ADVERTISEMENT

തിരുവനന്തപുരം ∙ ഇലക്ടറൽ ബോണ്ടിൽ പണം നൽകിയാണ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്  ഇ.ഡി കേസിൽനിന്നു രക്ഷപ്പെട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ . കേന്ദ്ര സർക്കാരിന് ഗുണ്ടാ പിരിവ് നടത്തുന്ന ഏജൻസിയായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മാറി. സാന്റിയാഗോ മാർട്ടിൻ ഉൾപ്പെടെയുള്ള എല്ലാ താപ്പാനകളിൽനിന്നും കോൺഗ്രസും ബിജെപിയും ആയിരക്കണക്കിനു കോടി രൂപയാണ് ഇലക്ടറൽ ബോണ്ടിലൂടെ വാങ്ങിയതെന്നും ഗോവിന്ദൻ ആരോപിക്കുന്നു. 

കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ‌ പറഞ്ഞതുപോലെ തിരഞ്ഞെടുപ്പ് ചിഹ്നവും ദേശീയ പാർട്ടി അംഗീകാരവും നിലനിർത്തുന്നതിനു വേണ്ടിയാണോ ശരിക്കും സിപിഎം ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന ചോദ്യത്തിന് ഗോവിന്ദന്റെ മറുപടി വളരെ വ്യക്തമാണ്. ‘‘അതൊക്കെ വെറുതെ പറയുന്നതാണ്. അതൊന്നുമല്ല ഞങ്ങൾ ഉദ്ദേശിക്കുന്നത്. ചിഹ്നവും കൊടിയുമൊക്കെ ഞങ്ങൾക്ക് ഇപ്പോഴുണ്ട്. അതു നിലനിർത്തി മുന്നോട്ടുപോകും. ദേശീയ തലത്തിൽ പ്രവർത്തിക്കാനുള്ള കഴിവ് ഞങ്ങൾക്കു നല്ലതു പോലുണ്ട്. അത് ഈ തിരഞ്ഞെടുപ്പ്  കഴിഞ്ഞാലുമുണ്ടാകും’’ – അതാണ് ഗോവിന്ദന്റെ ഉറപ്പ്.

സീറ്റ് പിടിക്കാനല്ല, അതിലും മികച്ച ലക്ഷ്യത്തിനു വേണ്ടിയാണ് മന്ത്രിമാരും എംഎൽഎമാരും മത്സരിക്കുന്നതെന്നും ഗോവിന്ദൻ പറയുന്നു. പ്രചാരണം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ തിരഞ്ഞെടുപ്പും ദേശീയ രാഷ്ട്രീയവും എം.വി. ഗോവിന്ദൻ താരതമ്യം ചെയ്യുന്നു.

∙ കേരളത്തിൽ എത്ര സീറ്റാണ് ലക്ഷ്യം ? സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമോ ഈ തിരഞ്ഞെടുപ്പ്? 

രാജ്യാന്തരം, ദേശീയം, കേരളം എല്ലാം വിലയിരുത്തപ്പെടും. ജനങ്ങളാണല്ലോ തീരുമാനിക്കുന്നത്. എല്ലാവരും  കഴിഞ്ഞ തവണ പിണറായി സർക്കാർ വരേണ്ടയെന്നു പ്രചാരണം നടത്തിയിട്ട് ജനമല്ലേ തീരുമാനിച്ചത് വരണമെന്ന്. ജനങ്ങളെ സ്വാധീനിക്കാൻ ഒരു കേന്ദ്ര ഏജൻസിക്കും സാധിക്കില്ല. കഴിഞ്ഞ വർഷത്തെ തിരിച്ചടി മറികടക്കാനുള്ള എല്ലാ പദ്ധതികളും ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവിഷ്കരിച്ചു കഴിഞ്ഞു. എല്ലാ മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷത്തോടെയുള്ള വിജയമാണ് ലക്ഷ്യം. വിജയത്തിൽ കുറഞ്ഞ് വേറെയൊരു ചിന്തയുമില്ല. ബിജെപിക്ക് 37 ശതമാനം മാത്രമേ വോട്ടുള്ളൂ. ബിജെപി വിരുദ്ധരുടെ വോട്ടാണ് ‌ബാക്കി 63 ശതമാനം. ആ വോട്ടുകൾ കേന്ദ്രീകരിക്കാനുള്ള നേതൃത്വപരമായ പങ്കു വഹിക്കാൻ കോൺഗ്രസിനു കഴിയുന്നില്ല. 

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

∙ സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെയും പല വിഷയങ്ങളിലും കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ അന്വേഷണമൊക്കെ നിലച്ചിരിക്കുകയാണെന്ന് ആക്ഷേപമുണ്ടല്ലോ?

കുറേ കൊല്ലമായി ഇതൊക്കെ തുടങ്ങിയിട്ട്. അന്വേഷിച്ചിട്ട് ഒന്നും കിട്ടിയില്ല ഇതുവരെ. എല്ലാം വെറുതെ കെട്ടിച്ചമച്ച കഥകളാണ്. ഇന്ത്യൻ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ്. അതിനെ കോൺഗ്രസ് ന്യായീകരിക്കുകയാണ്. ഡൽഹി മുഖ്യമന്ത്രിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലയെന്നാണ് കോൺഗ്രസ് മുൻപ് ചോദിച്ചത്. എന്നിട്ട് അദ്ദേഹത്തെ അനുകൂലിച്ച് റാലിയും പ്രകടനവുമൊക്കെ നടത്തി. കേരളത്തിൽ പിണറായിയെ പിടിക്കാത്തത് എന്തുകൊണ്ടാണെന്നാണ് ചോദിക്കുന്നത്. അവസരവാദപരമായ നിലപാടാണത്. 

∙ സിപിഎമ്മിന്റെ പ്രധാന പ്രചാരണ വിഷയം ഈ തിരഞ്ഞെടുപ്പിൽ എന്തായിരിക്കും?

ദേശീയ രാഷ്ട്രീയം തന്നെയായിരിക്കും പ്രധാനമായും ഉന്നയിക്കുന്നത്. രാജ്യത്തെ ഹിന്ദുത്വത്തിലേക്ക് നയിക്കുന്ന സർക്കാരിനെ തൂത്തെറിയണം. ഇന്നത്തെ നിലയിലുള്ള ഒരു ഇന്ത്യയെ വേണോ അതോ അടിമുടി ആയുധവൽക്കരിക്കപ്പെട്ട ഇന്ത്യയെ വേണോ എന്നതാണ് പ്രധാന ചോദ്യം. രാജ്യത്തെ ഫാഷിസത്തിലേക്ക് നീങ്ങാൻ അനുവദിക്കില്ല. പൗരത്വ ഭേദഗതി നിയമം ഹിന്ദുത്വ രാജ്യത്തിലേക്കുള്ള നീക്കത്തിന്റെ ആദ്യ ചവിട്ടുപടിയാണ്. ഏക സിവിൽ കോഡിന്റെ ലക്ഷ്യവും ഹിന്ദുത്വ രാജ്യമായി ഇന്ത്യയെ മാറ്റുകയെന്നതാണ്. വൈവിധ്യങ്ങളുടെ കലവറയാണ് ഇന്ത്യ. ഹിന്ദുവിലെ ഒരു വിഭാഗം സംഘടിതരാവുകയും ഭരണകൂടത്തിൽ മതവും രാഷ്ട്രീയവും ഇടകലർത്തുകയുമാണ്. ആ വർഗീയതയാണ് നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ഇന്ത്യൻ ഭരണ കൂടത്തെ ബാധിച്ചിരിക്കുന്നത്. ഇതു മുന്നിൽ വച്ചാകും സിപിഎം പ്രചാരണം. ജുഡീഷ്യറി ഉൾപ്പെടെ ആർഎസ്എസിന്റെ നിയന്ത്രണത്തിലാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ, സിബിഐ, ഇ.ഡി, സിഎജി തുടങ്ങി ഭരണഘടന സ്ഥാപനങ്ങളെല്ലാം കേന്ദ്ര സർക്കാരിന്റെ വരുതിയിലാണ്. 

∙ പൗരത്വഭേദഗതി നിയമത്തിനെതിരെ പാർലമെന്റിൽ സംസാരിച്ചത് എ.എം.ആരിഫ് മാത്രമാണെന്നാണ് എല്ലായിടത്തും മുഖ്യമന്ത്രി ആവർത്തിച്ചു പറയുന്നത്. എന്നാൽ മുഖ്യമന്ത്രി വ്യാജ പ്രചാരണം നടത്തുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം.

പ്രതിപക്ഷത്തിന് അത് നിലനിൽപ്പിന്റെ പ്രശ്നമാണ്. പൗരത്വഭേദഗതി നിയമത്തിൽ കോൺഗ്രസിന്റെ നിലപാട് ആത്മാർഥമല്ല. കേരളത്തിൽ കോൺഗ്രസ് പറയുന്ന നിലപാടല്ല കർണാടകയിൽ പറയുന്നത്. കേരളത്തിൽ സിഎഎ നടപ്പിലാക്കില്ലെന്ന് പറയുമ്പോൾ എന്തിനാണ് പ്രകോപനപരമായി നടപ്പിലാക്കേണ്ടി വരുമെന്നു പറയുന്നത്? ഞങ്ങൾ കോടതിയിൽ പോയത് ആത്മാർഥത കൊണ്ടാണ്. സിഎഎയ്ക്കെതിരെ ഒരു നിലപാടും സ്വീകരിക്കാൻ കോൺഗ്രസിനു കഴിയില്ല. ഈ നിയമം നടപ്പിലാക്കില്ലെന്ന് കർണാടകയും തെലങ്കാനയും ഭരിക്കുന്ന കോൺഗ്രസ് സർക്കാരുകൾ പറഞ്ഞോ ? ഹിമാചലിൽ പിന്നെ നോക്കേണ്ട. അവിടെ കോൺഗ്രസ് ഭരണം അതിന്റെ അവസാനത്തിലാണ്.

എം.വി.ഗോവിന്ദൻ (File Photo: JOSEKUTTY PANACKAL / MANORAMA)
എം.വി.ഗോവിന്ദൻ (File Photo: JOSEKUTTY PANACKAL / MANORAMA)

∙ സിപിഎമ്മിനു വോട്ട് ചെയ്തിട്ടാണ് എന്താണ് കാര്യമെന്നാണ് ബിജെപി കേരളത്തിൽ നടത്തുന്ന പ്രധാന പ്രചാരണം. കാര്യം നടക്കാൻ അധികാരത്തിൽ വരുന്നവർക്ക് വോട്ടു ചെയ്യൂവെന്നാണ് അവർ പറയുന്നത്.

ഞങ്ങൾക്ക് നിലപാടും നയവുമാണ് വലുത്. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ അതിനു വലിയ പ്രധാന്യമുണ്ട്. അതുകൊണ്ടാണല്ലോ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ വേണ്ടി ഞങ്ങൾ പോകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞത്. ഞങ്ങൾ അങ്ങനെ നിന്നതു കൊണ്ടാണ് കോൺഗ്രസും ആ നിലപാടു സ്വീകരിച്ചത്. കോൺഗ്രസുകാർ പിന്നീട് പോയി എന്നത് വേറെ കാര്യം. ആളുകളുടെ എണ്ണമല്ല ഞങ്ങൾക്കു വലുത്. ആശയം, ആദർശം, നിലപാട്, നയം എന്നിവ ഉയർത്തിപ്പിടിക്കാൻ കേരളത്തിൽനിന്നു ജയിക്കുന്ന എൽഡിഎഫ് എംപിമാർക്കേ സാധിക്കുകയുള്ളൂ. രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ പോവുകയാണ്, എങ്ങനെയെങ്കിലും വോട്ടു ചെയ്ത് വിജയിപ്പിക്കണം എന്ന മനസ്സൊന്നും ഇനി കേരളത്തിനില്ല. ഇന്ത്യയ്ക്കും ആ മനസ്സില്ല. 

∙ കേന്ദ്രത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു സർക്കാർ വന്നാൽ സിപിഎം പിന്തുണയ്ക്കുമോ?

കോൺഗ്രസിന്റെ നേതൃത്വത്തിൽ സർക്കാരൊന്നും വരാൻ പോകുന്നില്ല. കോൺഗ്രസിന് എവിടുന്നാ സീറ്റ്? ഹിന്ദി മേഖലയിൽ എവിടെ കിട്ടാനാ? എവിടെ സീറ്റ് നോക്കിയിട്ടാ ഈ ചോദിക്കുന്നത്? ഇല്ലാത്ത കാര്യം വെറുതെ ചോദിക്കേണ്ട ആവശ്യമില്ല. 

∙ പിന്നെ  ബിജെപി സർക്കാർ തന്നെ വരുമെന്നാണോ?

നോക്കാം, എല്ലാം കഴിഞ്ഞിട്ടു നോക്കാം നമുക്ക്. എല്ലാം കഴിയട്ടെ. 

∙ കോൺഗ്രസിന്റെ നേതൃത്വത്തിൽ സർക്കാർ വരില്ലെന്നു പറയുമ്പോൾത്തന്നെ, സിപിഎം ഇന്ത്യാ സഖ്യത്തിന്റെ ഭാഗമല്ലേ?

ഇന്ത്യാ മുന്നണിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ള സിപിഐക്കെതിരെയല്ലേ രാഹുൽ ഗാന്ധി മത്സരിക്കുന്നത്. അത് എന്താണ് നിങ്ങൾ ചോദിക്കാത്തത്? ഞങ്ങൾ എക്സിക്യൂട്ടീവിൽ അന്നും ഇന്നും ഇല്ല. ഇന്ത്യാ മുന്നണിയുടെ എക്സിക്യൂട്ടീവിൽ ചർച്ച ചെയ്തിട്ടാണോ രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത്.

എം.വി.ഗോവിന്ദൻ (ചിത്രം: മനോരമ)
എം.വി.ഗോവിന്ദൻ (ചിത്രം: മനോരമ)

∙ രാഹുൽ ഗാന്ധി വയനാട്ടിലെ സിറ്റിങ് എംപിയല്ലേ. അപ്പോൾ സ്ഥാനാർഥിയെ നിർത്താതിരിക്കേണ്ടത് സിപിഐ ആയിരുന്നില്ലേ?

എന്തിനാണ് ഇടതു പക്ഷത്തിനു സ്വാധീനമുള്ള മേഖലയിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത്. ബിജെപിക്ക് സ്വാധീനമുള്ള ഹിന്ദി മേഖലയിൽ അല്ലേ രാഹുൽ ഗാന്ധി മത്സരിക്കേണ്ടത്. കോൺഗ്രസിന്റെ ഗതികേടാണ്. ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് ഓരോ സംസ്ഥാനത്തും കോൺഗ്രസ്.

∙ മോദിക്കെതിരെ ഉയർത്തിക്കാട്ടാൻ പ്രതിപക്ഷത്തൊരു മുഖമില്ലാത്തതാണോ പ്രശ്നം?

ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. അതിന് ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായി എടുത്ത്, ബിജെപി വിരുദ്ധ വോട്ട് ചോർന്നുപോകാതെ, ബിജെപിക്കെതിരായി മത്സരിക്കുന്ന സ്ഥാനാർഥിയെ ഒരുമിച്ച് തീരുമാനിക്കണം. അതിനു കോൺഗ്രസ് തയാറാകുന്നില്ല എന്നതാണ് പ്രശ്നം. 

∙ കെ.രാധാകൃഷ്ണനെയും കെ.കെ.ശൈലജയേയും മത്സരിപ്പിക്കുന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ഒതുക്കാനാണെന്ന് ആക്ഷേപമുണ്ടല്ലോ.

രാജ്യം നിലനിൽക്കണോ എന്നു തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണിത്. അതിന്റെ എല്ലാ പ്രസക്തിയും മനസ്സിലാക്കിയാണ് എൽഡിഎഫ് സ്ഥാനാർഥികളെ തീരുമാനിച്ചത്. ഈ പറഞ്ഞത് നിങ്ങളുടെ രാഷ്ട്രീയ നിലപാടാണ്. ഭാവിയിൽ വരാൻ പോകുന്ന മന്ത്രിയെയല്ല ഞങ്ങൾ ആലോചിക്കുന്നത്. രാജ്യം നിലനിന്നാലല്ലേ അതൊക്കെ ഉണ്ടാകൂ. ഈ ഉത്കണ്ഠയൊക്കെ മുതലക്കണ്ണീരാണെന്ന് ഞങ്ങൾക്കു നല്ലതുപോലെ അറിയാം.

1) സിപിഎം സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞു മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. 2) സിപിഎം ആസ്ഥാനത്ത്  മാധ്യമങ്ങളെ കണ്ട ശേഷം  പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ ചിത്രങ്ങൾ: മനോരമ
1) സിപിഎം സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞു മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. 2) സിപിഎം ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ട ശേഷം പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ ചിത്രങ്ങൾ: മനോരമ

∙ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ നടപ്പിലാക്കുന്നതിനോട് എന്താണ് അഭിപ്രായം? ആ നിയമം നടപ്പിലായാൽ അടുത്ത കേരള സർക്കാരിനു മൂന്നു വർഷമായിരിക്കുമല്ലോ ആയുസ്സ്?

ഞങ്ങൾ അതിശക്തമായി എതിർക്കുന്ന വിഷയമാണ് ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’. കേന്ദ്രീകൃതമായ ജനാധിപത്യത്തിന് എതിരാണ് അത്. നിയമം വരട്ടെ. എന്നിട്ടു നോക്കാം. തിരഞ്ഞെടുപ്പ് തന്നെ ഇനിയുണ്ടാകുമെന്ന് എന്താണ് ഉറപ്പ്? 

English Summary:

CPM State Secretary MV Govindan Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com