തലപോയ തെങ്ങുകളെ കുറിച്ച് വിലപിച്ചിട്ട് എന്താണ് കാര്യം?: കേന്ദ്രസാഹിത്യ അക്കാദമി വിവാദത്തിൽ സി. രാധാകൃഷ്ണൻ
Mail This Article
മലപ്പുറം∙ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ വിശദീകരണവുമായി പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത മന്ത്രി വളരെ അറിയപ്പെടുന്ന എഴുത്തുകാരനാണെന്ന് അക്കാദമിയുടെ പ്രസിഡന്റും അദ്ദേഹത്തെ ഉദ്ധരിച്ചുകൊണ്ട് സെക്രട്ടറിയും പറയുന്നു. ഒരുവ്യാഴവട്ട കാലത്തിലേറെയായി ഡൽഹിയിൽ പോകാറുള്ള താൻ ഇങ്ങനെയൊരു സാഹിത്യകാരനെ കുറിച്ചും അദ്ദേഹത്തിനു ലഭിച്ച അംഗീകാരത്തെ കുറിച്ചും കേട്ടിട്ടില്ലെന്നും സി. രാധാകൃഷ്ണന്‍ വ്യക്തമാക്കി.
‘‘ഇപ്പോൾ ഇങ്ങനെയൊരു പ്രസ്താവം കണ്ടപ്പോൾ ഞാൻ ഗൂഗിൾ സർച്ച് നടത്തി. വിക്കിപീഡിയയും പരിശോധിച്ചു. അദ്ദേഹത്തിന്റെ എല്ലാ തരം നേട്ടങ്ങളും രണ്ടിലും ഉണ്ട്. പക്ഷേ, ഒരു പുസ്തകം എഴുതിയതായിട്ടോ എഴുതിയ ഒരു പുസ്തകത്തിന്റെ പേരോ അദ്ദേഹത്തിന് കിട്ടിയ ഏതെങ്കിലും അംഗീകാരമോ കാണാനില്ല. സംശയമുണ്ടെങ്കിൽ ആർക്ക് വേണമെങ്കിലും പരിശോധിക്കാമല്ലോ.’’– സി. രാധാകൃഷ്ണൻ പറഞ്ഞു. സാഹിത്യത്തെ കുറിച്ച് അറിവില്ലാത്ത വ്യക്തി എന്നു മാത്രമേ അദ്ദേഹത്തെ പറ്റി പറഞ്ഞിട്ടുള്ളൂ. ഇദ്ദേഹം എഴുത്തുകാരനേ അല്ല എന്ന് പറഞ്ഞിട്ടില്ലെന്നും സി. രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
‘‘രാഷ്ട്രീയ അധികാരികൾ പണ്ടും അക്കാദമിയിൽ മാന്യ അതിഥികളായി വന്നിട്ടുണ്ട് എന്നാണ് മറ്റൊരു വാദം. ജവഹർലാൽ നെഹ്റുവും ഡോക്ടർ രാധാകൃഷ്ണനും അല്ലാതെ ആരും അങ്ങനെ വന്നിട്ടില്ല എന്നാണ് എന്റെ അറിവ്. അവർ ഇരുവരും അന്നേ തന്നെ ഇന്ത്യയിലല്ല ലോകത്തെങ്ങും അറിയപ്പെടുന്ന ഗ്രന്ഥകാരന്മാരായി കഴിഞ്ഞിരുന്നു. അറിയപ്പെടുന്ന കവിയായിരുന്ന വാജ്പേയിയും പണ്ഡിതനും എഴുത്തുകാരനുമായ മുരളി മനോഹർ ജോഷിയും അവിടെ ഒരു ഉദ്ഘാടനത്തിനും വന്നിട്ടില്ല. ജോഷിജി ഇടയ്ക്ക് ഏതോ സെമിനാറിൽ പങ്കെടുത്തതായി ഓർക്കുന്നു. ഒരു മൂഷായിരയ്ക്ക് പോലും വാജ്പേയിജി വന്നിട്ടില്ല. സർവാധികാരിയായി സ്വയം അവരോധിച്ച ഇന്ദിരാഗാന്ധി പോലും ആധിപത്യവുമായി അക്കാദമിയിലേക്ക് വന്നതായി രേഖയില്ല.’’– സി. രാധാകൃഷ്ണൻ പറഞ്ഞു.
കേരളത്തിലേത് ഉൾപ്പെടെയുള്ള മറ്റ് അക്കാദമികളിലെ രാഷ്ട്രീയ തേർവാഴ്ചയെക്കുറിച്ച് എന്താണ് ഒന്നും പറയാത്തത് എന്നത്രേ മറ്റൊരു ചോദ്യം. എന്തു പറയാനാണ്? തലപോയ തെങ്ങുകളെ കുറിച്ച് വിലപിച്ചിട്ട് എന്താണ് കാര്യം? തല ശരിയായുള്ള അവസാനത്തെ തെങ്ങിനും മണ്ടരി ബാധിക്കുമ്പോൾ അല്ലേ വല്ലതും ചെയ്യേണ്ടതും പറയേണ്ടതും?സി.രാധാകൃഷ്ണൻ ചോദിച്ചു.