ADVERTISEMENT

ന്യൂഡൽഹി ∙ മദ്യനയ അഴിമതി കേസിൽ കസ്റ്റഡിയിൽ വിട്ടതിനെതിരെയും ഇടക്കാലാശ്വാസം തേടിയും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ‌ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി വിധി പറയാനായി മാറ്റി. നാലു മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് ജസ്റ്റിസ് സ്വർണകാന്ത ശർമ കേസ് വിധി പറയുന്നതിനായി മാറ്റിയത്. കേജ്‌രിവാളിനു വേണ്ടി മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്‌വിയും വിക്രം ചൗധരിയും ഇ.ഡിക്കു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജുവും ഹാജരായി. 

അധിക്ഷേപിക്കാനും അശക്തനാക്കാനുമാണു തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇ.ഡി തിടുക്കത്തിൽ കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതെന്ന് അഭിഷേക് മനു സിങ്‌വി പറഞ്ഞത്. വിചാരണക്കോടതിയിൽ കസ്റ്റഡിയിൽ വിടുന്നതിനെ എതിർക്കാതിരുന്നതിലൂടെ അറസ്റ്റിനെ ചോദ്യം ചെയ്യാനുള്ള കേജ്‌രിവാളിന്റെ അവകാശം നഷ്ടപ്പെട്ടു എന്ന ഇ.ഡിയുടെ വാദം കേട്ടുകേൾവി പോലുമില്ലാത്തതാണെന്നും സിങ്‌വി പറഞ്ഞു.

എന്നാൽ, ഡൽഹി മദ്യനയ രൂപീകരണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നു വ്യക്തമാണെന്നും അഴിമതി നടത്തിയതും അതിന്റെ ഗുണഭോക്താക്കളായതും ആം ആദ്മി പാർട്ടിയാണെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചു. ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ കൂടിയായ കേ‍ജ്‌രിവാളാണ് ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നത്. അതിനാൽ തന്നെ പാർട്ടിയുടെ ചെയ്തികളുടെയെല്ലാം ഉത്തരവാദിത്തവും കേജ്‌രിവാളിനുണ്ട്. ആം ആദ്മി പാർട്ടി നടത്തിയ അഴിമതിയുടെ ഉത്തരവാദിത്തവും കേജ്‌രിവാളിനുണ്ടെന്നും എസ്.വി. രാജു ചൂണ്ടിക്കാട്ടി.

∙ അതിരുകടന്ന ഉപമ

വാദത്തിനിടെ, സൈനിക വാഹനങ്ങൾ തകർത്ത ഒരു ഭീകരൻ തനിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതു കൊണ്ട് അറസ്റ്റ് ചെയ്യരുത് എന്നാവശ്യപ്പെടുന്നതു പോലെയാണിതെന്നാണ് ഇ.ഡി അഭിഭാഷകൻ കേജ്‌രിവാളിന്റെ അറസ്റ്റിനെതിരെയുള്ള ഹർജിയെ ഉപമിച്ചത്. എന്നാൽ, ഇത്തരം ഉപമകൾ തികച്ചും അനുചിതമാണെന്ന് മറുപടി വാദത്തിനിടെ സിങ്‌വി പറഞ്ഞു. ഒരാൾ അയാൾ മുഖ്യമന്ത്രി ആയാൽ പോലും തിരഞ്ഞെടുപ്പു സമയത്തിനിടെ വാഹനം ബോംബുവച്ചു തകർത്താൽ അറസ്റ്റ് ചെയ്യുക തന്നെ വേണം. പക്ഷേ, ഈ കേസിൽ സാഹചര്യം വ്യത്യസ്തമാണെന്നും സിങ്‌വി ചൂണ്ടിക്കാട്ടി.

∙ ലക്ഷ്യം അധിക്ഷേപം

ആം ആദ്മി പാർട്ടിയെ തകർക്കാനുമുള്ള നീക്കം കൂടിയാണിതെന്നു കേജ്‍രിവാളിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കേജ്‌രിവാളിനെ അറസ്റ്റ് ചെയ്ത സമയവും അതാണു വ്യക്തമാക്കുന്നത്. കേസിൽ ചോദ്യം ചെയ്യാൻ ഹാജരാകണം എന്നാവശ്യപ്പെട്ട് ആദ്യം നോട്ടിസ് നൽകിയത് 2023 ഒക്ടോബർ 30നാണ്. ഒൻപതാമത്തെ തവണ നോട്ടിസ് നൽകിയത് കഴി‍ഞ്ഞ മാർച്ച 16നാണ്. ഈ ആറുമാസക്കാലത്തിനിടയ്ക്കൊന്നും തന്നെ അറസ്റ്റ് നടന്നിട്ടില്ല. തെളിവുകളോ സാക്ഷിമൊഴികളോ ഉണ്ടായിട്ടില്ല. അറസ്റ്റ് നടക്കുന്നതിനിടെ വീട്ടിൽ വച്ചും ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയിട്ടില്ല. 

ഇ.ഡിയുടെ നോട്ടിസുകൾ അവഗണിച്ചുവെന്ന ആരോപണം മുൻ‌വിധിയോടു കൂടിയുള്ളതാണ്. യഥാർഥ വിഷയങ്ങളിൽ നിന്നു ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രം മാത്രമാണിതെന്നും സിങ്‌വി പറഞ്ഞു. റിമാൻഡ് അപേക്ഷയിൽ തന്നെ ഇ.ഡി പറയുന്നത് കേസിൽ കേജ്‌രിവാളിന്റെ പങ്ക് കണ്ടെത്തണമെന്നാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ഇതിൽ നിന്നു തന്നെ വ്യക്തമാണെന്നും സിങ്‌വി പറഞ്ഞു.

അതിനിടെ ഹർജിയുടെ പേജ് നമ്പരുകൾ മാറി കൃത്യമായ രൂപത്തിലല്ലാത്ത പകർപ്പാണു തങ്ങൾക്കു ലഭിച്ചതെന്നും അതിൻമേൽ മറുപടി നൽകാൻ കഴിയില്ലെന്നും എഎസ്ജി എസ്.വി. രാജു പറഞ്ഞു. കേസ് വീണ്ടും നീട്ടിക്കൊണ്ടു പോകുന്നതിനുള്ള ശ്രമമാണിതെന്നായിരുന്നു സിങ്‌വിയുടെ മറുപടി. തെറ്റായ പകർപ്പാണു തങ്ങൾക്കു ലഭിച്ചതെന്ന് എസ്എസ്ജി ആവർത്തിച്ചപ്പോൾ നിങ്ങളുടെ ജൂനിയർ തെറ്റായ പകർ‌പ്പ് എടുത്തു തന്നതായിരിക്കുമെന്നു സിങ്‌വി മറുപടി നൽകി. 

കേസിൽ മാപ്പുസാക്ഷികളായവർ ആദ്യം നൽകിയ മൊഴികളിലൊന്നും തന്നെ കേജ്‌രിവാളിനെതിരായ പരാമർശങ്ങളില്ലായിരുന്നു. എന്നാൽ, കേജ്‌രിവാളിനെതിരെ മൊഴി നൽകിയ ഉടൻ ഇവർക്കു ജാമ്യം ലഭിക്കുകയും മാപ്പുസാക്ഷികളായി മാറുകയും ചെയ്തു. ഇവരിൽ രാഘവ് മഗുന്തയുടെ പിതാവ് മഗുന്ത റെ‍ഡ്ഡി ഭരണപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥിയാണ്. ശരത് റെ‍‍ഡ്ഡി തിരഞ്ഞെടുപ്പു ബോണ്ടുകളിലൂടെ ഭരണപക്ഷത്തിനു വലിയ സംഭാവനകൾ നൽകിയതുമാണ്. മാപ്പുസാക്ഷികളിലൊരാൾ 13 തവണ മൊഴി നൽകിയതിൽ 11ലും കേജ്‌രിവാളിന്റെ പേരില്ലായിരുന്നു. അതിൽനിന്നു സമ്മർദവും സ്വാധീനവുമുണ്ടെന്നു വ്യക്തമാണ്. ഇത്രയും കാലത്തിനിടെ കേജ്‌രിവാളിനെതിരെ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നും സിങ്‌വി ചൂണ്ടിക്കാട്ടി.

∙ കേജ്‌രിവാളിനു നേരിട്ടു ബന്ധം

ഡൽഹി മദ്യ നയ അഴിമതിയിൽ കേജ്‌രിവാൾ നേരിട്ടും പരോക്ഷമായും ബന്ധപ്പെട്ടിട്ടുണ്ട്. താനൊരു വിശുദ്ധനാണെന്നാണു കേജ്‌രിവാൾ ഭാവിക്കുന്നത്. എന്നാൽ, എല്ലാക്കാര്യങ്ങളിലും കേജ്‌രിവാൾ വളരെ തന്ത്രപരമായി ഇടപെട്ടിട്ടുണ്ട്. വളരെ കഷ്ടപ്പെട്ടാണ് ഇ.ഡി ഇതിന്റെ തെളിവുകൾ ശേഖരിച്ചതെന്നും എഎസ്ജി എസ്.വി. രാജു പറഞ്ഞു. ഒരു  കൊലപതകക്കേസിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തിയില്ല എന്നതു കൊണ്ടു മാത്രം കൊലപാതകം നടന്നിട്ടില്ല എന്നു സ്ഥാപിക്കാനാകില്ല എന്നാണ് എഎസ്ജി കോടതിയിൽ പറഞ്ഞത്. കുറ്റവാളികൾക്കും വിചാരണ നേരിടുന്നവർക്കും തിരഞ്ഞെടുപ്പ് അടുത്തതിനാൽ തങ്ങളെ അറസ്റ്റ് ചെയ്യരുത് എന്നു വാദിക്കാനാകില്ല. 

കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ 45–ാം വകുപ്പനുസരിച്ച് കേജ്‌രിവാളിന് ഒരു തരത്തിലും ജാമ്യം ലഭിക്കില്ല. ഈ കേസിൽ ഉൾപ്പെട്ട ഒട്ടേറെപ്പേർ കുറ്റം ചെയ്തിട്ടുണ്ടെന്നു വ്യക്തമാണ്. അതു കൊണ്ടു തന്നെ അവർക്കു ജാമ്യം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. പിഎംഎൽ നിയമത്തിന്റെ 19–ാം വകുപ്പനുസരിച്ച് ഇ.ഡിക്ക് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ അധികാരവുമുണ്ട്. അറസ്റ്റിന് ആധാരമായ എല്ലാ കാര്യങ്ങളും സുപ്രീംകോടതി നിർദേശമനുസരിച്ചു കേജ്‌രിവാളിനു വിശദീകരിച്ചു നൽകുകയും ചെയ്തിട്ടുണ്ട്. കാരണങ്ങൾ കേജ്‌രിവാളിന്റെ ഭാര്യ സുനിതയേയും പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. 

റിമാൻഡിൽ വിടുന്നതിനെ കേജ്‌രിവാൾ എതിർത്തില്ല. ജൂഡീഷ്യൽ കസ്റ്റഡിയിൽ വിടുന്നതിനെയും എതിർത്തില്ല. അതു കൊണ്ടു തന്നെ കസ്റ്റഡി നിയമവിരുദ്ധമാണെന്നു പറയാനാകില്ല. തന്നെ റിമാൻഡ് ചെയ്യൂ എന്ന് കേജ്‌രിവാൾ തന്നെ സ്വമേധയാ അഭ്യർഥിക്കുകയാണ്. കേജ്‌രിവാൾ ഇപ്പോൾ എന്താണ് ആവശ്യപ്പെടുന്നതെന്നത് അക്കാദമി പരിശോധനയ്ക്കു വിധേയമാക്കേണ്ട വിഷയമാണെന്നും എഎസ്ജി പറഞ്ഞു. കള്ളപ്പണം വെളുപ്പിച്ചു എന്നതിൽ ഒരു തരത്തിലുള്ള സംശയവുമില്ല. കരിമ്പട്ടികയിലുള്ള കമ്പനികൾക്കും മദ്യ വ്യാപാരത്തിനു ലൈസൻസ് നൽകി. വലിയ അഴിമതി തന്നെ നടന്നിട്ടുണ്ടെന്നു വ്യക്തമാണ്. ഇതിന്റെ പ്രത്യാഘാതം സർക്കാർ ഖജനാവിലുണ്ടാകുകയും ചെയ്തെന്നും എഎസ്ജി ചൂണ്ടിക്കാട്ടി.‌‌

വ്യക്തമായ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ആം ആദ്മി പാർട്ടിക്കെതിരെ എന്തെങ്കിലും നടപടിയെടുത്താൽ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ആക്രമിക്കുന്നേ എന്ന നിലവിളിയുയരും. നടപടിയെടുക്കാതിരുന്നാൽ തെളിവ് എവിടെ എന്നു ചോദ്യം ചെയ്യും.– എഎസ്ജി പറഞ്ഞു.

ഡൽഹി മദ്യനയ അഴിമതിക്കേസിലെ അറസ്റ്റും തുടർച്ചയും

∙ അരവിന്ദ് കേജ്‌രിവാൾ –ജാമ്യഹർജിയിൽ വാദം പൂർത്തിയായി.
∙ മനീഷ് സിസോദിയ – ജയിലിൽ
∙ സഞ്ജയ് സിങ് – ജാമ്യം ലഭിച്ചു
∙ വിജയ് നായർ – ജയിലിൽ
∙ കെ. കവിത – ജയിലിൽ
∙ സമീർ മഹന്ദ്രു – ജയിലിൽ
∙ പി. ശരത് ചന്ദ്ര റെഡ്ഡി – മാപ്പുസാക്ഷിയായി
∙ ബിനോയ് ബാബു– ജാമ്യം ലഭിച്ചു
∙ അഭിഷേക് ബോയിൻപള്ളി – ഇടക്കാല ജാമ്യം ലഭിച്ചു
∙ അമിത് അറോറ – ജൂഡീഷ്യൽ കസ്റ്റഡിയിൽ
∙ ഗൗതം മൽഹോത്ര – ജാമ്യം ലഭിച്ചു
∙ രാജേഷ് ജോഷി – ജാമ്യം ലഭിച്ചു
∙ രാഘവ് മഗുന്ത – മാപ്പുസാക്ഷിയായി
∙ അമൻദീപ് ധൽ – ജുഡീഷ്യൽ കസ്റ്റഡിയിൽ
∙ അരുൺ പിള്ള – ജയിലിൽ
∙ ദിനേഷ് അറോറ – മാപ്പു സാക്ഷിയായി

English Summary:

Arvind Kejriwal Bail Hearing at Delhi Court Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com