ADVERTISEMENT

സുൽത്താൻപുർ (യുപി)∙ ഉത്തർപ്രദേശിലെ പിലിബിത്തിൽ വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നിഷേധിച്ചതിൽ ആദ്യ പ്രതികരണവുമായി വരുണിന്റെ അമ്മയും എംപിയുമായ മേനക ഗാന്ധി. വരുൺ ഗാന്ധിയുടെ തുടർ നടപടികളെക്കുറിച്ച് ചോദിച്ചപ്പോൾ, ‘‘ അദ്ദേഹം എന്താണ് ചെയ്യാൻ പോകുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കൂ. തിരഞ്ഞെടുപ്പിന് ശേഷം ഇതു ഞങ്ങൾ പരിഗണിക്കും. സമയമുണ്ട്’’ എന്നായിരുന്നു മേനകയുടെ മറുപടി.

മേനക ഗാന്ധിക്കായി വരുണ്‍ ഗാന്ധി പ്രചാരണത്തിന് ഇറങ്ങുന്നത് ബിജെപി വിലക്കിയതായും റിപ്പോർട്ടുണ്ടായിരുന്നു. “വരുണിനും ഭാര്യയ്ക്കും കടുത്ത വൈറൽ പനിയാണ്. എന്റെ സഹോദരിക്ക് സ്ട്രോക്ക് ഉണ്ടായി. ഈ ദിവസങ്ങളിൽ കുടുംബം മുഴുവൻ രോഗവുമായി മല്ലിടുകയാണ്. അവൻ ആഗ്രഹിച്ചാൽ പോലും വരാൻ കഴിയുമായിരുന്നില്ല. അല്ലെങ്കിലും അവൻ വരില്ല.’’– സുൽത്താൻപുരിൽ എത്തിയ ഉടൻ മേനക പറഞ്ഞു.

‘‘ഞാൻ ബിജെപിയിലായതിൽ ഞാൻ വളരെ സന്തോഷവതിയാണ്. എനിക്ക് മത്സരിക്കാൻ അവസരം തന്നതിന് അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ജെ.പി.നഡ്ഡയ്ക്കും നന്ദി. വളരെ വൈകിയാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ഞാൻ എവിടെ മത്സരിക്കണം എന്ന ആശയക്കുഴപ്പം ഉണ്ടായിരുന്നു. പിലിബിത്തിൽനിന്നു വേണോ സുൽത്താൻപുരിൽനിന്നു വേണോ എന്ന കാര്യത്തിലായിരുന്നു ആശയക്കുഴപ്പം. പാർട്ടി ഇപ്പോൾ എടുത്ത തീരുമാനത്തിന് നന്ദിയുണ്ട്.’’– മേനക പറഞ്ഞു. ഒരു എംപിയും വീണ്ടും ജയിക്കാത്ത ചരിത്രമാണ് ഈ സ്ഥലത്തിന് ഉള്ളത് എന്നതിനാൽ സുൽത്താൻപൂരിൽ തിരിച്ചെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും മേനക കൂട്ടിച്ചേർത്തു.

വരുൺ ഗാന്ധി (File Photo: JOSEKUTTY PANACKAL / MANORAMA)
വരുൺ ഗാന്ധി (File Photo: JOSEKUTTY PANACKAL / MANORAMA)

മേനക ഗാന്ധിക്ക് യുപിയിലെ സുൽത്താൻപുരിൽ വീണ്ടും സീറ്റ് നൽകിയ ബിജെപി, മകൻ വരുൺ ഗാന്ധിക്ക് പിലിബിത്തിൽ ടിക്കറ്റ് നിഷേധിച്ചിരുന്നു. പിലിബിത്തിൽനിന്ന് 2009 മുതൽ എംപിയാണ് വരുൺ ഗാന്ധി. പിലിബിത്തിൽ ഉത്തർ പ്രദേശ് മന്ത്രിസഭാംഗം ജിതിൻ പ്രസാദ മത്സരിക്കും. ഇദ്ദേഹം 2021ൽ ആണ് കോൺഗ്രസിൽനിന്ന് ബിജെപിയിൽ എത്തിയത്. പേരു വെട്ടിയതിനു പിന്നാലെ പിലിബിത്തിനോട് വികാരനിർഭരമായി വിട പറഞ്ഞ് വരുൺ ഗാന്ധി കുറിപ്പ്  പങ്കുവച്ചിരുന്നു.

സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു ശേഷം സുൽത്താൻപുരിൽ മേനകയുടെ ആദ്യ സന്ദർശനമാണിത്. പത്തു ദിവസത്തെ സന്ദർശനത്തിൽ മണ്ഡലത്തിലെ 101 ഗ്രാമങ്ങൾ മേനക സന്ദർശിക്കും. കട്ക ഗുപ്തർഗഞ്ച്, തത്യാനഗർ, തെദുയി, ഗോലാഘട്ട്, ഷാഗഞ്ച് സ്‌ക്വയർ, ദരിയാപുർ തിരഹ, പയാഗിപൂർ സ്‌ക്വയർ തുടങ്ങി വിവിധ സ്ഥലങ്ങളിൽ പാർട്ടി നേതാക്കളും പ്രവർത്തകരും മേനകയ്ക്കു സ്വീകരണം നൽകി. ശ്യാമപ്രസാദ് മുഖർജിയുടെയും പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെയും പ്രതിമകളിൽ മനേകാ ഗാന്ധി ആദരമർപ്പിച്ചു ബിജെപി ജില്ലാ പ്രസിഡന്റ് ഡോ. ആർ.എ. വർമ, മന്ത്രി മീന ചൗബെ, ലോക്‌സഭാ ഇൻചാർജ് ദുർഗേഷ് ത്രിപാഠി, ലോക്‌സഭാ കൺവീനർ ജഗ്ജിത് സിങ് ചംഗു, രാജ് പ്രസാദ് ഉപാധ്യായ എംഎൽഎ, രാജേഷ് ഗൗതം എംഎൽഎ, വക്താവ് വിജയ് രഘുവംശി എന്നിവരും പങ്കെടുത്തു.

English Summary:

"Happy To Be In BJP," Says Maneka Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com