ADVERTISEMENT

പട്ന∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ലോക് ജൻശക്തി പാർട്ടി (റാംവിലാസ്)യിൽനിന്ന് 22 നേതാക്കൾ രാജിവച്ചു. ചിരാഗ് പസ്വാൻ പാർട്ടി ടിക്കറ്റ് പണം വാങ്ങി പുറത്തുള്ളവർക്കു വിറ്റു എന്നാണു നേതാക്കൾ ആരോപിക്കുന്നത്. മുൻ മന്ത്രി രേണു കുശ്‍വാഹ, മുൻ എംഎൽഎയും എൽജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ സതീശ് കുമാർ, മന്ത്രി രവീന്ദ്ര സിങ്. അജയ് കുശ്‍വാഹ, സഞ്ജയ് സിങ്, എൽജെപി സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് ധൻഗി എന്നീ പ്രമുഖരും പാർട്ടിവിട്ടവരിൽ ഉൾപ്പെടും. ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയെ പിന്തുണയ്ക്കുമെന്നു ഇവർ പ്രഖ്യാപിച്ചു. ദേശീയ തലത്തിൽ എൻഡിഎ സഖ്യത്തിന്റെ ഭാഗമാണ് എൽജെപി.

‘‘പുറത്തുനിന്നുള്ളവർക്കല്ല പാർട്ടിയിലുള്ളവർക്കാണു മത്സരിക്കാൻ അവസരം നൽകേണ്ടത്. പുറത്തുനിന്നുള്ളർക്കു ടിക്കറ്റ് കൊടുക്കുന്നതിന്റെ അർഥം മത്സരിക്കാൻ യോഗ്യരായവർ പാർട്ടിക്കുള്ളിൽ ഇല്ല എന്നല്ലേ. നിങ്ങൾക്കു വേണ്ടി ജോലിയെടുക്കുന്ന തൊഴിലാളികളാണോ ഞങ്ങൾ? പുറത്തുനിന്നുള്ളവർക്കു മത്സരിക്കാൻ അവസരം നൽകുന്നതോടെ പാർട്ടിയിലെ ഞങ്ങളുടെ വിശ്വസ്തതായാണ് ചോദ്യം ചെയ്യപ്പെടുന്നത്’’– രാജിക്കത്തിൽ മുൻ എംപി രേണു കുശ്‍വാഹ പറഞ്ഞു. 

എൽജെപിയിൽനിന്നു വിട്ടവർ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയെ പിന്തുണയ്ക്കുമെന്നു മുൻ എംഎൽഎയും ദേശീയ ജനറൽ സെക്രട്ടറിയുമായ സതീശ് കുമാർ പറഞ്ഞു. ‘‘ഇത്തരത്തിൽ പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പിനെ രാജ്യം അഭിമുഖീകരിക്കവേ, എൽജെപി പ്രധാന നേതാവ് പുറത്തുനിന്നുള്ളവർക്കു മത്സരിക്കാൻ ടിക്കറ്റ് നൽകി എന്നുള്ളത് പാർട്ടി പ്രവർത്തകരെയെല്ലാം ഞെട്ടിച്ചു. ഒരു പുതിയ ബിഹാറിനെ സ്വപ്നം കണ്ടു രാവും പകലും ചിരാഗ് പാസ്വാനു മുദ്രാവാക്യം വിളിച്ചു നടന്നവരെയാണ് അദ്ദേഹം വഞ്ചിച്ചിരിക്കുന്നത്. ഇനി രാജ്യത്തെ രക്ഷിക്കുന്നതിനായി ഞങ്ങൾ ഇന്ത്യാ മുന്നണിയെ പിന്തുണയ്ക്കും’’– സതീശ് കുമാർ പറഞ്ഞു.

പണത്തിനു വേണ്ടി ചിരാഗ് പസ്വാൻ ടിക്കറ്റ് മറിച്ചു വിറ്റു എന്ന് എൽജെപി സംഘടനാ സെക്രട്ടറി രവീന്ദ്ര സിങ്ങും ആരോപിച്ചു. ബിഹാറിലെ ആകെയുള്ള 40 ലോക്സഭാ മണ്ഡലങ്ങളിൽ അഞ്ചെണ്ണത്തിലാണ് എൽജെപി മത്സരിക്കുന്നത്– വൈശാലി, ഹാജിപുർ, സമസ്തിപുർ, ഖഗാരിയ, ജാമുയി എന്നിവയാണ് അഞ്ച് മണ്ഡലങ്ങൾ. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി, ജെഡിയു, എൽജെപി സഖ്യം 40ൽ 39 സീറ്റുകൾ നേടിയിരുന്നു. 

English Summary:

22 Leaders Quit Chirag Paswan's Party, Say Will Now Back INDIA Bloc

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com