ചങ്ങനാശേരിയിൽ ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചത് തടഞ്ഞു; പൊലീസ് ഉദ്യോഗസ്ഥനെ വെട്ടി
Mail This Article
ചങ്ങനാശേരി∙ ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു. ആക്രമണം നടത്തിയ കാരപ്പുഴ മാന്താറ്റ് വീട്ടിൽ രമേശനെ (65) പൊലീസ് അറസ്‌റ്റ് ചെയ്തു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്‌ഥൻ ജയനാണു പരുക്കേറ്റത്. ബുധനാഴ്ച ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലായിരുന്നു സംഭവം.
ഒരു കേസിൽ പ്രതിയായിരുന്ന രമേശൻ ഇതുമായി ബന്ധപ്പെട്ട രേഖകൾ തേടിയെത്തിയതാണ്. രാവിലത്തെ സിറ്റിങ് അവസാനിച്ചപ്പോൾ കോടതിയിൽ എത്തിയ രമേശൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലർക്കുമായി വാക്കുതർക്കമുണ്ടായി. പിന്നീട് ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചു. ഇതു പൊലീസ് ഉദ്യോഗസ്‌ഥർ തടഞ്ഞു. രമേശിനെ കോടതിയിൽനിന്നു പുറത്താക്കി.
വൈകിട്ട് കയ്യിൽ കത്തിയും വെട്ടുകത്തിയുമായി എത്തിയ രമേശൻ വീണ്ടും ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഈ ശ്രമം തടയുന്നതിനിടെയാണ് ജയനു പരുക്കേറ്റത്. ഉടൻ തന്നെ മറ്റ് പൊലീസുകാർ രമേശനെ ബലപ്രയോഗത്തിലൂടെ കീഴടക്കി. ചങ്ങനാശേരി പൊലീസ് എത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്,