ADVERTISEMENT

പത്തനംതിട്ട ∙ പട്ടാഴിമുക്കിൽ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി രണ്ടു പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കായംകുളത്ത് ഭർത്താവ് പണികഴിപ്പിച്ച  പുതിയ വീട്ടിലേക്ക്  പിതാവുമായി അനുജ താമസം മാറാൻ ഒരുങ്ങുന്നതിനു തൊട്ടുമുൻപാണ് അപകടമുണ്ടായത്. മാറിത്താമസിക്കാനുള്ള അനുജയുടെ തീരുമാനം ഹാഷിം അറിഞ്ഞതോടെയാണ് മരണത്തിലേക്ക് നയിച്ച അപകടമുണ്ടായതെന്നാണു നാട്ടുകാരും അന്വേഷണ ഉദ്യോഗസ്ഥരും കരുതുന്നത്.

നൂറനാട് മറ്റപ്പള്ളിയിലുള്ള കുടുംബ വീട്ടിൽ താമസിച്ചാണ് അനുജ സ്കൂളിൽ ജോലിക്കു പോയിരുന്നത്. ഇവിടെ പിതാവും സഹോദരനുമുണ്ട്. അവധി ദിവസങ്ങളിൽ അനുജ കായംകുളത്തേക്കു പോകും. ഒരു വർഷം മുൻപാണ് അനുജയുടെ ഭർത്താവ് കായംകുളത്ത് പുതിയ വീടുവച്ചത്. മാർച്ച് 30ന് ആണ് മറ്റപ്പള്ളിയിൽനിന്ന് കായംകുളത്തേക്ക് താമസം മാറാൻ അനുജ തീരുമാനിച്ചതെന്നാണു വിവരം. അനുജ കൈവിട്ടു പോകുമെന്ന് കരുതിയാണ് ക്രൂരകൃത്യത്തിലേക്ക് ഹാഷിം നീങ്ങിയതെന്നാണു സൂചന.

അനുജയിൽനിന്ന് ഹാഷിം പല തവണ പണം വാങ്ങിയിരുന്നതായും പൊലീസ് സംശയിക്കുന്നു. ഹാഷിമിന്റെയും അനുജയുടെയും സൗഹൃദത്തെ കുറിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. തുമ്പമൺ ഹയർ സെക്കന്‍ഡറി സ്കൂളിലെ താൽക്കാലിക അധ്യാപികയായ അനുജയെ കുറിച്ച് സഹപ്രവർത്തകർക്കും നാട്ടുകാർക്കും നല്ല അഭിപ്രായമാണ്. ഏവർക്കും പ്രിയപ്പെട്ടവളായിരുന്നു. ഹയർ സെക്കൻഡറി അധ്യാപികയായി പിഎസ്‍സി നിയമനം കിട്ടിയിരിക്കെയാണ് അപ്രതീക്ഷിത മരണം.

പന്തളം– പത്തനംതിട്ട വഴി ഓടുന്ന ബസിലാണു ഹാഷിം ആദ്യം ജോലി ചെയ്തിരുന്നത്. അനുജ സ്കൂളിൽ പോയിരുന്നത് ഈ ബസിലായിരുന്നു. അപ്പോഴാകും ഇരുവരും പരിചയപ്പെട്ടതെന്നാണു  നാട്ടുകാർ പറയുന്നത്. അനുജയുടെ ഭർത്താവിന് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അടുത്തിടെ സൂചന ലഭിച്ചിരുന്നെന്നാണ് വിവരം. ഹാഷിം  മൂന്നു വർഷമായി ഭാര്യയുമായി വേർപിരിഞ്ഞാണ് താമസം. അനുജയുടെ വീട്ടിൽ ഹാഷിമിനെ രണ്ടുമൂന്നു തവണ കണ്ടതായും നാട്ടുകാർ പറയുന്നു.

വ്യാഴാഴ്ച രാത്രിയാണു ചാരുംമൂട് പാലമേൽ ഹാഷിം വില്ലയിൽ ഹാഷിമും (37) നൂറനാട് സ്വദേശിനി അനുജയും (31) സഞ്ചരിച്ച കാർ കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായത്. സഹ അധ്യാപകർക്കൊപ്പം തിരുവനന്തപുരം മാജിക് പ്ലാനറ്റിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ കുളക്കടയിൽ വച്ച് വാഹനം തടഞ്ഞാണ് അനുജയെ ഹാഷിം ബലമായി കാറിൽ കയറ്റിയത്. തന്റെ ബന്ധുവാണ് ഹാഷിം എന്നു പറഞ്ഞ അനുജ, വിഷ്ണു എന്ന പേരിലാണു മറ്റുള്ളവർക്കു പരിചയപ്പെടുത്തിയത്. അടൂർ പട്ടാഴിമുക്കിലായിരുന്നു അപകടം. കോട്ടയത്ത് പോസ്റ്റുമോർട്ടം നടത്തി. അനുജയുടെയും ഹാഷിമിന്റെയും മൃതദേഹങ്ങൾ സംസ്കരിച്ചു.

English Summary:

Anuja and Hashim death updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com