ADVERTISEMENT

മലയാറ്റൂർ∙ ‘പൊന്നിൻ കുരിശു മുത്തപ്പോ പൊന്മല കയറ്റം’. തീർഥാടകരുടെ കണ്ഠങ്ങളിൽ നിന്നുയർന്ന ശരണധ്വനികൾ കുരിശുമുടിയിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. അത്യുഷ്ണത്തിന്റെ തീക്ഷ്ണത 50 നോമ്പിന്റെ വിശുദ്ധിയാൽ ലഘൂകരിച്ചും പാറക്കെട്ടുകളും ഉരുളൻ കല്ലുകളും നിറഞ്ഞ മലമ്പാതയുടെ കാഠിന്യം മറികടന്നും തീർഥാടകർ കുരിശുമുടിയിലേക്ക് എത്തുന്നു. 

മലയാറ്റൂർ കുരിശുമുടി കയറുന്ന തീർഥാടകർ.ചിത്രം: ആറ്റ്‌ലി ഫെർണാണ്ടസ്∙ മനോരമ
മലയാറ്റൂർ കുരിശുമുടി കയറുന്ന തീർഥാടകർ.ചിത്രം: ആറ്റ്‌ലി ഫെർണാണ്ടസ്∙ മനോരമ

യേശുവിന്റെ അവസാന അത്താഴത്തിന്റെ ഓർമകൾ നിറഞ്ഞ പെസഹ വ്യാഴത്തിന്റെ പകലും രാവും ഇടതടവില്ലാതെ തീർഥാടകർ എത്തിക്കൊണ്ടിരുന്നു. ഇന്ന് പീഡകരാൽ യേശു ക്രൂശിതനായ ദുഃഖവെള്ളി. തീർഥാടക പ്രവാഹം തുടരും. ‍സംഘം ചേർന്ന് ഭീമൻ കുരിശു ചുമന്ന് മല കയറുന്നവർ, ചെറിയ കുരിശു രൂപങ്ങൾ കയ്യിൽ പിടിച്ച് മല കയറുന്നവർ, യാതനയുടെ ദണ്ഡം സ്വയമേറ്റ് കല്ല് തലയിൽ വച്ച് കയറുന്നവർ, പലവട്ടം ഇരുന്നും വീണ്ടും നടന്നും പിന്തിരിയാതെ മലമുകളിലെത്തുന്നവർ. കുരിശുമുടിയിലെ കാഴ്ചകൾ വിഭിന്നമാണ്. അവിടെ പ്രായത്തിന് അതിർവരമ്പുകൾ ഇല്ല. എല്ലാവർക്കും ഒരേ ലക്ഷ്യം. കുരിശുമുടിയുടെ അഗ്രത്തിലെത്തി പുണ്യാളനെയും സ്വർണ കുരിശിനെയും വണങ്ങണം. എല്ലാവർക്കും ഒരേ വാക്കുകൾ ‘പൊന്നിൻ കുരിശ് മുത്തപ്പോ പൊന്മല കയറ്റം’. 

മലയാറ്റൂർ കുരിശുമുടി കയറുന്ന തീർഥാടകർ. ചിത്രം: ആറ്റ്‌ലി ഫെർണാണ്ടസ്∙ മനോരമ
മലയാറ്റൂർ കുരിശുമുടി കയറുന്ന തീർഥാടകർ. ചിത്രം: ആറ്റ്‌ലി ഫെർണാണ്ടസ്∙ മനോരമ

കുരിശുമുടി പള്ളിയിൽ ഇന്നു രാവിലെ 7നു പീഡാനുഭവ തിരുക്കർമങ്ങൾ നടക്കും. താഴത്തെ പള്ളിയിൽ പീഡാനുഭവ തിരുക്കർമങ്ങൾ രാവിലെ 6.30ന് ആരംഭിക്കും. വൈകിട്ട് 3ന് ആഘോഷമായ കുരിശിന്റെ വഴിയെ തുടർന്ന് അടിവാരത്തേക്ക് വിലാപയാത്ര. അവിടെ വിശ്വാസികൾക്ക് പീഡാനുഭവ സന്ദേശം നൽകും. കുരിശുമുടി പള്ളിയിൽ‍ നാളെ രാവിലെ 7നു മാമോദീസ വ്രത നവീകരണം, പുത്തൻ തീ, വെള്ളം വെഞ്ചരിപ്പ്, കുർബാന എന്നിവ നടക്കും. രാത്രി 11.45ന് ഉയിർപ്പ് തിരുക്കർമങ്ങൾ ആരംഭിക്കും. താഴത്തെ പള്ളിയിൽ നാളെ രാവിലെ 6നു മാമോദീസ വ്രത നവീകരണം, പുത്തൻ തീ, വെള്ളം വെഞ്ചരിപ്പ്, കുർബാന എന്നിവ നടക്കും. രാത്രി 10.30ന് ഉയിർപ്പിന്റെ തിരുക്കർമങ്ങൾ‍ ആരംഭിക്കും. മലയാറ്റൂരിലെ പാതകളിൽ പലയിടത്തും വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ തീർഥാടകർക്ക് ലഘു ഭക്ഷണവും ദാഹജലവും സംഭാരവും മറ്റും നൽകുന്നു. ഇന്നു പലയിടത്തും നേർച്ച ഭക്ഷണം നൽകും. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും മലയാറ്റൂരിലേക്ക് പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. മലയടിവാരത്ത് വാഹന പാർക്കിങ്ങിന് വിപുല സൗകര്യങ്ങളുണ്ട്. 

മലയാറ്റൂർ കുരിശുമുടി കയറുന്ന തീർഥാടകർ. ചിത്രം: ആറ്റ്‌ലി ഫെർണാണ്ടസ്∙ മനോരമ
മലയാറ്റൂർ കുരിശുമുടി കയറുന്ന തീർഥാടകർ. ചിത്രം: ആറ്റ്‌ലി ഫെർണാണ്ടസ്∙ മനോരമ

പതിനാറ് കിലോമീറ്റർ ദൂരം കുരിശിന്റെ വഴി നടത്തുന്ന സ്ഥലമാണ് താമരശ്ശേരി ചുരം. 33 വർഷമായി ദുഃഖവെള്ളിയാഴ്ച മുടങ്ങാതെ തുടരുന്ന കുരിശിന്റെ വഴിയിൽ ഇപ്പോൾ അമ്പതിനായിരത്തിലധികം പേർ പങ്കെടുക്കുന്നുണ്ട്. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന ചുരത്തിൽ, കുട്ടികളും പ്രായമായവരുമെല്ലാം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി കുരിശിന്റെ വഴിയിൽ പങ്കാളികളാകുന്നു.  1992 ഏപ്രിൽ 17 ദുഃഖവെള്ളിയാഴ്ചയാണ് ആദ്യമായി താമരശ്ശേരി ചുരത്തിൽ കുരിശിന്റെ വഴി ആരംഭിക്കുന്നത്. ലക്കിടിയിലെ മൗണ്ട് സീനായ് ധ്യാനകേന്ദ്രത്തിലെ വൈദികരായ ഫാ. തോമസ് തുണ്ടത്തിൽ, ഫാ.തോമസ് കൂട്ടിയാനി എന്നിവരുടെ നേതൃത്വത്തിലാണ് ചുരത്തിൽ കുരിശിന്റെ വഴി ആരംഭിച്ചത്. ആ കാലഘട്ടത്തിൽ ചുരം യാത്രയിൽ നിരന്തരം അപകടങ്ങൾ സംഭവിക്കുന്നതും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതും പതിവായിരുന്നു. 

മലയാറ്റൂർ കുരിശുമുടി കയറുന്ന തീർഥാടകൻ. ചിത്രം: ആറ്റ്‌ലി ഫെർണാണ്ടസ്∙ മനോരമ
മലയാറ്റൂർ കുരിശുമുടി കയറുന്ന തീർഥാടകൻ. ചിത്രം: ആറ്റ്‌ലി ഫെർണാണ്ടസ്∙ മനോരമ

ഒരിക്കൽ പ്രാർഥിക്കുന്ന സമയത്താണ് ഫാ.തോമസ് തുണ്ടത്തിലിന് ചുരത്തിൽ കുരിശിന്റെ വഴി നടത്തുന്നതിനെക്കുറിച്ച് ചിന്തയുണ്ടാകുന്നത്. തുടർന്ന് അന്നത്തെ മാനന്തവാടി രൂപതാ മെത്രാൻ മാർ േജക്കബ് തൂങ്കുഴിയെ കണ്ട് വിവരം അറിയിച്ചു. ഇത്രയും ദൂരം നടക്കാൻ ആൾക്കാർ വരുമോ എന്ന് സംശയം പ്രകടിപ്പിച്ചെങ്കിലും പിതാവ് സന്ദേശ പ്രസംഗം നടത്തുന്നതിന് എത്താമെന്ന് അറിയിച്ചു. ആ വർഷം കടുത്ത വേനലായിരുന്നു. കുരിശിന്റെ വഴി സമാപിക്കുമ്പോൾ മഴ പെയ്യണേ എന്ന നിയോഗത്തോടെയായിരുന്നു ഫാ. തോമസ് തുണ്ടത്തിലും വിശ്വാസികളും ചുരം കയറിയത്. ലക്കിടിയിൽ കുരിശിന്റെ വഴി സമാപിച്ച് മാർ ജേക്കബ് തൂങ്കുഴിയുടെ പ്രസംഗവും അവസാനിച്ചപ്പോൾ ശക്തമായ മഴ പെയ്തു. അതോടെ തുടർന്നും എല്ലാ വർഷവും കുരിശിന്റെ വഴി നടത്താൻ തീരുമാനിക്കുകയായിരുന്നു. നാലായിരത്തോളം പേർ ആദ്യത്തെ കുരിശിന്റെ വഴിയിൽ പങ്കെടുത്തു.

ദുഖവെള്ളി ദിനത്തിൽ വയനാടൻ ചുരത്തിൽ നടന്ന കുരിശിന്റെ വഴി. ചിത്രം: മനോരമ
ദുഃഖവെള്ളി ദിനത്തിൽ വയനാടൻ ചുരത്തിൽ നടന്ന കുരിശിന്റെ വഴി. ചിത്രം: സജീഷ് പി.ശങ്കരൻ∙ മനോരമ

2002 വരെ ദുഃഖവെള്ളിയാഴ്ച മാത്രമായിരുന്നു കുരിശിന്റെ വഴി. പിന്നീട് എല്ലാ ആദ്യവെള്ളിയാഴ്ചയും നടത്താൻ തുടങ്ങി. വലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്ചയും ഇപ്പോൾ കുരിശിന്റെ വഴി നടത്തുന്നുണ്ട്. കോവിഡ് കാലത്തുപോലും കുരിശിന്റെ വഴി മുടങ്ങിയില്ല. ഇപ്പോൾ ദുഃഖവെള്ളിയാഴ്ചകളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അമ്പതിനായിരത്തോളം പേർ എത്തുന്നുണ്ട്. പുലർച്ചെ തന്നെ ചെറു സംഘങ്ങളായി കുരിശിന്റെ വഴി ആരംഭിക്കും. ഒൻപത് മണിക്കാണ് അടിവാരത്തെ ഗ്രോട്ടോയിൽ ഔദ്യോഗികമായി പ്രാർഥനയും കുരിശിന്റെ വഴിയും ആരംഭിക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ ലക്കിടിയിൽ എത്തിച്ചേരും. ലക്കിടിയിലെ മൗണ്ട് സീനായ് ധ്യാനകേന്ദ്രത്തിൽ രാവിലെ എട്ട് മണി മുതൽ കഞ്ഞി വിതരണം ആരംഭിക്കും. സന്നദ്ധ സംഘടനകളും വ്യക്തികളും ചുരത്തിൽ വെള്ളവും പഴങ്ങളും വിതരണം ചെയ്യാറുണ്ട്. 33 വർഷമായി ഫാ. തോമസ് കുരിശിന്റെ വഴിക്ക് നേതൃത്വം നൽകുന്നു. മുപ്പത്തിമൂന്നാമത്തെ വയസ്സിലാണ് ക്രിസ്തു കുരിശുമരണം വരിച്ചത്. ചുരത്തിൽ കുരിശിന്റെ വഴി തുടങ്ങിയിട്ടും 33 വർഷമായതിനാൽ ഇത്തവണ വിപുലമാക്കാനാണ് സംഘാടകരുടെ തീരുമാനം.  

ഇടുക്കിയിലെ പ്രധാന തീർഥാടക കേന്ദ്രങ്ങളായ വാഗമൺ കുരിശുമല, എഴുകുംവയൽ കുരിശുമല എന്നിവിടങ്ങളിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. എഴുകുംവയൽ കുരിശുമലയുടെ മലയടിവാരത്തെ ടൗൺ കപ്പേളയിൽ നിന്ന് രാവിലെ 7ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകുന്ന പീഡാനുഭവ യാത്ര ആരംഭിക്കും. തുടർന്ന് കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങളും പിന്നിട്ട് മലമുകളിലെത്തിയശേഷം തീർഥാടക പള്ളിയിൽ ദുഃഖവെള്ളിയുടെ തിരുക്കർമങ്ങളും പീഡാനുഭവ സന്ദേശവും അദ്ദേഹം നിർവഹിക്കും. വാഗമൺ കുരിശുമലയുടെ മലയടിവാരത്തെ കല്ലില്ലകവല പള്ളിയിൽ രാവിലെ 7ന് ദുഃഖവെള്ളിയുടെ തിരുക്കർമങ്ങൾ ആരംഭിക്കും. 9ന് ആഘോഷമായ കുരിശിന്റെ വഴി തുടങ്ങും.

പാലാ രൂപതാ വികാരി ജനറൽ ഫാ.സെബാസ്റ്റ്യൻ വേത്താനത്ത് നേതൃത്വം നൽകും. കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ നടക്കുന്ന ദുഃഖവെള്ളിയുടെ തിരുക്കർമങ്ങൾക്കും പരിഹാര പ്രദക്ഷിണത്തിനും കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ മുഖ്യകാർമികത്വം വഹിക്കും. ഫൊറോനാ വികാരി ഫാ.ജോസ് മാത്യു പറപ്പള്ളിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ.ജോസഫ് വടക്കേ പീടിക, ഫാ.നോബി വെള്ളാപ്പള്ളി, ഫാ.മനു കിളികൊത്തിപാറ എന്നിവർ സഹകാർമികത്വം വഹിക്കും. വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ നടക്കുന്ന കുരിശിന്റെ വഴിക്കും പരിഹാര പ്രദക്ഷിണത്തിനും നഗരി കാണിക്കൽ ശുശ്രൂഷകൾക്കും വികാരി ഫാ.തോമസ് മണിയങ്ങാട്ട്, അസിസ്റ്റന്റ് വികാരിമാരായ ഫാ.ജോമിൻ പഴുകുടിയിൽ, ഫാ.ജോസഫ് ഉമിക്കുന്നേൽ എന്നിവർ നേതൃത്വം നൽകും. ഇരട്ടയാർ സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ വികാരി ജനറൽ ഫാ.ജോസ് കരിവേലിക്കൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ.ജിതിൻ പാറക്കൽ, ഫാ.അമൽ ഞാവള്ളികുന്നേൽ എന്നിവർ ദുഃഖവെള്ളി ശുശ്രൂഷയ്ക്കും തിരുകർമങ്ങൾക്കും മുഖ്യകാർമികത്വം വഹിക്കും.

English Summary:

Christians observe Good Friday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com