‘വ്യക്തിപരമായി അപമാനിച്ചു’; സത്യഭാമയ്ക്കെതിരെ ആർഎൽവി രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകി

Mail This Article
ചാലക്കുടി∙നർത്തകി സത്യഭാമയ്ക്കെതിരെ ആർഎൽവി രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകി. ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. എന്നാൽ അഭിമുഖം നൽകിയത് വഞ്ചിയൂരായതിനാൽ പരാതി തിരുവനന്തപുരത്തേക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതിയിൽ രാമകൃഷ്ണൻ പറയുന്നത്. സത്യഭാമ നടത്തിയ പരാമർശത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.
രാമകൃഷ്ണന് കാക്കയുടെ നിറമാണെന്ന് ഒരു യുട്യൂബ് അഭിമുഖത്തിൽ സത്യഭാമ അധിക്ഷേപിച്ചിരുന്നു. സൗന്ദര്യമുള്ള പുരുഷന്മാർ വേണം മോഹിനിയാട്ടം അവതരിപ്പിക്കാനെന്നും അവർ പറഞ്ഞിരുന്നു.
‘‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന ആൾക്കാർ. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാൽ അകത്തിവച്ച് കളിക്കേണ്ട കലാരൂപമാണു മോഹിനിയാട്ടം. ഒരു പുരുഷൻ കാലും കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുന്നയത്രേം അരോചകമായിട്ട് ഒന്നുമില്ല. എന്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം ഒക്കെ ആൺപിള്ളേർ കളിക്കണമെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം. ആൺപിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടു കഴിഞ്ഞാൽ പെറ്റ തള്ള പോലും സഹിക്കില്ല’’– സത്യഭാമ അഭിമുഖത്തിൽ പറയുന്നു.
ഇതിനെതിരെ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വ്യാപക പ്രതിഷേധമാണുയരുന്നത്. രാമകൃഷ്ണനു പിന്തുണയുമായി നിരവധിപ്പേർ രംഗത്തെത്തി. സംഭവത്തിൽ പ്രതികരിച്ച് രാമകൃഷ്ണനും സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു. തന്റെ വിദ്യാഭ്യാസ യോഗ്യത വിവരിച്ചും സത്യഭാമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചായിരുന്നു കുറിപ്പ്.