ADVERTISEMENT

കൊല്ലം / ആലപ്പുഴ ∙ കേരളത്തിൽ അപ്രതീക്ഷിതമായി കടൽ കലിതുള്ളിയപ്പോൾ വീടുകളും വള്ളങ്ങളും അടക്കം നഷ്ടപ്പെട്ടത് നൂറുകണക്കിന് തീരവാസികൾക്കാണ്. നിനച്ചിരിക്കാതെ കരയിലേക്ക് തിരമാലകൾ അലയടിച്ചപ്പോൾ തീരവാസികൾ ഒന്നടങ്കം പറഞ്ഞു ഇത് ‘കള്ളക്കടൽ’. എന്താണ് ഈ കള്ളക്കടലെന്നായിരുന്നു പലരുടെയും സംശയം.

അപ്രതീക്ഷിതമായുണ്ടാകുന്ന വേലിയേറ്റത്തെയാണ് കള്ളക്കടൽ എന്നു പറയുന്നത്. കാറ്റിന് അനുസരിച്ചോ സൂര്യന്റെയും ചന്ദ്രന്റെയും ഗുരുത്വാകർഷണ ഫലമായോ ഉണ്ടാകുന്ന പ്രതിഭാസമാണ് വേലിയേറ്റം. ഇതു രണ്ടുമല്ലാതെയുണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടൽ. പ്രത്യേകിച്ച് യാതൊരു ലക്ഷണവുമില്ലാതെയാകും തിരമാലകൾ ആഞ്ഞടിക്കുകയെന്ന് തീരദേശ ഗവേഷകൻ ജോൺസൺ ജമന്റ് ‘മനോരമ ഓൺലൈനിനോട്’ പറഞ്ഞു. അതിനാലാണ് ഇതിനെ കള്ളക്കടലെന്നു വിളിക്കുന്നതും.

സംസ്ഥാനത്ത് ഇന്നുണ്ടായ കടലാക്രമണത്തിൽ നിന്ന്
സംസ്ഥാനത്ത് ഇന്നുണ്ടായ കടലാക്രമണത്തിൽ നിന്ന്

സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളെ തുടർന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണു കള്ളക്കടൽ എന്ന പേരിൽ അറിയപ്പെടുന്നത്. സൂനാമിയുമായി സമാനതകളുള്ള പ്രതിഭാസം. കള്ളക്കടൽ രൂപപ്പെടുന്നതോടെ തീരം ഉള്ളിലോട്ടു വലിയും. പിന്നീടു വൻ തിരമാലകൾ തീരത്ത് അടിച്ചുകയറും. ആദ്യ തിരകളെത്തുമ്പോൾ തന്നെ ഇത് കള്ളക്കടലാണെന്ന് തിരിച്ചറിയാൻ സാധിക്കുമെന്നാണ് തീരദേശവാസികൾ പറയുന്നത്. ഞായറാഴ്ച രാവിലെ ആലപ്പുഴ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കടൽ ഉള്ളിലേക്ക് വലിഞ്ഞിരുന്നു. ഉച്ച കഴിഞ്ഞപ്പോൾ തിര തീരത്തേക്ക് ആഞ്ഞടിച്ചു.

ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം സാധാരണ കള്ളക്കടൽ സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകാറുണ്ട്. ഇത്തവണ അതുണ്ടായില്ല. കടലാക്രമണം രൂക്ഷമായ ശേഷമാണ് മുന്നറിയിപ്പെത്തിയത്. കേരള തീരത്തും  തെക്കൻ തമിഴ്‌നാട് തീരത്തും 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ഇതിനുപിന്നാലെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ഇന്നുണ്ടായ കടലാക്രമണത്തിൽ നിന്ന്
സംസ്ഥാനത്ത് ഇന്നുണ്ടായ കടലാക്രമണത്തിൽ നിന്ന്

എല്ലാ മാർച്ച്–ഏപ്രിൽ മാസങ്ങളിലും കള്ളക്കടൽ പ്രതിഭാസം ഉണ്ടാകാറുണ്ടെന്നാണ് തീരദേശ വിദഗ്ധർ പറയുന്നത്. സ്വാഭാവിക ബീച്ചുള്ള പ്രദേശങ്ങളെ കള്ളക്കടൽ സാധാരണയായി ബാധിക്കാറില്ല. തിരയ്ക്ക് തിരിച്ചുപോകാൻ കടൽ തന്നെ വഴിയുണ്ടാക്കുമെന്നും വിദഗ്ധർ പറയുന്നു. എന്നാൽ തീരമില്ലാത്ത സ്ഥലങ്ങളിലാണ് മുകളിലേക്ക് തിരയടിച്ചു കയറുന്നത്. കൃത്രിമ ബീച്ച് നിർമാണങ്ങൾ അടക്കമുള്ളവയാണ് കള്ളക്കടൽ പ്രതിഭാസം തീരദേശത്തെ ഇത്തവണ ഇത്രയധികം ബാധിച്ചതെന്നാണ് ജോൺസൺ ജമന്റ് പറയുന്നത്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാണ് എപ്പോഴും 50 മീറ്റർ ബീച്ച് വേണമെന്ന് ശാസ്ത്ര സമൂഹം വാദിക്കുന്നത്. 

ആലപ്പുഴയിലുണ്ടായ കടലാക്രമണത്തിൽ തീരദേശ റോഡിലേക്ക് വെള്ളം കയറുന്നു
ആലപ്പുഴയിലുണ്ടായ കടലാക്രമണത്തിൽ തീരദേശ റോഡിലേക്ക് വെള്ളം കയറുന്നു

ഓഖിക്കു ശേഷം കേരളത്തിന്റെ തീരപ്രദേശത്തു കനത്ത നാശനഷ്ടമുണ്ടാക്കിയത് കള്ളക്കടൽ പ്രതിഭാസമാണ്. ഇതിനു മുന്നേ 2018ലും വലിയ തോതിലുള്ള നാശനഷ്ടങ്ങളുണ്ടായി. എന്നാൽ സമുദ്ര സ്ഥിതി പഠന കേന്ദ്രം അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. 2018ൽ 22 സെക്കൻഡ് വരെ ദൈർഘ്യമുള്ള തിരമാലകളുണ്ടായി. സാധാരണ 19 സെക്കൻഡാണ് രേഖപ്പെടുത്താറുണ്ടായിരുന്നത്. 

സംസ്ഥാനത്ത് ഇന്നുണ്ടായ കടലാക്രമണത്തിൽ നിന്ന്
സംസ്ഥാനത്ത് ഇന്നുണ്ടായ കടലാക്രമണത്തിൽ നിന്ന്
English Summary:

Sea encroachment in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com