ADVERTISEMENT

കോട്ടയം ∙ യുകെയിൽ വീസ വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്നു പണം തട്ടിയെടുത്ത കോട്ടയം ബ്രഹ്മമംഗലം സ്വദേശിനി അഞ്ജന പണിക്കർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി രാജപുരം വണ്ണാത്തിക്കാനം സ്വദേശിനി ഡിനിയ ബാബു. തന്റെ പിതാവിന്റെ അനിയന്റെ മകനും മകളും യുകെയിലുണ്ടെന്നും അവരുടെ പരിചയക്കാർ അ‍ഞ്ജന വഴിയാണ് യുകെയിൽ എത്തിയതെന്ന് അറിഞ്ഞിരുന്നുവെന്നും ‘മനോരമ ഓൺലൈനിനോട്’ ഡിനിയ  പറഞ്ഞു.

‘‘അഞ്ജനയുടെ ഫോൺ നമ്പർ അവരിൽ നിന്നാണ് ലഭിച്ചത്. ഞങ്ങൾ ഫോണിലൂടെയാണ് പരിചയപ്പെട്ടതും സംസാരിച്ചതും. പപ്പയുടെ പെങ്ങളാണ് കോട്ടയത്ത് ബ്രഹ്മപുരത്തെ വീട്ടിൽ പോയി അഞ്ജനയെ കാണുന്നത്. അവരുടെ പെരുമാറ്റത്തിലോ ഇടപെടലിലോ സംശയം തോന്നിയില്ല. നിരവധി പേരാണ് യുകെയിൽ അവർ വഴി പോയതെന്ന് ഞങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ചു. നാലു മാസത്തിനകം വീസ ശരിയാകുമെന്നാണ് പറഞ്ഞത്. എന്നാൽ ആറു മാസം കഴിഞ്ഞിട്ടും വീസ കിട്ടിയില്ല. തുടർന്നാണ് ഏജന്റിനെ ഫോണിൽ വിളിച്ചത്. ആദ്യമൊക്കെ വിളിക്കുമ്പോൾ ഫോൺ എടുക്കില്ലായിരുന്നു.പിന്നീട് ഫോൺ സ്വിച്ച് ഓഫായി’’ –ഡിനിയ പറഞ്ഞു.

സംഭവത്തിൽ കാസർകോട് രാജപുരം പൊലീസും കേസെടുത്തു. ഡിനിയ ബാബു, ഡിനിയയുടെ ബന്ധുക്കളായ ശ്രീകണ്ഠാപുരം സ്വദേശി അഖിൽ എബ്രഹാം, കള്ളാർ സ്വദേശി സാന്റാ ജോസ് എന്നിവരാണ് പുതിയ പരാതിക്കാർ. യുകെയിൽ കെയർടേക്കർ ജോലി വാഗ്ദാനം ചെയ്താണ് ഇവരിൽനിന്നു 18.60 ലക്ഷം രൂപ  തട്ടിയെടുത്തത്. ഡിനിയയിൽനിന്നും 6.40 ലക്ഷവും മറ്റു രണ്ട് പേരിൽനിന്നും 6.10 ലക്ഷവും അ‍ഞ്ജന കൈക്കലാക്കി. കഴിഞ്ഞവർഷം ഏപ്രിൽ 29നാണ് ഡിനിയയും ബന്ധുക്കളും ഏജന്റിന്റെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തത്. ഡിനിയയും ബന്ധുക്കളും പൊലീസിൽ പരാതി നൽകിയതോടെയാണ് ഇവർ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന വിവരം പുറത്തായത്.

ഇതിനിടെ കാസർകോട്ടുനിന്ന് അഞ്ജനയെ അന്വേഷിച്ച് ബ്രഹ്മപുരത്തെ വീട്ടിൽ ഡിനിയയും ബന്ധുക്കളും എത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നു. അഞ്ജന നാടുവിട്ടുപോയെന്ന് അയൽക്കാർ പറഞ്ഞാണ് അറിഞ്ഞത്. വീസ നൽകാമെന്ന് പറഞ്ഞ് പറ്റിച്ച ചിലർ വീട്ടിൽ എത്തി വാഹനങ്ങൾ എടുത്തുകൊണ്ടു പോയെന്നും അയൽക്കാർ പറഞ്ഞു. തുടർന്നാണ് ഡിനിയയും ബന്ധുക്കളും രാജപുരം പൊലീസിൽ പരാതി നൽകുന്നത്.

കോട്ടയം തലയോലപ്പറമ്പ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ അഞ്ജനയുടെ പേരിൽ പതിനഞ്ചോളം കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞു. ഇവർ ഗർഭിണി ആയിരുന്നുവെന്നും ഇപ്പോൾ പ്രസവം കഴിഞ്ഞെന്നാണ് പൊലീസ് പറഞ്ഞതെന്നുമാണ് ഡിനിയ പറയുന്നത്. എന്നാൽ അഞ്ജനയെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.  

English Summary:

Fraud by offering UK Visa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com