ADVERTISEMENT

കണ്ണൂർ∙ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്‌മൃതി മണ്ഡപം രാസലായനി ഒഴിച്ചു വികൃതമാക്കി. കോടിയേരി ബാലകൃഷ്‌ണൻ, ഇ.കെ.നായനാർ ചടയൻ ഗോവിന്ദൻ, ഒ.ഭരതൻ എന്നിവരുടെ സ്‌മൃതികുടീരമാണ് വികൃതമാക്കിയത്. വ്യാഴാഴ്ച രാവിലെ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ ചരമദിനത്തോടനുബന്ധിച്ച് പുഷ്‌പാർച്ചനയ്ക്കായി എത്തിയവരാണു സംഭവം ആദ്യം കാണുന്നത്. തുടർന്ന് സിപിഎം നേതാക്കളെ വിവരം അറിയിക്കുകയായിരുന്നു.

പയ്യാമ്പലത്തെ സ്മൃതികുടീരം രാസലായനി ഒഴിച്ചു വികൃതമാക്കിയപ്പോൾ. (ഫോട്ടോ: ധനേഷ് അശോകൻ)
പയ്യാമ്പലത്തെ സ്മൃതികുടീരം രാസലായനി ഒഴിച്ചു വികൃതമാക്കിയപ്പോൾ. (ഫോട്ടോ: ധനേഷ് അശോകൻ)

സ്‌മൃതികുടീരത്തിലുള്ള കോടിയേരി ബാലകൃഷ്‌ണന്റെ ചിത്രത്തിൽ രാസലായിനി ഒഴിച്ച നിലയിലാണ്. വെള്ളം ഒഴിച്ച് ശുചീകരിക്കാൻ ശ്രമിച്ചെങ്കിലും സ്‌തൂപങ്ങളിലുടെ കറുപ്പ് നിറം നീക്കാനായില്ല. പി.കെ. ശ്രീമതി, ഡോ.വി.ശിവദാസൻ എംപി, കെ.പി.സഹദേവൻ, സിപിഎം ജില്ലാ ആക്‌ടിങ് സെക്രട്ടറി ടി. വി രാജേഷ്, എൻ. ചന്ദ്രൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എന്നിവർ സ്‌ഥലം സന്ദർശിച്ചു സിപിഎം ജില്ലാ ആക്‌ടിങ് സെക്രട്ടറി ടി.വി. രാജേഷിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. 

പയ്യാമ്പലത്തെ സ്മൃതി കുടീരം രാസലായിനി ഉപയോഗിച്ച് വികൃമാക്കിയത് പി.കെ.ശ്രീമതി അടക്കമുള്ള സിപിഎം നേതാക്കൾ പരിശോധിക്കുന്നു
പയ്യാമ്പലത്തെ സ്മൃതി കുടീരം രാസലായിനി ഉപയോഗിച്ച് വികൃമാക്കിയത് പി.കെ.ശ്രീമതി അടക്കമുള്ള സിപിഎം നേതാക്കൾ പരിശോധിക്കുന്നു

പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു പ്രതികളെ കണ്ടെത്താനാകുമെന്ന നിഗമനത്തിലാണു പൊലീസ്. ഇൻസ്പെക്‌ടർ കെ.സി.സുഭാഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം കുടീരങ്ങളും പരിസരവും പൊലീസ് ബന്ധവസിലാക്കിയിരിക്കുകയാണ്. 

∙ പ്രതിഷേധിച്ച് നേതാക്കൾ

പയ്യാമ്പലത്ത് സിപിഎമ്മിന്റെ അനശ്വര നേതാക്കളുടെ സ്മൃതികുടീരങ്ങൾ രാസലായനി ഒഴിച്ചു വികൃതമാക്കിയ സംഭവം ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ സന്ദർഭത്തിൽ പ്രകോപനമുണ്ടാക്കി സംഘർഷം സൃഷ്ടിക്കുവാനുള്ള ബോധപൂർവ ശ്രമമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ‘‘ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. സംഭവത്തിൽ പാർട്ടി പ്രവർത്തകർ ആത്മസംയമനം പാലിക്കണം. സംഘർഷം സൃഷ്ടിക്കുവാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രതയോടെ പ്രവർത്തിക്കണം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ തുടരണം’’ – അദ്ദേഹം കൂട്ടിച്ചേർത്തു. 

സിപിഎം നേതാക്കളുടെ സ്‌മൃതി മണ്ഡപം രാസലായനി ഒഴിച്ച് വികൃതമാക്കി, നാട്ടിൽ നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് പി. കെ. ശ്രീമതിയും പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി.

English Summary:

Smriti Mandapam of CPM leaders vandalized with chemical solution at Payyambalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com