ADVERTISEMENT

തിരുവനന്തപുരം∙ മാസപ്പടിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തങ്ങൾ തമ്മിൽ പോരിലാണെന്ന് കാണിക്കാനുള്ള ബിജെപി, സിപിഎം ശ്രമം മാത്രമാണ് ഈ കേസെന്ന് സതീശൻ പരിഹസിച്ചു. അതേസമയം, ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തനിക്ക് അമിതാവേശമില്ലെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ വ്യക്തമാക്കി.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലും സ്വർണക്കടത്തിലും ലൈഫ് മിഷൻ ആരോപണങ്ങളിലും ഇ.ഡി നടത്തുന്ന അന്വേഷണത്തിന്റെ കാര്യം എന്തായെന്ന് സതീശൻ ചോദിച്ചു. കേരളത്തിലെത്തുമ്പോൾ മാത്രം ഇ.ഡിയുടെ സമീപനം വ്യത്യസ്തമാണ്. അരവിന്ദ് കേജ്‍രിവാളിനോടും ചിദംബരത്തോടുമുള്ള സമീപനമല്ല ഇ.ഡിക്ക് പിണറായി വിജയനോട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘‘മാസപ്പടിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം നടന്നാൽ വളരെ നല്ലത്. പക്ഷേ, ഈ വിഷയത്തിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് ഉറപ്പാണ്. എല്ലാം ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരുണ്ട്. കേന്ദ്രമന്ത്രി വി.മുരളീധരനും ഇടനിലക്കാരനാണ്. അച്ഛനും മകൾക്കും ഇതുവരെ ഒരു നോട്ടിസ് പോലും നൽകിയിട്ടില്ല. അതിന്റെ കാരണം സിപിഎമ്മും ബിജെപിയും തമ്മിലുള്ള പരസ്യ ബന്ധമാണ്’’ – സതീശൻ പറഞ്ഞു.

അതേസമയം, ഇ.ഡി അന്വേഷണത്തിൽ താൻ അമിതാവേശം കാണിക്കുന്നില്ലെന്ന് പരാതിക്കാരനായ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ പറഞ്ഞു. ഈ സംഭവം നേരത്തെയും ഇ.ഡിയുടെ മുൻപിൽ വന്നിട്ടും അന്വേഷിക്കാതിരുന്നത് എന്തുകൊണ്ടാണ്? ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എന്തൊക്കെ അന്വേഷിക്കുന്നു, എന്താണ് ഉദ്ദേശ്യം തുടങ്ങിയ കാര്യങ്ങൾ നോക്കേണ്ടതുണ്ടെന്ന് കുഴൽനാടൻ ചൂണ്ടിക്കാട്ടി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലവും പരിഗണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മാസപ്പടിക്കേസിൽ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് കേസ് റജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെയും മാത്യു കുഴൽനാടന്റെയും പ്രതികരണം. സംഭവത്തിൽ എസ്എഫ്ഐഒ അന്വേഷണം പുരോഗിക്കുന്നതിനിടെയാണ് ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചത്. ആദായനികുതി വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

English Summary:

Opposition Leader VD Satheesan Slams ED's CMRL Pay-Off Case Inquiry as Electoral Gimmick

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com