ADVERTISEMENT

തൃശൂർ∙ ടിക്കറ്റ് ചോദിച്ചതിനെത്തുടർന്ന് അതിഥി തൊഴിലാളി ട്രെയിനിൽനിന്നു തള്ളിയിട്ടു കൊന്ന കെ.വിനോദ് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞുനിന്ന വ്യക്തിത്വം. പതിന്നാലിൽപരം സിനിമകളിൽ അദ്ദേഹം ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൻ എന്നിവർക്കൊപ്പം സിനിമകളിൽ വേഷമിട്ട വിനോദ് ആഷിഖ് അബുവിന്റെ ഗ്യാങ്സ്റ്ററിലൂടെയാണു വെള്ളിത്തിരയിൽ അരങ്ങേറിയത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഗുണ്ടാസംഘത്തിലെ പ്രധാനിയായാണു വേഷമിട്ടത്. ആഷിക് അബുവിന്റെ സുഹൃത്തും സഹപാഠിയും ആയിരുന്നു വിനോദ്.

ചെറുപ്പം മുതൽ കലാപ്രവർത്തനങ്ങളിൽ സജീവമായിരുന്ന വിനോദിനു സിനിമ എന്നും സ്വപ്നമായിരുന്നെന്നാണ് അടുപ്പമുള്ളവർ പറഞ്ഞത്. വില്ലാളിവീരൻ, മംഗ്ലീഷ്, ഹൗ ഓൾഡ് ആർ യു, അച്ഛാദിൻ, എന്നും എപ്പോഴും, വിശ്വാസം അതല്ലേ എല്ലാം, മിസ്റ്റർ ഫ്രോഡ്, ലൗ 24*7, വിക്രമാദിത്യൻ, പുലിമുരുകൻ, ഒപ്പം തുടങ്ങിയ സിനിമകളിൽ വിനോദ് അഭിനയിച്ചിട്ടുണ്ട്. 

എറണാകുളം – പട്ന എക്സ്പ്രസ് വൈകിട്ട് 6.45ന് തൃശൂർ സ്റ്റേഷൻ വിട്ട് അധികം കഴിയും മുൻപ് മുളങ്കുന്നത്തുകാവ് സ്റ്റേഷനു സമീപത്താണു വിനോദിനെ തള്ളിയിട്ടത്. തൊട്ടടുത്ത ട്രാക്കിലേക്കു വീണ ഇദ്ദേഹത്തിന്റെ ദേഹത്തു കൂടി മറ്റൊരു ട്രെയിൻ കയറിയതിനെത്തുടർന്നാണു മരണം എന്നാണു നിഗമനം. എസ് 11 കോച്ചിൽ ടിക്കറ്റ് പരിശോധനയ്‌ക്കെത്തിയ വിനോദും രജനികാന്തയും തമ്മിൽ തർക്കം ഉണ്ടായി. ടിക്കറ്റ് ഇല്ലാത്ത രജനികാന്തയോടു പാലക്കാട് എത്തുമ്പോൾ ഇറങ്ങണമെന്നു വിനോദ് നിർദേശിച്ചു. ഇതിനുശേഷം ഇദ്ദേഹം വാതിലിനു സമീപമെത്തി വെള്ളം കുടിക്കുമ്പോൾ പ്രതി തള്ളിയിടുകയായിരുന്നുവെന്നാണു മറ്റു യാത്രക്കാർ നൽകുന്ന വിവരം. 

തിരുവനന്തപുരം സ്വദേശിയായ വിനോദ് മഞ്ഞുമ്മൽ പള്ളിക്കു സമീപം പുതിയ വീട്ടിൽ താമസം തുടങ്ങിയത് കഴിഞ്ഞ 27ന് ആണ്. അമ്മ ലളിതയോടൊപ്പമായിരുന്നു താമസം. ഗൃഹപ്രവേശത്തിനു സഹപ്രവർത്തകരെയെല്ലാം ക്ഷണിച്ചിരുന്നു. മുൻപ് ഡീസൽ ലോക്കോ ഷെഡിലാണ് വിനോദ് ജോലി ചെയ്തിരുന്നത്. എസ്ആർഎംയു യൂണിയന്റെ സജീവ പ്രവർത്തകനായ വിനോദ് റെയിൽവേ ജീവനക്കാരനായിരുന്ന പിതാവ് വേണുഗോപാലൻ നായർ 2002ൽ മരിച്ചതോടെയാണു സർവീസിൽ പ്രവേശിക്കുന്നത്. 

English Summary:

TTE Vinod who was killed by migrant labour, played small roles in many Malayalam films

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com