ADVERTISEMENT

ന്യൂഡൽഹി ∙ ശ്രീലങ്ക കൈവശം വച്ചിരിക്കുന്ന കച്ചത്തീവ് ദ്വീപിനെച്ചൊല്ലി കോൺഗ്രസിനെതിരെ ആക്രമണം കടുപ്പിച്ച് ബിജെപി. ശ്രീലങ്കയ്ക്കു കച്ചത്തീവ് കൈമാറാൻ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു ആഗ്രഹിച്ചിരുന്നതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ആരോപിച്ചു. തമിഴ്നാട്ടിലുൾപ്പെടെ കച്ചത്തീവിനെ തിര‍ഞ്ഞെടുപ്പ് പ്രചാരണായുധമാക്കാനാണു ബിജെപി നീക്കം. ശ്രീലങ്കയുടെ കൈവശമുള്ള കച്ചത്തീവ് ദ്വീപ് വിട്ടുനൽകാൻ ഇടയാക്കിയതു കോൺഗ്രസ് സർക്കാരിന്റെ പിടിപ്പുകേടാണെന്നു കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചിരുന്നു. 1974ൽ ആണ് കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് ഇന്ത്യ വിട്ടുനൽകിയത്. തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈയ്ക്കു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ പുറത്തുവന്ന വാർത്തകളാണ് ഇപ്പോൾ വീണ്ടും ദ്വീപിനെ ചർച്ചകളിൽ സജീവമാക്കിയത്.

മുൻ കേന്ദ്രമന്ത്രി സ്വരൺ സിങ്ങിന്റെ പാർലമെന്റ് പ്രസംഗം ഉദ്ധരിച്ചാണു കോൺഗ്രസിനെ ജയശങ്കർ വിമർശിച്ചത്. ‘‘‌പാക്ക് ഉൾക്കടലിൽ സമുദ്രാതിർത്തി നിർണയിക്കുന്ന കരാർ ഇരു രാജ്യങ്ങൾക്കും ന്യായവും നീതിയുക്തവുമായി പരിഗണിക്കപ്പെടുമെന്ന് ആത്മവിശ്വാസമുണ്ട്. അതേസമയം, ഈ കരാറിൽ മത്സ്യബന്ധനത്തിനുള്ള അവകാശങ്ങൾ, മുൻകാലങ്ങളിൽ ഇരുപക്ഷവും ആസ്വദിച്ച തീർഥാടനവും ജലഗതാഗതവും ഭാവിയിൽ പൂർണമായും സംരക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന് ബഹുമാനപ്പെട്ട അംഗങ്ങളെ ഓർമിപ്പിക്കുന്നു.’’– ജയശങ്കർ പറഞ്ഞു.

എന്നാൽ രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ മറ്റൊരു കരാറുണ്ടായെന്നു ജയശങ്കർ ചൂണ്ടിക്കാട്ടി. ‘‘ഈ കരാറിൽ ചില കാര്യങ്ങൾ ഇന്ത്യ നിർദേശിച്ചു. രണ്ട് രാജ്യങ്ങളും പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥാപിക്കുന്നതോടെ, ഇന്ത്യയും ശ്രീലങ്കയും അതതു മേഖലകളിലെ വിഭവങ്ങളിൽ പരമാധികാരം വിനിയോഗിക്കും. ശ്രീലങ്കയുടെ ചരിത്രപ്രധാനമായ ജലാശയങ്ങളിലും കടലിലും പ്രത്യേക മേഖലയിലും ഇന്ത്യ മത്സ്യബന്ധനത്തിൽ ഏർപ്പെടില്ല. 1974ൽ ഉറപ്പുനൽകുന്നു, 1976-ഓടെ, ഈ ഉറപ്പ് നൽകുന്ന ഒരു കരാർ അവസാനിക്കുന്നു. ഈ കരാറിന്റെ ഫലമായാണു കഴിഞ്ഞ 20 വർഷത്തിനിടെ 6184 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക തടവിലാക്കിയത്. ഇക്കാലയളവിൽ ഇന്ത്യയുടെ 1175  മത്സ്യബന്ധന ബോട്ടുകളാണു ശ്രീലങ്ക പിടിച്ചെടുത്തത്.

കഴിഞ്ഞ 5 വർഷത്തിനിടെ വിവിധ പാർട്ടികൾ കച്ചത്തീവ് വിഷയം പാർലമെന്റിൽ ഉന്നയിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ എനിക്കു നിരവധി തവണ കത്തെഴുതി. സ്റ്റാലിന് 21 പ്രാവശ്യം ഇതേ വിഷയത്തിൽ ഞാൻ മറുപടി നൽകി. ചെറിയൊരു ദ്വീപിലെ നമ്മുടെ അവകാശവാദം ഒഴിവാക്കുകയാണെന്നു നെഹ്റു പറഞ്ഞിട്ടുണ്ട്. പാർലമെന്റിൽ ഇത്തരം വിഷയങ്ങൾ വീണ്ടുംവീണ്ടും ഉന്നയിക്കപ്പെടാൻ ഇഷ്ടപ്പെടുന്നില്ലെന്നും വ്യക്തമാക്കി. പണ്ഡിറ്റ് നെഹ്റുവിന് അതൊരു ചെറിയ ദ്വീപ് മാത്രമായിരുന്നു. കച്ചത്തീവിനെ ശല്യമായാണ് അദ്ദേഹം കണ്ടത്. അദ്ദേഹത്തെ സംബന്ധിച്ച്, എത്രയും നേരത്തേ അതു കൈമാറുന്നുവോ അത്രയും നല്ലതെന്നാണ് ചിന്തിച്ചത്’’– ജയശങ്കർ പറഞ്ഞു.

English Summary:

"PM Nehru Wanted To Give It Away": S Jaishankar As Katchatheevu Row Heats Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com