീനർ പറഞ്ഞത്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇ.പി അങ്ങനെ സംസാരിക്കില്ല. ബിജെപിയെ സന്തോഷിപ്പിക്കാൻ അവരെ ഭയന്നാണ് സിപിഎം നേതാക്കൾ ജീവിക്കുന്നത്.

ബിജെപിയും സിപിഎമ്മും തമ്മിൽ ബിസിനസ് ബന്ധമുണ്ട്. ഇപിയുടെ വൈദേകം റിസോർട്ടും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ നിരാമയ ഗ്രൂപ്പുമായി കരാറുണ്ട്. ഇ.ഡി റെയ്ഡ് നടത്തിയപ്പോഴാണ് ഇരു ഗ്രൂപ്പുകളും കരാറിൽ ഏർപ്പെട്ടത്. ഇക്കാര്യം ആദ്യം ജയരാജൻ നിഷേധിച്ചു. ഭാര്യയ്ക്ക് റിസോര്‍ട്ടിൽ ഷെയറുണ്ടെന്ന് ജയരാജൻ സമ്മതിച്ചിട്ടുണ്ട്. ഞാൻ ഉന്നയിച്ച ആരോപണം കൃത്യമാണ്. എനിക്കെതിരെ തെറ്റായ പ്രചാരണമുണ്ടായാൽ നിയമപരമായി നേരിടും. ജയരാജൻ കേസു കൊടുത്താൽ ഫോട്ടോകൾ അടക്കമുള്ള തെളിവുകൾ പുറത്തുവരും.

English Summary:

Opposition leader VD Satheesan shares his expectations and possibilities of Lok Sabha Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com