ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റും മദ്യനയ കേസുമായി ബന്ധപ്പെട്ടു യുഎസിന്റെ പ്രസ്താവന വീണ്ടും. ഇത്തവണ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെക്കുറിച്ചും യുഎസ് പരാമർശിച്ചിട്ടുണ്ട്. കേസിൽ നേരത്തേ നടത്തിയ പരാമർശത്തിന്റെ പേരിൽ യുഎസ് നയതന്ത്രജ്ഞ, ന്യൂഡൽഹിയിലെ ആക്ടിങ് ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഗ്ലോറിയ ബെർബേനയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോഴാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മാത്യു മില്ലർ ഇന്ത്യയുടെ നടപടി നിരീക്ഷിക്കുന്നത് തുടരുമെന്നും സുതാര്യമായ, നിയമപരമായ നടപടികൾ ഉണ്ടാകണമെന്നും പ്രസ്താവിച്ചത്.

ഇന്നലെ വിദേശകാര്യ മന്ത്രാലയത്തിന്റെ സൗത്ത് ബ്ലോക്കിലെ ഓഫിസിൽ യുഎസ് പ്രതിനിധിയുമായി 40 മിനിറ്റ് നേരം നടത്തിയ കൂടിക്കാഴ്ചയിൽ യുഎസിന്റെ നിലപാടിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതിനെക്കുറിച്ചും മില്ലർ പ്രതികരിച്ചു. ‘‘നികുതിയുടെ പേരിൽ കോൺഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവത്തെക്കുറിച്ചും ഞങ്ങൾക്ക് അറിയാം. അതു വരുന്ന തിരഞ്ഞെടുപ്പിൽ പ്രചാരണത്തെ ബാധിക്കുമെന്ന കോൺഗ്രസിന്റെ ആരോപണത്തെക്കുറിച്ചും അറിയാം. എല്ലാ വിഷയങ്ങളിലും സുതാര്യമായ നിയമപരമായ നടപടിക്രമങ്ങളെയാണ് യുഎസ് പ്രോത്സാഹിപ്പിക്കുന്നത്’’ – അദ്ദേഹം വ്യക്തമാക്കി.

ഡൽഹി മദ്യനയക്കേസിൽ കഴിഞ്ഞ ആഴ്ചയാണ് മുഖ്യമന്ത്രി അരവിന്ദ് കേ‍‌ജ്‌രിവാൾ അറസ്റ്റിലായത്. നേരത്തേ, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെയും പ്രമുഖ നേതാവ് സഞ്ജയ് സിങ്ങിനെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധ പ്രകടനങ്ങൾക്കാണ് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചത്. ഇതേത്തുടർന്നായിരുന്നു യുഎസിന്റെ പ്രസ്താവന വന്നത്.

English Summary:

US Speaks Again On Arvind Kejriwal, Mentions Frozen Congress Accounts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com